ADVERTISEMENT

യുറേനിയം സമ്പുഷ്ടീകരണം 20% ആക്കിയെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ. ആണവ മേഖലയിലെ പ്രവർത്തനങ്ങൾ യുദ്ധാവശ്യത്തിനല്ലെന്നും സിവിലിയൻ കാര്യങ്ങള്‍ക്കാണെന്നും ഇറാൻ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ആശങ്കയുടെ കാർമേഘം അകലുന്നില്ല.

2015 ൽ ഇറാനും മറ്റു ലോക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി യുഎസ് പിന്മാറുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കരാർതന്നെ ഇപ്പോൾ തുരുമ്പിച്ച അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിലാണ് യുറേനിയം സമ്പുഷ്ടീകരണം 20% ആക്കിയെന്ന് ഇറാൻ സർക്കാർ വക്താവ് അലി റെബൈയി സ്ഥിരീകരിച്ചത്.

15 വർഷം മുൻപ് യുറേനിയം സമ്പുഷ്ടീകരണം നിരോധിച്ച ഫോർഡോ ഭൂഗർഭ ആണവ നിലയത്തിലാണ് പുതുതായി യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചത്. ഇറാന്റെ നീക്കത്തെ എതിർത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഡോണൾഡ് ട്രംപ് ഈ മാസം 20 ന് മാറാനിരിക്കെയാണ് ഇറാനിലെ തിരക്കിട്ട നീക്കങ്ങൾ. 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്താൻ 2030 വരെ ഇറാന് വിലക്കുണ്ടായിരുന്നു. എന്നാൽ കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിൻമാറിയതോടെയാണ് ഇറാൻ സമ്പുഷ്ടീകരണം പുനരാരംഭിച്ചത്.

മൂന്നു മാസം മുതൽ പരമാവധി ഒരു വർഷത്തിനകം അണ്വായുധങ്ങൾ നിർമിക്കാനുള്ള ഘടകങ്ങൾ സജ്ജീകരിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ് ചില വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. അണ്വായുധം നിർമിക്കുന്നതിലേക്കു വഴിവയ്ക്കുന്ന തരത്തിൽ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ ഇറാന്റെ പാർലമെന്റ് (മജ്‌ലിസ്) ഡിസംബറിൽ അനുമതി നൽകിയിരുന്നു.

കരാറിൽനിന്ന് ഇറാൻ മാറിയത്

2015 ലെ കരാറിലെ പല നിയന്ത്രണങ്ങളും ഇറാൻ ലംഘിച്ചെങ്കിലും രാജ്യാന്തര ആണവോർജ ഏജൻസിയുമായി (ഐഎഇഎ) ഇപ്പോഴും അവർ സഹകരിക്കുന്നുണ്ട്. ഐഎഇഎയുടെ നിരീക്ഷകരെ പ്ലാന്റിലേക്ക് പരിശോധനയ്ക്കായി അവർ കടത്തിവിടുന്നുമുണ്ട്.

കരാർ അനുസരിച്ച് ഇറാന് 202.8 കിലോ സമ്പുഷ്ടീകരിച്ച യുറേനിയം മാത്രമേ ശേഖരിച്ചു വയ്ക്കാനാകുകയുള്ളൂ. കരാറിനു മുൻപ് എട്ടിൽ അധികം മാത്രം ടൺ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഈ നിയന്ത്രണം 2019ൽ ഇറാൻ ലംഘിച്ചതായി കണ്ടെത്തി. നവംബറിലെ ഐഎഇഎ റിപ്പോർട്ട് അനുസരിച്ച് 2442.9 കിലോ സമ്പുഷ്ടീകരിച്ച യുറേനിയം ആണ് ഇറാന്റെ കൈവശം ഉള്ളത്.

യുറേനിയം സമ്പുഷ്ടീകരണം 3.67% മാത്രമാക്കി നിർത്തണമെന്നായിരുന്നു കരാറിലെ പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന്. സാധാരണ ഗതിയിൽ സമ്പുഷ്ടീകരണം 90% എങ്കിലുമായാലേ ആയുധ നിർമാണത്തിനു പരിഗണിക്കാൻ പറ്റുകയുള്ളൂ. എന്നാൽ സിവിലിയൻ ആവശ്യത്തിന് വേണ്ടുന്ന പരിധിക്കുമുകളിലാണ് 20% എന്നത്. 2019 ജൂലൈയിൽ തന്നെ ഇറാൻ ഈ ധാരണ ലംഘിച്ചു. പിന്നീട് 4.5% ആണ് സമ്പുഷ്ടീകരണം എന്നാണ് റിപ്പോർട്ട്.

മൂന്നരമാസം കൊണ്ട് അണ്വായുധം?

ആവശ്യത്തിന് അണുഭേദന ഘടകങ്ങൾ സജ്ജമായിക്കഴിഞ്ഞാൽ കേവലം മൂന്നര മാസങ്ങൾ കൊണ്ട് ഇറാൻ അണ്വായുധം ഉണ്ടാക്കിയേക്കുമെന്നാണ് യുഎൻ മുൻ ആയുധ പരിശോധകൻ ഡേവിഡ് അൽബ്രൈറ്റ് അഭിപ്രായപ്പെടുന്നത്. ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാൻ ശേഷിയുള്ള അണ്വായുധമായിരിക്കും ഇറാൻ ആദ്യം നിർമിക്കുകയെന്നും ഈ നീക്കത്തിനാണ് ആവശ്യമായ സാമഗ്രികൾ ശേഖരിച്ചുവയ്ക്കാൻ ഇറാൻ ശ്രമിക്കുന്നതെന്നും നിരീക്ഷകർ പറയുന്നു.

ബറാക് ഒബാമയുടെ കാലത്ത് ഒപ്പിട്ട കരാറിൽനിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയെങ്കിലും കരാർ മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടിലായിരുന്നു യൂറോപ്യൻ രാജ്യങ്ങൾ. മാത്രമല്ല, ഒബാമയുടെ കീഴിലെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡൻ അധികാരത്തിൽ കയറുമ്പോൾ കരാറിനു പുതുജീവൻ കൈവന്നേക്കുമെന്നും അവർ പ്രത്യാശിക്കുന്നു. ഇതിലേക്കുള്ള സൂചന ജോ ബൈഡൻ നൽകുകയും ചെയ്തു. എന്നാൽ ഇറാന്റെ ഇപ്പോഴത്തെ നീക്കങ്ങൾക്കു പിന്നിലെന്തെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

English Summary: Iran to increase uranium enrichment to 20%, what it means?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com