ADVERTISEMENT

കണ്ണൂർ∙ കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യാൻ കടന്നപ്പള്ളി രാമചന്ദ്രന് അവകാശമുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. പരുഷമായ ഭാഷയിൽ മറുപടി പറയുന്നില്ല. സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടതു കടന്നപ്പള്ളിയാണ്. എൻസിപിയുടെ മുന്നണി മാറ്റവുമായി ഉയർന്നുവന്ന വാർത്തകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇടതുമുന്നണിയിലും പ്രശ്നങ്ങൾ ഉണ്ടെന്നു വരുത്തി തീർക്കാനാണ് ശ്രമമെന്നും എ.കെ. ശശീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.

പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന നേതൃയോഗം വിളിക്കണമെന്ന കടുത്ത നിലപാടിലാണ് മന്ത്രി‍. ഭാവി രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ കാണും. നാളെ ഡല്‍ഹിയില്‍ പ്രഫുല്‍ പട്ടേലിനെ കാണുന്ന ശശീന്ദ്രന്‍ മറ്റന്നാള്‍ മുബൈയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും.

എന്‍സിപി ഇടതുമുന്നണി വിടാനുള്ള നേതൃത്വത്തിന്റെ നീക്കത്തിലുള്ള വിയോജിപ്പു കേന്ദ്രനേതൃത്വത്തെ നേരിട്ടറിയിക്കാനാണു ശശീന്ദ്രന്‍ ഡല്‍ഹിക്കും അവിടെനിന്ന് മുബൈക്കും പോകുന്നത്. താന്‍ എല്‍ഡിഎഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ നിലപാടുകള്‍‍ക്ക് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുമാണു ശശീന്ദ്രന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്നിലേറെ തവണ പവാറിനെ കണ്ട മാണി സി. കാപ്പന്‍ സംസ്ഥാന രാഷ്ട്രീയത്തിലെ സാഹചര്യം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

മാണി സി. കാപ്പന്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതു മന്ത്രിയെന്ന നിലയില്‍ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ശശീന്ദ്രന്റെ പരാതി.  സംസ്ഥാന നേതൃയോഗം വിളിച്ചു നിലപാടു വ്യക്തമാക്കണമെന്നു ശശീന്ദ്രന്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് എസുമായി ശശീന്ദ്രന്‍ ആശയവിനിയമം നടത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. രഹസ്യചര്‍ച്ച നിഷേധിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി തയാറാകാതിരുന്നതും ശശീന്ദ്രനെ വെട്ടിലാക്കി. എന്നാല്‍  കോണ്‍ഗ്രസ് എസ് മാതൃസംഘടനയാണെന്നും തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നില്ലെങ്കില്‍ മറ്റുവഴിയില്ലെന്നുമാണ് ശശീന്ദ്രന്റെ നിലപാട്. 

ആലപ്പുഴ ഉള്‍പ്പടെ പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍ തനിക്കൊപ്പമെന്ന് ശശീന്ദ്രന്‍ അവകാശപ്പെടുന്നു. കഷ്ടപ്പെട്ട ജയിച്ച് പാലാ സീറ്റ് തോല്‍പ്പിച്ചവര്‍ക്ക് കൊടുക്കാന്‍ പറയുന്നത് ധാര്‍മികതയല്ലെന്ന് ഇടതുമുന്നണി നേതൃത്വത്തെ മാണി സി. കാപ്പനും അറിയിച്ചിട്ടുണ്ട്. സീറ്റു ചര്‍ച്ചകള്‍ ആയിട്ടില്ലെന്ന് പറയുന്ന സിപിഎം പക്ഷേ എന്‍സിപി ഉയര്‍ത്തുന്ന ആശങ്ക പരിഹരിക്കാനും തയാറാവുന്നില്ല. എന്‍സിപി പോയാല്‍ പോകട്ടേ എന്ന സമീപനത്തിലാണ് സിപിഎമ്മിന്റെ കോട്ടയം ജില്ലാകമ്മിറ്റിയും. ശശീന്ദ്രന്റെ മുബൈ സന്ദര്‍ശനത്തോടെ എന്‍സിപിയുടെ രാഷ്ട്രീയ നീക്കത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

English Summary : AK Saseendran on Kadannapaplli Ramachandran's remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com