ADVERTISEMENT

ഹൈദരാബാദ് ∙ 200 കോടി രൂപ വിലമതിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മൂന്നുപേരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെലുങ്കു ദേശം പാർട്ടി (ടിഡിപി) മുൻ മന്ത്രി അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ടിഡിപി നേതാവ് ഭുമ അഖില പ്രിയയെയാണു മൂന്നു സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ ഹോക്കി താരം പ്രവീൺ റാവു ഉൾപ്പെടെയുള്ളവരെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്.

തെലങ്കാന സംസ്ഥാനത്തെ ഒരു രാത്രി മുൾമുനയിൽ നിർത്തിയ നാടകീയ തട്ടിക്കൊണ്ടുപോകൽ– രക്ഷപ്പെടുത്തൽ സംഭവങ്ങൾക്കു ശേഷമാണ് അറസ്റ്റ്. ഭുമയു‌ടെ ഭർത്താവ് ഭാർഗവ് റാം, ഭുമയുടെ പിതാവും മുതിർന്ന ടിഡിപി അംഗവുമായ ഭുമ നാഗി റെഡ്ഡിയുടെ അടുത്ത അനുയായി എ.വി.സുബ്ബ റെഡ്ഡി എന്നിവർക്കെതിരെയും കേസുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഹൈദരാബാദിലെ വീട്ടിലെത്തിയ 10-15 അംഗ സംഘമാണ് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

ആദായനികുതി ഉദ്യോഗസ്ഥരെന്ന പേരിലാണ് ഇവരെത്തിയത്. വ്യാജ വാറന്റും ഇവർ കാണിച്ചു. റെയ്ഡ് നടത്താനാണു വന്നതെന്നും കൈവശം വാറന്റുണ്ടെന്നും സംഘം പറഞ്ഞു. തുടർന്ന് അവർ മൂന്നു സഹോദരന്മാരെ കൂട്ടിക്കൊണ്ടുപോയി. മൂന്ന് വാഹനങ്ങളിലാണു സംഘം വന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം വീട്ടിലെത്തിയ സംസ്ഥാന എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡ പറഞ്ഞു.

മറ്റു കുടുംബാംഗങ്ങളെ മുറികളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വിവരം കിട്ടിയതിനു പിന്നാലെ സംഘത്തെ പിന്തുടർന്നു മൂന്ന് മണിക്കൂറിനുള്ളിൽ സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പുലർച്ചെ മൂന്നു മണിയോടെയാണു രക്ഷാപ്രവർത്തനം പൂർത്തിയായത്. വെള്ളക്കടലാസിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നു സഹോദരങ്ങൾ പൊലീസിനോട് പറഞ്ഞു.

200 കോടി രൂപ വിലമതിക്കുന്ന 50 ഏക്കർ സ്ഥലവുമായി ബന്ധപ്പെട്ട് അഖിലപ്രിയയും ഈ സഹോദരന്മാരും തമ്മിൽ തർക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആറു മാസം മുൻപ് അഖിലപ്രിയയും ഭർത്താവും ചേർന്നു തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് സുബ്ബ റെഡ്ഡി ആരോപിച്ചിരുന്നതായും ഹൈദരാബാദ് പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു.

English Summary: Ex-TDP Minister Arrested For Allegedly Kidnapping 3 Men Over Land Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com