ADVERTISEMENT

ഹോങ്കോങ്∙ അമേരിക്കയില്‍ അരങ്ങേറുന്ന അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്കു പുതുവര്‍ഷം മികച്ചതായിരിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മറ്റു ലോകരാജ്യങ്ങളാകെ കോവിഡ് മഹാമാരിയില്‍നിന്നു കരകയറാന്‍ പെടാപ്പാട് പെടുമ്പോള്‍ സാമ്പത്തികരംഗം തിരിച്ചുപിടിച്ച് ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള നീക്കത്തിലാണു ചൈനീസ് നേതൃത്വം.

ലോകത്തെ രണ്ടാമത്തെ സൂപ്പര്‍ പവര്‍ എന്ന നിലയിലേക്കെത്തിയിരിക്കുന്ന ചൈന, കോവിഡ് അനന്തര ലോകത്തെ പ്രതിസന്ധികളും അമേരിക്കയിലെ രാഷ്ട്രീയ അനിശ്ചിതത്വവും തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജമാക്കാനുള്ള ഒരുക്കത്തിലാണ്. യുഎസ് വിരുദ്ധ ചേരിയിലുള്ള കൂടുതല്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി പുതുലോകക്രമത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം.  

ചൈനയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്കു ചാലകശക്തിയായി മാറും അമേരിക്കയിലെ അധികാരകൈമാറ്റവുമായി ബന്ധപ്പെട്ടു നടക്കുന്ന കലാപവും പ്രശ്‌നങ്ങളുമെന്നു വിദേശരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. മുമ്പില്ലാത്ത വിധം നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുമ്പോള്‍ വാഷിങ്ടനിലുള്ളവര്‍ അതിര്‍ത്തിക്കപ്പുറം നടക്കുന്ന വിഷയങ്ങളെക്കുറിച്ച് അധികം ശ്രദ്ധിക്കാവുന്ന അവസ്ഥയിലല്ല. 

us-capitol-speaker-office
യുഎസ് കാപ്പിറ്റോളില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍

അതു മുതലെടുത്തുള്ള നയതന്ത്രനീക്കങ്ങളാണു ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടുത്തിടെ യൂറോപ്യന്‍ യൂണിയനുമായി വമ്പന്‍ നിക്ഷേപകരാറിലാണ് ചൈന ഏര്‍പ്പെട്ടിരിക്കുന്നത്. ചൈനയ്‌ക്കെതിരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ചങ്ങാത്തം. ഹോങ്കോങ്ങില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന കടുത്ത നടപടികളെക്കുറിച്ചും ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. 

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയുടെ ഈ രണ്ടു നീക്കങ്ങളെയും എതിര്‍ത്തെങ്കിലും അദ്ദേഹം അധികാരത്തിലെത്താന്‍ ദിവസങ്ങള്‍ ബാക്കിയുണ്ട്. ഹോങ്കോങ്ങിലെ നടപടികള്‍ക്കെതിരെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവന ഇറക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചൈന അതു മുഖവിലയ്‌ക്കെടുക്കാന്‍ സാധ്യതയില്ലെന്നും നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ആഗോളതലത്തില്‍ ആര്‍ജിച്ചിട്ടുള്ള കരുത്തും സ്വാധീനവും പ്രകടമാക്കാനും അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്നു മുതലെടുപ്പ് നടത്താനുമുള്ള നീക്കങ്ങളായാണ് ചൈനയുടെ രണ്ടു നടപടികളും വിലയിരുത്തപ്പെടുന്നത്. ചൈനയുമായുള്ള നിക്ഷേപകരാറില്‍ ഏര്‍പ്പെടുന്നത് വൈകിപ്പിക്കാന്‍ ജോ ബൈഡന്റെ മുതിര്‍ന്ന ഉപദേശകര്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നു കാത്തിരുന്നു കാണേണ്ടിവരും. 

US-CONGRESS-HOLDS-JOINT-SESSION-TO-RATIFY-2020-PRESIDENTIAL-ELEC
യുഎസ് കാപ്പിറ്റോളില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍

ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ചൈനയ്‌ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയ ഉള്‍പ്പെടെ നാമമാത്രമായ രാജ്യങ്ങള്‍ മാത്രമാണു ശക്തമായി കൂടെനിന്നത്. വ്യാപാരച്ചുങ്കം ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ചൈന നല്‍കിയ തിരിച്ചടി ഓസ്‌ട്രേലിയയ്ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു താനും. 

കൊറോണ വൈറസ് വ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തങ്ങളെ ഇത്രനാളും മുള്‍മുനയില്‍ നിര്‍ത്തിയ അമേരിക്കയില്‍ അരങ്ങേറിയ കാര്യങ്ങള്‍ ആഘോഷമാക്കുകയാണ് ചൈന. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കുമിള പൊട്ടിയിരിക്കന്നുവെന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ എംബസികളുടെ അറിവില്ലാതെ ആദ്യമായി അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു രാഷ്ട്രീയ അട്ടിമറി നീക്കം നടന്നിരിക്കുന്നുവെന്നും ചിലര്‍ പരിഹസിച്ചു. ഇതുവരെ ചെയ്തുകൂട്ടിയതിന്റെ പ്രതിഫലമാണ് അമേരിക്ക അനുഭവിക്കുന്നതെന്ന് ചൈനീസ് അികൃതര്‍ പറയുന്നു. 

USA-ELECTION-TRUMP
യുഎസ് കാപ്പിറ്റോളില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍

അമേരിക്കയെ പോലെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയെന്നതു തങ്ങളുടെ നിലപാടല്ലെന്നും ഇരുകൂട്ടര്‍ക്കും ഗുണകരമായ സഹകരണമാണു ലക്ഷ്യമിടുന്നതെന്നുമാണ് ചൈനീസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ചൈനയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്നു വെളിവാക്കുന്ന സംഭവങ്ങളാണ് ഓസ്‌ട്രേലിയ, തായ്‌വാന്‍ എന്നിവിടങ്ങളിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പ്രകടമാകുന്നത്. അതേസമയം സ്വന്തം വാക്‌സീന്‍ ഉള്‍പ്പെടെ ലഭ്യമാക്കി മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളിലും ചൈന സജീവമാണ്. 

രണ്ടാഴ്ചയ്ക്കുള്ളില്‍ ജോ ബൈഡന്‍ അധികാരത്തിലെത്തുന്നതോടെ ചൈനയോടു സ്വീകരിക്കുന്ന നിലപാടറിയാനാണ് ലോകം കാത്തിരിക്കുന്നത്. വര്‍ധിത വീര്യത്തോടെ കുതിക്കുന്ന ചൈനയ്ക്കു കടിഞ്ഞാണിടാന്‍ ബൈഡന്റെ നീക്കങ്ങള്‍ക്കു കഴിയുമോ എന്നും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു. ഇല്ലെങ്കില്‍ യുഎസിനു സ്വാധീനമില്ലാത്ത മറ്റൊരു ലോകക്രമത്തിനാവും അതു വഴിവയ്ക്കുകയെന്നു വിദേശരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

English summary: China is thriving in the chaos of the US presidential transition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com