ADVERTISEMENT

വാഷിങ്ടന്‍∙ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുനുള്ള സാധ്യതയെ ചൊല്ലി അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ക്കിടയില്‍ ഭിന്നത. ആക്രമണത്തെക്കുറിച്ച് ഏതെങ്കിലും തരത്തില്‍ ഇറാന്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നു പിന്തിരിപ്പിക്കാനായി അമേരിക്ക ആണവശേഷിയുള്ള ബി-52 ബോംബര്‍ വിമാനങ്ങള്‍ ഗള്‍ഫ് മേഖലയിലേക്ക് ബുധനാഴ്ച പറത്തിയിരുന്നു.

ഇറാനിലെ കരുത്തുറ്റ നേതാവായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയെ ട്രംപ് ഭരണകൂടം വധിച്ചതിന്റെ വാര്‍ഷികമായ ജനുവരി മൂന്നിന് ഇറാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണു പെന്റഗണ്‍. ഇതിനെതിരെ മുന്നറിയിപ്പെന്ന നിലയിലാണ് ഗള്‍ഫ് മേഖലയിലേക്ക് പോര്‍വിമാനങ്ങള്‍ അയച്ചത്.

ഇറാന്‍ ഭരണകൂടവും അവരുമായി ബന്ധപ്പെട്ട ഭീകരഗ്രൂപ്പകളും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇറാഖിലേക്ക് ഹൃസ്വദൂര മിസൈലുകള്‍ ഇറാന്‍ എത്തിക്കുന്നതായും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് മേഖലയില്‍ സൈനികവിന്യാസം ശക്തിപ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. 

FILES-IRAN-NUCLEAR-ATTACK-US-MILITARY

അധികാരത്തിന്റെ അവസാന നാളുകളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടിക്കു മുതിരുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്. അമേരിക്ക ആക്രമണത്തിനു കോപ്പ് കൂട്ടുകയാണെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ഷരീഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

കോവിഡിനെതിരെ പോരാടേണ്ടതിനു പകരം ബി-52 ബോംബറുകള്‍ പറത്തി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നതെന്ന് ഷരീഫ് ട്വീറ്റ് ചെയ്തു. പുതുവര്‍ഷത്തില്‍ അമേരിക്കക്കാര്‍ക്കു മുഴുവന്‍ ദുഃഖാചരണത്തിന് ഇടയുണ്ടാക്കരുതെന്ന് സൈനിക ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ഹൊസൈന്‍ ദെഗാന്‍ ട്രംപിന് ട്വീറ്റ് ചെയ്തിരുന്നു. ഡിസംബര്‍ 21ന് ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ ഇറാനില്‍നിന്നു മിസൈല്‍ ആക്രമണം ഉണ്ടായെന്ന് ട്രംപ് ട്വീറ്റ് ചെയ്തതോടെ ഏതു നിമിഷവും തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക പടര്‍ന്നു.

ഒരു അമേരിക്കക്കാരനെങ്കിലും മരിച്ചാല്‍ ഇറാന്‍ ഉത്തരവാദിത്തം പറയേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയിലേക്ക് ആണവപോര്‍വിമാനങ്ങള്‍ പറന്നത്. ഡിസംബര്‍ 21-ന് ആണവശേഷിയുള്ള അന്തര്‍വാഹിനി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അമേരിക്ക അയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസി സുലൈമാനി മരിച്ചത്. തുടര്‍ന്ന് മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. 

English Summary: US defense officials divided over potential for Iranian attack on eve of grim anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com