ഇളയ സഹോദരനെ ബിജെപിയിലെത്തിച്ച് സുവേന്ദു; പിതാവ് ഇപ്പോഴും തൃണമൂലിൽ
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ സുവേന്ദു അധികാരിക്കു പിന്നാലെ സഹോദരൻ സൗമേന്ദു അധികാരിയും തൃണമൂൽവിട്ട് ബിജെപിയിൽ ചേക്കേറി. ഈസ്റ്റ് മിഡ്നാപുർ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റി ചെയർപഴ്സണായിരുന്നു സൗമേന്ദു. ഇദ്ദേഹത്തെ കഴിഞ്ഞയാഴ്ച തൃണമൂൽ തൽസ്ഥാനത്തുനിന്നു നീക്കിയിരുന്നു.
സൗമേന്ദുവിനൊപ്പം ഒരു ഡസനോളം തൃണമൂൽ കൗൺസിലർമാരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. സുവേന്ദുവിന്റെ ഏറ്റവും ഇളയ അനിയനാണ് സൗമേന്ദു. അതേസമയം, പിതാവ് ശിശിറും മറ്റൊരു സഹോദരൻ ദിബ്യേന്ദുവും ഇപ്പോഴും തൃണമൂൽ എംപിമാരാണ്. സ്വന്തം വീട്ടിൽപ്പോലും താമര വിടർത്താൻ കഴിയാത്ത ആളാണ് ബംഗാളിൽ അതു ചെയ്യാൻ പോകുന്നതെന്ന് ശനിയാഴ്ച മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി സുവേന്ദുവിനെ പരിഹസിച്ചിരുന്നു.
എന്നാൽ താമര തന്റെ വീട്ടിൽ മാത്രമല്ല, കൊൽക്കത്തയിലെ ഹരീഷ് മുഖർജി, ഹരീഷ് ചാറ്റർജി തെരുവുകളിലും വിരിയുമെന്നു സുവേന്ദു തിരിച്ചടിച്ചിരുന്നു. ഹരീഷ് മുഖർജി റോഡിലാണ് അഭിഷേക് താമസിക്കുന്നത്. മമത ബാനർജി ഹരീഷ് ചാറ്റർജി തെരുവിലും. ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ നടത്തിയ ദ്വിദിന സന്ദർശനത്തിലാണു സുവേന്ദു ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നത്.
English Summary: After Suvendu Adhikari, His Brother Quits Trinamool And Joins BJP