ADVERTISEMENT

കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നാണു ലീഗിന്റെ അവകാശവാദം. ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന 27 പഞ്ചായത്തുകളിൽ 17 എണ്ണവും ലീഗിന്റേതാണ്. 17 ഇടത്തും ലീഗിന്റെ പ്രസിഡന്റിനാണു ഭരണസാരഥ്യം.

യുഡിഎഫിന്റെ 4 മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിലും ലീഗാണു ഭരണം. പയ്യോളി നഗരസഭയിൽ വൈസ് പ്രസിഡന്റും ലീഗ് തന്നെ. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേതാണെങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം ആദ്യ വർഷങ്ങളിൽ ഭരണനേതൃത്വം കോൺഗ്രസിനു കൈമാറി.

ജില്ലയിൽ ഇപ്പോൾ മത്സരിക്കുന്ന 5 സീറ്റിന് പുറമെ 2 എണ്ണം അധികം ചോദിക്കാനാണ് ലീഗ് നീക്കം. എൽജെഡിയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും മുന്നണി വിട്ടതോടെ ഒഴിവ് വന്ന പേരാമ്പ്ര, വടകര, എലത്തൂർ എന്നീ മണ്ഡലങ്ങളാണു നോട്ടം. വടകരയിൽ ആർഎംപി നേതാവ് കെ.കെ.രമയെ സ്വതന്ത്രയായി മത്സരിപ്പിക്കണമെന്നും ആവശ്യപ്പെടും. നിലവിൽ മത്സരിക്കുന്ന ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം വച്ചുമാറും.

തിരുവമ്പാടി മണ്ഡലം കോൺഗ്രസിനു നൽകി പകരം കൽപറ്റയിൽ മത്സരിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരുവമ്പാടിയും കൊടുവള്ളിയും തിരിച്ചുപിടിക്കാനുള്ള നീക്കവും തുടങ്ങി. കോഴിക്കോട് സൗത്ത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ എം.കെ.മുനീറിന് മലപ്പുറത്തെ സുരക്ഷിത മണ്ഡലം നൽകും. എം.എ.റസാഖിന് ഒരിക്കൽ കൂടി അവസരം നൽകണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് റസാഖ് തോറ്റത്.

English Summary: Assembly Election: Muslim League likely to ask more seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com