ADVERTISEMENT

കൊച്ചി∙ വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേസിൽ പുനർ വിചാരണ നടത്തണമെന്നും പുനരന്വേഷണം വേണമെങ്കിൽ സർക്കാരിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജഡ്ജിമാരായ എ.ഹരിപ്രസാദ്, എം.ആർ. അനിത എന്നിവരുടെ ഉത്തരവ്. സംസ്ഥാന സർക്കാരിന്റെയും വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാവിന്റെയും ഹർജിയിലാണ് കോടതി ഉത്തരവ്.

കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ല, പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചകളുണ്ടായി, വിചാരണക്കോടതിക്കു വീഴ്ച പറ്റി തുടങ്ങിയ സർക്കാരിന്റെയും പെൺകുട്ടികളുടെ മാതാവിന്റെയും വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. പോക്സോ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

നേരത്തെ മേൽ കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ സാഹചര്യത്തിൽ ജാമ്യം റദ്ദാകുകയും ഇവരെ വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്യും. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ വിചാരണക്കോടതി വെറുതെ വിട്ട നാലു പേരിൽ ഒരാളെ ഏതാനും മാസങ്ങൾക്കു മുമ്പ് ചേർത്തലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ മൂന്നു പേരുടെ കാര്യത്തിലാണ് തുടർ അന്വേഷണങ്ങളും വിചാരണയും ഉണ്ടാകുക.

വിചാരണക്കോടതി വിധി വരുന്ന വിവരം പോലും അറിയിക്കാതെ വിധി വരികയും പ്രതികളെ വെറുതെ വിടുകയും ചെയ്തെന്ന വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീരിലാണ് കേസ് വീണ്ടും അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നു വന്നത്. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകിയെന്നും അന്വേഷണമോ വിചാരണയോ വേണ്ടരീതിയിൽ നടന്നില്ലെന്നും മാതാവ് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സർക്കാർ കേസിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും പരാതി ഉയർന്നിരുന്നു.

തുടർന്നാണ് ഒരു വർഷം മുമ്പ് കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. മന്ത്രി എ.കെ. ബാലന്റെ വീട്ടിലേക്കു പെൺകുട്ടികളുടെ അമ്മയും സമരക്കാരും നടത്തിയ പദയാത്രയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കം മുതൽ ഏറെ പഴികേൾക്കേണ്ടി വന്നു എന്നതിനാൽ ഹൈക്കോടതി വിധി സർക്കാരിനും ആശ്വാസം നൽകുന്നതാണ്.

സുപ്രീം കോടതിയെ സമീപിക്കുമെന്ന് സമരസമിതി കൺവീനർ

അതേസമയം ഉത്തരവ് റദ്ദാക്കിയെങ്കിലും പുനർ വിചാരണയ്ക്ക് മാത്രം ഉത്തരവിട്ടുള്ള ഹൈക്കോടതി വിധി അംഗീകരിക്കുന്നില്ലെന്നും സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നും വാളയാർ സമര സമിതി കൺവീനർ വി.എം. മാർസൻ പ്രതികരിച്ചു. പ്രതികളെ വെറുതെ വിട്ട വിധിയുണ്ടായ അന്വേഷണ റിപ്പോർട്ടിലാണ് പുനർ വിചാരണ നടക്കുക. ഇതല്ല വേണ്ടത്, പുനരന്വേഷണത്തിന് ഉത്തരവുണ്ടാകണം.

ഹൈക്കോടതിയിൽ നടന്ന േകസിൽ സർക്കാരിനു വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തുകയും കേസ് അട്ടിമറിക്കുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനാണ്. അദ്ദേഹം തയാറാക്കിയ അഫിഡവിറ്റ് സമർപ്പിക്കുമ്പോൾ ഇവിടെ സർക്കാരിന്റെ താൽപര്യം വ്യക്തമാണ്. പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേരു പോലും പരാമർശിക്കാതെയുള്ള വിധി അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Walayar Rape case - High Court cancels POSCO court verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com