ADVERTISEMENT

ഇസ്‍ലാമാബാദ് ∙ ഖൈബർ പഖ്തൂൺഖ്വയിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തീയിട്ടു നശിപ്പിച്ചതു പാക്കിസ്ഥാനു രാജ്യാന്തര നാണക്കേട് ഉണ്ടാക്കിയതായി സുപ്രീംകോടതി. സംഭവത്തിനു ദിവസങ്ങൾക്കുശേഷം കേസ് പരിഗണിച്ച കോടതി, ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന് ഉത്തരവിട്ടതായും ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു.

കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ നൂറിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണു ഡിസംബർ 30ന് തകർക്കപ്പെട്ടത്. ഹിന്ദു ആചാര്യന്റെ സമാധിയും ഇവിടെയുണ്ടായിരുന്നു. ക്ഷേത്രം പുനരുദ്ധരിക്കാൻ പ്രാദേശിക സർക്കാർ അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. പ്രാദേശിക അധികാരികളോടു ഹാജരാകാൻ പറഞ്ഞ സുപ്രീംകോടതി, ഇവാക്യൂ പ്രോപ്പർട്ടി ട്രസ്റ്റ് ബോർഡിന് (ഇപിടിബി) ക്ഷേത്രത്തിന്റെ പുനർനിർമാണം ആരംഭിക്കാൻ അനുമതി നൽകി.

വിഭജനത്തിനുശേഷം ഇന്ത്യയിലേക്കു പോയ ഹിന്ദുക്കളും സിഖുകാരും ഉപേക്ഷിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പാക്കിസ്ഥാൻ സർക്കാരിന്റെ ബോർഡാണ് ഇപിടിബി. സംഭവം പാക്കിസ്ഥാനു രാജ്യാന്തര തലത്തിൽ വൻ നാണക്കേടുണ്ടാക്കിയെന്നു ചീഫ് ജസ്റ്റിസ് (സിജെപി) ഗുൽസാർ അഹമ്മദ് ചൂണ്ടിക്കാട്ടി. രാജ്യത്തു പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ക്ഷേത്രങ്ങളുടെയും ഗുരുദ്വാരകളുടെയും  വിശദാംശങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു. 

പ്രധാന ഗൂഢാലോചനക്കാരനിൽനിന്നു പുനർനിർമാണച്ചെലവ് ഈടാക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഇപിടിബിക്കു നിർദേശവും നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് 109 പേരെ അറസ്റ്റ് ചെയ്തു. സംഭവസമയത്തു ജോലിയിലുണ്ട‌ായിരുന്ന 92 പൊലീസ് ഉദ്യോഗസ്ഥർ, എസ്പി, ഡിഎസ്പി എന്നിവരെ സസ്പെൻഡ് ചെയ്തു.

English Summary: Pakistan’s Supreme Court orders reconstruction of vandalised Hindu temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com