ADVERTISEMENT

തിരുവനന്തപുരം ∙ പത്തുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കുശേഷം സ്കൂളുകൾ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇന്നു മുതൽ ക്ലാസുകൾ തുടങ്ങിയത്. വിദ്യാർഥികളുടെ ശരീരതാപനില അടക്കമുള്ളവ പരിശോധിച്ചാണ് ഇവരെ സ്കൂളുകളിൽ പ്രവേശിപ്പിച്ചത്.

കോളജുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. 5500ലേറെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ 10 ലക്ഷത്തിലേറെ വിദ്യാർഥികൾ ഇന്നുമുതൽ വീണ്ടും നേരിട്ടുള്ള പഠനത്തിലേക്കു കടക്കുന്നത്. റസിഡൻഷ്യൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ‌ തീരുമാനമായിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ചില സ്കൂളുകൾ തുറക്കുന്നതു തിങ്കളാഴ്ചയിലേക്കു മാറ്റിയിട്ടുണ്ട്. 

classes-start
ഹാജർ ടീച്ചർ! കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടുള്ള അധ്യയനത്തിന് സ്കൂളുകളിൽ വിദ്യാർഥികൾ എത്തിയപ്പോൾ. തിരുവനന്തപുരം ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ ഹൈസ്കൂളിൽ നിന്നുള്ള ദൃശ്യം.

കോവിഡ് വ്യാപനഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലുകളിലൂടെ മഹാമാരിയെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. ആദ്യദിവസം പഠനത്തിനു പകരം കുട്ടികൾക്ക് ആത്മവിശ്വാസം പകരുകയും ബാക്കിയുള്ള പഠനം, റിവിഷൻ, പരീക്ഷ എന്നിവയെക്കുറിച്ചു മാർഗനിർദേശം നൽകുകയും ചെയ്യണമെന്നാണു നിർദേശം. ജനുവരിയിൽ ക്ലാസും ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കി മാർച്ച് 17 മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷ നടത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസവകുപ്പ്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും.

സ്കൂളിൽ അകലമാണ് ഇനി അടുപ്പം

School Reopening
കോട്ടയം എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ വിദ്യാർഥിയുടെ ശരീര ഊഷ്മാവ് അധ്യാപകൻ പരിശോധിക്കുന്നു. ചിത്രം: ഹരിലാൽ ∙മനോരമ

∙ അധ്യാപകരും കുട്ടികളും മറ്റു ജീവനക്കാരും മുഴുവൻ സമയവും മാസ്ക് ധരിക്കണം.

∙ യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

∙ അകലം കർശനമായി പാലിക്കണം. ക്ലാസ് മുറിക്കു പുറത്തോ സ്‌കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത്.

∙ കൈകൊണ്ടു മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.

∙ ക്ലാസ് മുറികളിലെ ജനലുകളും വാതിലുകളും തുറന്നിടുക.

∙ പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ കൈമാറരുത്.

∙ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

School Repoening
ക്ലാസിൽ കയറുന്നതിന് മുൻപായി വിദ്യാർഥിനി കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നു. കോട്ടയം എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച. ചിത്രം: ഹരിലാൽ ∙മനോരമ

∙ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും പങ്കുവയ്ക്കരുത്.

∙ ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.

∙ പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ കുട്ടികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ സ്കൂളിൽ എത്തരുത്.

∙ തിരികെ വീട്ടിലെത്തിയ ശേഷം, ഉപയോഗിച്ച മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെ സോപ്പ് ഉപയോഗിച്ച് കഴുകി, കുളിച്ചു വൃത്തിയായതിനു ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

∙ സംശയങ്ങളുണ്ടെങ്കിൽ ദിശ ഹെൽപ് ലൈൻ: 1056, 0471 2552056

English Summary: Covid 19 - Schools reopens in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com