ADVERTISEMENT

തിരുവനന്തപുരം∙ വാളയാറിൽ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ പൊലീസിന്റെയും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണു കേസ് അട്ടിമറിക്കപ്പെടാൻ കാരണമെന്ന പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്.

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി നിശിതമായി വിമർശിച്ചു. സംസ്ഥാന പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടാണിത്. സിപിഎം പ്രാദേശിക നേതൃത്വവുമായി പ്രതികള്‍ക്കുള്ള അടുത്ത ബന്ധമാണ് കേസ് അട്ടിമറിക്കാൻ കാരണം. കേസന്വേഷണത്തില്‍ തുടക്കത്തിലേ തന്നെ പാളിച്ചകള്‍ ഉണ്ടായെന്നും അന്വേഷണത്തോട് അവജ്ഞ തോന്നുന്നുമെന്നുള്ള കോടതിയുടെ നിരീക്ഷണം അതീവ ഗൗരവതരമാണ്. ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വൻ വീഴ്ചയായിരുന്നു.

കേസ് അട്ടിമറിക്കപ്പെടില്ലന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന രീതീയില്‍ തെളിവുകള്‍  ഹാജരാക്കാനോ വിചാരണ കാര്യക്ഷമമായി നടത്താനോ കഴിഞ്ഞില്ല. ഇതെല്ലാം ഹൈക്കോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് പെണ്‍കുട്ടികള്‍ ദൂരൂഹമായി കൊല്ലപ്പെട്ടിട്ടും പ്രതികളെ ശിക്ഷിക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ല. അത് കൊണ്ട് കുട്ടികളുടെ മരണത്തിൽ ഒന്നാം പ്രതി സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ  സംസ്ഥാന പൊലീസ് തന്നെ വീണ്ടും അന്വേഷിക്കുന്നത് ശരിയല്ലെന്നും കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം കൂടി മാനിച്ച് കേസ് സിബിഐക്ക് വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Content Highlights: Ramesh Chennithala comments on Walayar rape case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com