ഏവരെയും അറിയിച്ചു; വരേണ്ട, പ്രാർഥന മതി; ആഡംബരം ഇല്ലാതെ മന്ത്രിപുത്രന് മാംഗല്യം

12-00-mithun-biji
ഇന്ന് വിവാഹിതരായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മകൻ മിഥുനും ബിജി ബാലയും. ചിത്രം. സമീർ എ. ഹമീദ്
SHARE

കണ്ണൂർ ∙ എത്രയും ലളിതമാക്കാമോ അത്രയുമാകാമെന്ന് അച്ഛൻ പറഞ്ഞപ്പോൾ മകൻ സമ്മതം മൂളി; അങ്ങനെ ആഡംബരങ്ങളേതുമില്ലാതെ മന്ത്രിപുത്രൻ വിവാഹിതനായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മകനും  ‘അവിയൽ’ ഓർക്കസ്ട്രയിലെ ഡ്രമ്മറുമായ മിഥുന്റെ വിവാഹമാണ് അതീവ ലളിതമായി നടന്നത്. രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും ടി.എം.സാവിത്രിയുടെയും ഏക മകനാണു മിഥുൻ. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാലനാണു വധു.

മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും വിവിധ പാർട്ടികളുടെ സംസ്ഥാന, ജില്ലാ നേതാക്കളെയുമെല്ലാം മന്ത്രി കല്യാണവിവരം അറിയിച്ചിരുന്നു. എന്നാൽ, എല്ലാവരോടും ഒരഭ്യർഥന നടത്തി- പ്രാർഥനയും ആശംസയും മാത്രം മതി, സന്ദർശനം വേണ്ട! കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഒരു തരത്തിലും ഉണ്ടാകരുതെന്ന നിർബന്ധമായിരുന്നു ഒരു കാരണം. രണ്ടാമത്തേത്, ഏറ്റവും ലളിതമായി വിവാഹച്ചടങ്ങ് നടക്കണമെന്ന ആഗ്രഹവും. വേഷത്തിൽ മാത്രമല്ല, പ്രവൃത്തിയിലും ലാളിത്യമുണ്ടെന്നു കടന്നപ്പള്ളി തെളിയിച്ചു.

1200-kadannappally-ramachandran-son-marriage
ചിത്രം. സമീർ എ. ഹമീദ്

തിരുവനന്തപുരത്തെ ‘അവിയൽ’ ഓർക്കസ്ട്രയിലെ ഡ്രമ്മറായ മിഥുൻ അറിയപ്പെട്ടതൊന്നും അച്ഛന്റെ പേരിലല്ല. സംഗീതജ്ഞൻ എന്ന നിലയ്ക്കു മാത്രം. ഒരു വിഐപി പോലും പങ്കെടുക്കാതെയാണു വിവാഹച്ചടങ്ങ് നടന്നത്. കടന്നപ്പള്ളി കല്യാണം വിളിച്ചാൽ കണ്ണൂരുകാർ ഒന്നടങ്കം വേണമെങ്കിൽ എത്തും. പാർട്ടി വ്യത്യാസമില്ലാതെ സൗഹൃദം സൂക്ഷിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നയാളാണ്. പറഞ്ഞു കേട്ടാൽപോലും ചിലപ്പോൾ അതുവഴി കയറിയെന്നു വരും.

അതുകൊണ്ടാണ് ആളുംബഹളവും ഒഴിവാക്കാൻ കണ്ണൂർ കിഴുന്നയിലെ കടലോരത്തുള്ള റിസോർട്ടിലെ ഓപ്പൺ സ്റ്റേജിൽ വിവാഹച്ചടങ്ങ് നടത്തിയത്. നിലവിളക്കും തെങ്ങിൻപൂക്കുലയും കുറച്ചു പൂക്കളും മാത്രമായിരുന്നു വേദിയിലെ അലങ്കാരം. പരമാവധി 100 പേർ മാത്രം. അഞ്ചോ ആറോ പേരെ ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാവരും ബന്ധുക്കൾ. എപ്പോഴും കാണുന്ന വേഷത്തിൽ അച്ഛന്റെ റോളിൽ മന്ത്രി വേദിയിലും ക്ഷണിക്കപ്പെട്ടവർക്കിടയിലുമായി ഓടിനടന്നു. വധൂവരൻമാർ ഒഴികെ, മന്ത്രിയടക്കം എല്ലാവരുടെയും മുഖത്ത് മാസ്ക്. വന്നവർക്കെല്ലാം ഇലയിട്ട് ഒരു സാദാ വെജിറ്റേറിയൻ സദ്യ.

1200-mithun-marriage
ചിത്രം. സമീർ എ. ഹമീദ്

മകന്റെ വിവാഹം നടന്നു കാണാനുള്ള ഏറെക്കാലത്തെ ആഗ്രഹവും പ്രാർഥനയുമാണു യാഥാർഥ്യമായതെന്നു മന്ത്രി പറഞ്ഞു. മിഥുന് 35 വയസ്സ് കഴിഞ്ഞു. കാത്തിരിപ്പിനൊടുവിൽ മകനെ നന്നായി മനസ്സിലാക്കുന്ന ഒരാളെത്തന്നെ കിട്ടിയെന്ന സന്തോഷവുമുണ്ട് മന്ത്രിക്ക്. മിഥുനെപ്പോലെ ബിജിയും കലാകാരിയാണ്. ഭരതനാട്യത്തിൽ രണ്ടാം റാങ്കോടെയാണു കണ്ണൂർ സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങിയത്. ഇരുവരും ഇഷ്ടം അവതരിപ്പിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ മന്ത്രി സമ്മതം മൂളുകയായിരുന്നു.

English Summary : Kadannappally Ramachandran's son Mithun got married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA