ADVERTISEMENT

ബെംഗളൂരു∙ മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍.

2017 മേയ് 23ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് പ്രമോഷന്‍ അഭിമുഖത്തിനിടെ മാരകമായ ആഴ്‌സെനിക് ട്രൈഓക്‌സൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണു മുതിര്‍ന്ന ശാസ്ത്രജ്ഞനായ തപന്‍ മിശ്രയാണു വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിശ്രയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഐഎസ്ആര്‍ഒ പ്രതികരിച്ചിട്ടില്ല. 

കൊല്ലാന്‍ പാകത്തിലുള്ള ഡോസ് വിഷം ദോശയ്‌ക്കൊപ്പമുള്ള ചട്‌നിയിലാണ് കലര്‍ത്തിയിരുന്നതെന്നും തപന്‍ മിശ്ര പറയുന്നു. നിലവില്‍ ഐഎസ്ആര്‍ഒയില്‍ സീനിയര്‍ അഡ്‌വൈസര്‍ ആയ മിശ്ര ഈ മാസം അവസാനം വിരമിക്കും. ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

'ഏറെ നാള്‍ കാത്ത രഹസ്യം' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിലാണ് മിശ്ര വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2017 ജൂലൈയില്‍ ആഭ്യന്തരമന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തന്നെ കണ്ട് ആഴ്‌സെനിക് വിഷപ്രയോഗത്തെക്കുറിച്ചു അറിയിപ്പ് നല്‍കിയതെന്നും കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടമാരെ സഹായിച്ചതെന്നും മിശ്ര വ്യക്തമാക്കി. സംഭവത്തിനു ശേഷം തനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ത്വക് രോഗങ്ങള്‍, ഫംഗല്‍ അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മിശ്ര പറയുന്നു. ഡല്‍ഹി എയിംസിലെ പരിശോധനയില്‍ ആഴ്‌സെനിക് വിഷപ്രയോഗം കണ്ടെത്തിയെന്നു തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും മിശ്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിന്തറ്റിക്ക് അപ്പേര്‍ചര്‍ റഡാര്‍ നിര്‍മാണം ഉള്‍പ്പെടെ വാണിജ്യ, സൈനിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ കനത്ത സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞനെ ഒഴിവാക്കാനുള്ള ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നു കരുതുന്നതായും മിശ്ര വ്യക്തമാക്കി.

English Summary: "Long Kept Secret": Top ISRO Scientist Says He Was Poisoned 3 Years Ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com