ADVERTISEMENT

കൊച്ചി ∙ കോതമംഗലം പള്ളി സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പിടിച്ചെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് തടഞ്ഞു. സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട്, വരുന്ന വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുന്നതു വരെയാണ് ഉത്തരവ് തടഞ്ഞിരിക്കുന്നത്. കോടതി അലക്ഷ്യച്ചട്ടങ്ങളുടെ ആറാമത്തെ ചട്ടപ്രകാരം അടിസ്ഥാന ഉത്തരവിൽ മാറ്റംവരുത്തി മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിനു കഴിയുമോയെന്നു പരിശോധിക്കണമെന്നാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.

സിംഗിൾ ബെഞ്ച് അധികാര പരിധിക്കു പുറത്തുകടന്ന് ഉത്തരവ് പുറപ്പെടുവിച്ചു എന്ന വാദമാണു സർക്കാർ ഉയർത്തിയത്. ഇതു ഡിവിഷൻ ബെഞ്ച് ഗൗരവമായി എടുക്കുകയും കോടതിയലക്ഷ്യ ഹർജിയിലെ ഉത്തരവിന്റെ നിയമസാധുത അടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു. ഈ കേസിൽ മറ്റു നിർദേശങ്ങൾ പാസാക്കാൻ സിംഗിൾ ബെഞ്ചിനു കഴിയുമോ എന്നാണു പരിശോധിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോതമംഗലം പള്ളി ഏറ്റെടുക്കില്ല എന്ന നിലപാട് സർക്കാരിനില്ലെന്നു സംസ്ഥാന സർക്കാർ കോടതിയിൽ ആവർത്തിച്ചു.

ഉത്തരവ് നടപ്പാക്കില്ലെന്നു പറഞ്ഞിട്ടില്ല, പകരം രമ്യമായി നടപ്പാക്കണം എന്നാണു നിലപാട്. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചില്ലെന്നും സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരും കോടതിയിൽ സമാന നിലപാടാണു സ്വീകരിച്ചത്. പള്ളിയുടെ വിഷയത്തിൽ പരസ്പര സൗഹൃദത്തോടെ പരിഹരിക്കപ്പെടേണ്ടതാണ് എന്നായിരുന്നു കേന്ദ്ര നിലപാട്.

സിആർപിഎഫിനെ ഉപയോഗിക്കുന്നതിനോടും കേന്ദ്രം താൽപര്യം കാണിച്ചില്ല. സംസ്ഥാനത്തെ ആഭ്യന്തര ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ കാര്യമാണ്. ഇതിൽ കേന്ദ്രസേന ഇടപെടണമെങ്കിൽ സംസ്ഥാനം ആവശ്യപ്പെടേണ്ടതുണ്ട്. കോടതി നിർദേശം മുന്നോട്ടുവച്ച സാഹചര്യത്തിലാണ് കേന്ദ്ര സേന സംബന്ധിച്ച വിശദാംശങ്ങൾ കൈമാറിയത് എന്നും അറിയിച്ചു.

English Summary: High court division bench on Kothamangalam church issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com