ADVERTISEMENT

മുംബൈ∙ 4,300 കോടി രൂപയുടെ പിഎംസി ബാങ്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യക്കെതിരെ കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റാവുത്തിന്റെ ഭാര്യയുമായി പണമിടപാടു നടത്തിയ മാഥുരി റാവുത്ത് എന്ന സ്ത്രീയുടെ ഭര്‍ത്താവ് പ്രവീണ്‍ റാവുത്തിന്റെ 72 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് 72 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതെന്ന് ഇഡി പറഞ്ഞു. 

പിഎംസി ബാങ്കില്‍നിന്ന് വായ്പാ ഇനത്തില്‍ പ്രവീണ്‍ റാവുത്ത് 95 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ഇതില്‍നിന്ന് 1.6 കോടി രൂപ ഭാര്യയായ മാഥുരിക്കു നല്‍കിയെന്നുമാണ് ഇഡി വ്യക്തമാക്കിയത്. മാഥുരി റാവുത്ത് പിന്നീട് 55 ലക്ഷം രൂപ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷയുടെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും ഇഡി പറയുന്നു. പലിശരഹിത വായ്പയെന്ന പേരിലാണു പണം നല്‍കിയിരിക്കുന്നത്. 

വര്‍ഷാ റാവുത്തിന് കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്യല്‍ നോട്ടിസ് അയച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന അധികാര വടംവലിയുടെ ഭാഗമാണ് സഞ്ജയ് റാവുത്തിന്റെ ഭാര്യക്കെതിരായ ഇഡി നീക്കത്തിനു പിന്നിലെന്നു വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. മൂന്നു തവണ നോട്ടിസ് ലഭിച്ചിട്ടും പോകാതിരുന്ന വര്‍ഷ ജനുവരി അഞ്ചിന് ഹാജരാകുമെന്നാണു സൂചന.

ഭാര്യയുടെ ഭാഗത്തുനിന്ന് ഒരു നിയമലംഘനവും ഉണ്ടായിട്ടില്ലെന്നു സഞ്ജയ് റാവുത്ത് പ്രതികരിച്ചു. 55 ലക്ഷം രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡിക്കു വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടു വയ്ക്കുന്നതിനു വേണ്ടി ഒരു സുഹൃത്തിനോട് അധ്യാപികയായ ഭാര്യ കടം വാങ്ങിയിരുന്നുവെന്നും ഇക്കാര്യങ്ങള്‍ ആദായനികുതി വകുപ്പിനെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെന്നും റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി ഇതരസര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍കൈ എടുത്തതിനു തന്നോടു വിരോധം തീര്‍ക്കാനുള്ള ശ്രമമാണെന്നും വീട്ടിലെ സ്ത്രീകളെ വലിച്ചിഴയ്ക്കുന്നതു ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. 

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനു (എച്ച്ഡിഐഎല്‍) വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ മറച്ചുവയ്ക്കാന്‍ പിഎംസി ബാങ്കില്‍ 21,000 വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എച്ച്ഡിഐഎല്‍ എടുത്ത 6,500 കോടി രൂപയുടെ വായ്പകളില്‍ തിരിച്ചടവു മുടങ്ങിയതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. മൊത്തം വായ്പകളില്‍ 73 ശതമാനവും അവര്‍ക്കായിരുന്നു. എച്ച്ഡിഐഎല്ലിന്റെ 3,500 കോടി രൂപയുടെ ആസ്തി സാമ്പത്തിക കുറ്റകൃത്യവിഭാഗം മരവിപ്പിച്ചിരുന്നു.

ബാങ്ക് ചെയര്‍മാന്‍ വാര്യം സിങ്, മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ്, എച്ച്ഡിഐഎല്‍ ഡയറക്ടര്‍മാരായ രാകേഷ് വധ്വാന്‍, മകന്‍ സാരംഗ് വധ്വാന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ മുംൈബ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. എച്ച്ഡിഐഎല്ലിന്റെ ഉപസ്ഥാപനമാണ് ഗുരുവാശിശ് കണ്‍സ്ട്രക്ഷന്‍സ്. ഇതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ പ്രവീണ്‍ റാവുത്തും വര്‍ഷ റാവുത്തും തമ്മിലുള്ള പണമിടപാടാണ് ഇഡി അന്വേഷിക്കുന്നത്.

English Summary: PMC Bank Money Laundering Case: ED Trails 55-Lakhs To Sanjay Raut's Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com