ADVERTISEMENT

തിരുവനന്തപുരം ∙ സ്പേസ് പാർ‌ക്കും കെ-ഫോണും പോലെ കോടിക്കണക്കിനു രൂപ മുടക്കിയുള്ള ഐടി പദ്ധതികൾ നടപ്പാക്കാൻ അത്യുൽസാഹം കാട്ടുന്ന സർക്കാരിന് ട്രഷറികളിലെ കാത്തുനിൽപ് ഒഴിവാക്കാൻ ഉപകരിക്കുന്ന ഇ-പേയ്മെന്റ് സംവിധാനത്തോട് അലർജി! 

സർക്കാരിലേയ്ക്ക് അങ്ങോട്ടു കാശ് അടയ്ക്കാൻ പോലും ഒരു മണിക്കൂറോളം വിവിധ ട്രഷറി കൗണ്ടറുകളിൽ ക്യൂ നിൽക്കേണ്ട ഗതികേടിലാണ് ഇൗ കോവിഡ് കാലത്തും പൊതുജനം. ഓൺലൈനായി പണം അടയ്ക്കാവുന്ന ഇ-പേയ്മെന്റ് സൗകര്യം ട്രഷറിയിൽ ഏർപ്പെടുത്തിയിട്ടു വർഷങ്ങളായെങ്കിലും മിക്ക സർക്കാർ വകുപ്പുകളും ഇതിന്റെ ഭാഗമാകാതെ മാറി നിൽക്കുകയാണ്. ഇത്തരം പദ്ധതികൾക്കു നേതൃത്വം നൽകേണ്ട ഐടി വകുപ്പുപോലും ഇതിനു മടിക്കുന്നുവെന്നാണ് ആക്ഷേപമുയരുന്നത്.

സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കു പണമടയ്ക്കാൻ കാലാകാലങ്ങളായി ജനം ആശ്രയിക്കുന്നതു ട്രഷറി ശാഖകളെയാണ്. പെൻഷൻ വിതരണം ചെയ്യുന്നതിനാൽ മാസത്തിന്റെ ആദ്യം ഏറ്റവുമധികം തിരക്കുള്ള സർക്കാർ ഒാഫിസും ട്രഷറിയാണ്. പല ആവശ്യങ്ങൾക്ക് എത്തുന്നവരുടെ ഇൗ തിരക്കു കാരണം സംസ്ഥാനത്തെ മിക്ക ട്രഷറി ശാഖകളിലും ജീവനക്കാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും തിരക്കു നിയന്ത്രിക്കാൻ ഇപ്പോഴും സംവിധാനമില്ല.

ഒരിടവേളയ്ക്കു ശേഷം ട്രഷറികളിൽ വീണ്ടും കോവിഡ് പടർന്നു പിടിക്കുകയാണ്. ഒൻപതു പേർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ട്രഷറിയായ സെക്രട്ടേറിയറ്റിനു സമീപത്തെ ജില്ലാ ട്രഷറി അടച്ചു. ഇതേത്തുടർന്ന് സെക്രട്ടേറിയറ്റിനുള്ളിലെ ട്രഷറിയിലേയ്ക്ക് ഇടപാടുകാർ പോയെങ്കിലും അവിടേയ്ക്കു കടത്തിവിടാൻ സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. 

ട്രഷറിയിലേയ്ക്ക് ഒാൺലൈനായി പണമടയ്ക്കാൻ കഴിഞ്ഞാൽ തിരക്ക് ഗണ്യമായി കുറയേണ്ടതാണ്. നിലവിൽ അതിനു സംവിധാനമുണ്ടെങ്കിലും എല്ലാ വകുപ്പുകളും ഈ സൗകര്യത്തോടു സഹകരിക്കാത്തതാണ് ഇപ്പോഴും ശാഖകളിലെ ഈ തിരക്കിനു മുഖ്യകാരണം.

ഇ-പേയ്മെന്റ് സംവിധാനത്തിലേയ്ക്ക് ചേരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ചയും ട്രഷറി ഡയറക്ടർ കത്തയച്ചു. എന്നാൽ വകുപ്പുകൾ തിരിഞ്ഞു നോക്കിയില്ല. നിലവിൽ എഴുപതോളം വകുപ്പുകളിലേയ്ക്കു മാത്രമാണ് ഇ-പേയ്മെന്റ് സംവിധാനം വഴി പണമടയ്ക്കാൻ സാധിക്കുക. ആഭ്യന്തരം, ഗതാഗതം, ഐടി തുടങ്ങിയ പ്രധാന വകുപ്പുകൾ ഇപ്പോഴും ഇതിൽ നിന്നു വിട്ടു നിൽക്കുകയാണ്. 

ട്രഷറി ഇടപാട് എന്ന പെടാപ്പാട്

ട്രഷറിയിൽ പണമടച്ച് ചെലാൻ കൈപ്പറ്റാൻ പതിറ്റാണ്ടുകൾക്കു മുൻപുള്ള സംവിധാനമാണ് ഇപ്പോഴും. ചെലാൻ ഫോം പൂരിപ്പിച്ച് ആദ്യം ഒരു കൗണ്ടറിൽ ഹാജരാക്കണം. അതിനായി അവിടെ ക്യൂ നിൽക്കണം.

ചെലാനിൽ നമ്പർ രേഖപ്പെടുത്തിക്കഴിഞ്ഞാൽ പണം അടയ്ക്കാൻ അടുത്ത കൗണ്ടറിൽ ക്യൂ നിൽക്കണം. പണം അടച്ചാൽ ഉടൻ രസീതു ലഭിക്കില്ല. അടുത്ത കൗണ്ടറിൽ പോയി ഉൗഴം കാത്തു നിൽക്കണം.

പേരു വിളിക്കുമ്പോൾ ചെലാൻ വാങ്ങി മടങ്ങാം. തിരക്കുള്ള ട്രഷറികളിൽ 2 കൗണ്ടറിലെ ക്യൂവിലും അവസാനത്തെ കൗണ്ടറിലെ കാത്തു നിൽപ്പും അടക്കം ഏതാണ്ട് ഒരു മണിക്കൂർ പോയിക്കിട്ടും.

Content Highlights: Treasury, Online, Chellan, E-payment, Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com