ADVERTISEMENT

പഞ്ചാബിലെ തരൺ താരൺ ജില്ലയിലെ ഭിക്കിവിന്ദ് എന്ന ചെറിയ ടൗണിൽ ‘പാറ്റൻ നഗർ’ എന്നൊരു സ്ഥലമുണ്ട്. പാക്കിസ്ഥാന്റെ നൂറോളം എം–47, എം–48 പാറ്റൻ ടാങ്കുകളുടെ തെമ്മാടിക്കുഴിയാണ് ഇവിടം. 1965 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിലെ ഏറ്റവും വിനാശകരമായ ആക്‌ഷൻ നടന്ന ആസൽ ഉത്താഡിന്റെ ബാക്കിപത്രമാണ് ‘പാറ്റൻ നഗർ’. ഇരച്ചു കയറി വന്ന പാക്കിസ്ഥാന്റെ ഇരുന്നൂറോളം അമേരിക്കൻ നിർമിത പാറ്റൻ ടാങ്കുകളെ നൂറിൽ താഴെ ബ്രിട്ടിഷ് നിർമിത സെഞ്ചൂറിയൻ ടാങ്കുകൾ കൊണ്ടു നേരിട്ടു തറപറ്റിച്ചാണ് ഇന്ത്യ പാറ്റൻ നഗർ ‘പണിതത്’.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ ടാങ്ക് യുദ്ധങ്ങളിലൊന്നായിരുന്നു ഇതെന്നു പല പടിഞ്ഞാറൻ യുദ്ധചരിത്രകാരൻമാരും പിന്നീടു രേഖപ്പെടുത്തി. യുദ്ധമുഖം കണ്ട അന്നു മുതൽ എല്ലാ കാലത്തും യുദ്ധടാങ്കുകൾ എന്ന ലോഹരാക്ഷസൻമാർ ലോകത്തിലെ എല്ലാ കരസേനകളുടെയും ഇഷ്ട ആയുധങ്ങളാണ്. ഇവയെ സ്വന്തമാക്കാത്ത ഏതാനും ചില രാജ്യങ്ങൾ മാത്രമാണ് ഇന്നു ലോകത്തുള്ളത്. ന്യൂസീലൻഡ് ആ പട്ടികയിൽപ്പെടുന്ന ഒരു പ്രമുഖരാജ്യമാണ്.

പാറ്റൻ, ആ പേരു വന്ന വഴി

Patton Nagar War
പാറ്റൻ നഗറിൽ തകർക്കപ്പെട്ട ടാങ്കുകൾ. ചിത്രം: ട്വിറ്റർ

‘എന്റെ പട്ടാളക്കാർ അവരുടെ ബെൽറ്റ് ഭക്ഷിച്ചും ജീവിക്കും, പക്ഷേ എന്റെ ടാങ്കുകൾക്ക് ഇന്ധനം കിട്ടിയേ മതിയാകൂ...’ എന്നാണ് പാറ്റൻ ടാങ്കുകളുടെ പേരിനു കാരണക്കാരനായ അമേരിക്കൻ ജനറൽ ജോർജ് സ്മിത്ത് പാറ്റൻ പറഞ്ഞിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ വിജയങ്ങളുടെ ശിൽപി ആയിരുന്ന പാറ്റൻ അന്ന് എന്തിനായി നിലകൊണ്ടോ അതു പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ ലോകപ്രശസ്തമായി.

അത്യാധുനിക ടാങ്കുകൾ യുദ്ധമുഖത്തെത്തുന്നതിനു മുൻപു വരെ പാറ്റൻ ടാങ്കിനെ ആക്രമിക്കുകയോ പാറ്റൻ ടാങ്കിന്റെ ആക്രമണം നേരിടുകയോ ചെയ്ത എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ടാങ്കുകളെ ‘പാറ്റൻ’ ചേർത്താണു വിളിച്ചിരുന്നത്. അത്രയ്ക്കായിരുന്നു ടാങ്കുകളുടെ കുപ്രസിദ്ധി. ഡിട്രോയിറ്റ് ആഴ്സനേൽ എന്ന യുഎസ് ടാങ്ക് നിർമാണ സ്ഥാപനം പുറത്തിറക്കിയ മീഡിയം ടാങ്ക് ആണ് എം46 പാറ്റൻ.

ഇതേ പരമ്പരയിൽപ്പെട്ട എം–47, എം–48 എന്നിവയാണ് മെയിൻ ബാറ്റിൽ ടാങ്ക് എന്ന സാർവദേശീയ വിവിധോദ്ദേശ ടാങ്ക് എന്ന വർഗീകരണത്തിൽപ്പെട്ട യുഎസിന്റെ ആദ്യകാല സന്താനങ്ങൾ. എം–48ന് പാറ്റൻ എന്ന പേരു നൽകിയത് സാക്ഷാൽ പാറ്റന്റെ ഭാര്യ ബിയാട്രിസ് നേരിട്ടാണ്.

ടാങ്കുകളുടെ ഗർജനവും പ്രഹരശേഷിയും ശത്രുവിനുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും ഭയവും വളരെ വലുതാണെന്നു ജർമൻ ജനറൽമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി അവരുടെ ഏറ്റവും നൂതനമായ ടൈഗർ പരമ്പരയിൽപ്പെട്ട ടാങ്കുകൾ കൊണ്ട് പലപ്പോഴും ശത്രു പടയാളികളെ ഭയപ്പെടുത്തി ഓടിച്ചതായി പറയപ്പെടുന്നു.

എംബിടി എന്നാൽ

GERMANY-DEFENCE-NATO
യുദ്ധ ടാങ്ക് പരിശീലനത്തിൽ ജർമൻ സേന. ഫയൽ ചിത്രം: PATRIK STOLLARZ / AFP

മുൻപു രണ്ടു കൈകൾ കൊണ്ടു കൂട്ടിയാലും തീരാത്ത അത്രയും വിഭാഗങ്ങളും ഉപവിഭാഗങ്ങളും ചേർന്നതായിരുന്നു ‘ടാങ്ക് കുലം’. എന്നാൽ ശീതയുദ്ധത്തിന്റെ ആരംഭദശയിൽ ‘മെയിൻ ബാറ്റിൽ ടാങ്ക്’ അഥവാ എംബിടി എന്ന ആശയത്തിനു പ്രധാന്യം ലഭിച്ചു.

രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ സമയത്തു പ്രധാനമായും ലൈറ്റ്, മീഡിയം, ഹെവി എന്നിങ്ങനെയും പിന്നീട് അതിന്റെ ഉപവിഭാഗങ്ങളായും ആണ് ടാങ്കുകൾ തരംതിരിക്കപ്പെട്ടിരുന്നത്. ട്രെഞ്ച് യുദ്ധമുറയ്ക്കു മറുമരുന്നായി യുദ്ധമുഖത്തെത്തിയ ടാങ്കുകളുടെ പുനരവതാരം ആയ ‘മെയിൻ ബാറ്റിൽ ടാങ്കുകൾ’ ഇന്നു പണ്ടത്തെ എല്ലാ തരം ടാങ്കുകളും ചെയ്തിരുന്ന കർത്തവ്യങ്ങളെല്ലാം ഒറ്റയ്ക്കു നിറവേറ്റുന്നു.

‘എംബിടി’ എന്നാൽ എങ്ങനെയിരിക്കണം എന്ന് ആരും എവിടെയും എഴുതി വച്ചിട്ടില്ല. എന്നാൽ ഹെവി ടാങ്കുകളുടേതിനു സമാനമായ പ്രഹരശേഷി, രക്ഷാകവചം എന്നിവയും ലൈറ്റ് ടാങ്കുകളുടേതിനു സമാനമായ ചലനശേഷിയും മീഡിയം ടാങ്കിന്റെ ഭാരവും ആയിരിക്കണം എംബിടികൾക്ക് എന്നാണ് ഡിസൈനർമാർ കണക്കിലെടുക്കാറുള്ള സാമാന്യമായ നിർവചനം.

1950കളിൽ നിലവിൽ വന്ന ‘എംബിടി’ എന്ന സങ്കൽപത്തെ അപ്പാടെ തകർത്തുകളയാൻ ശേഷിയുള്ള മറ്റൊരു ആശയവും ഇതുവരെ യുദ്ധവാഹന ഡിസൈനർ‌മാർക്കിടയിൽ ഉയർന്നുവന്നിട്ടില്ല. അതിനാൽത്തന്നെ കാലാനുസൃതമായ മറ്റങ്ങൾ എല്ലാം എംബിടികളിൽ വന്നിട്ടുണ്ട്. ഇന്നു മിസൈൽ‌ വഴിതിരിച്ചു വിടാനുള്ള റഡാറുകൾ‌ ഘടിപ്പിച്ച ടാങ്കുകൾ പോലും യുദ്ധമുഖത്തുപയോഗിക്കുന്നുണ്ട്.

SYRIA-TURKEY-CONFLICT-KURDS
യുദ്ധ ടാങ്ക് പരിശീലനത്തിൽ തുർക്കി. ഫയൽ ചിത്രം: Nazeer Al-khatib / AFP

‘ആർമേഡ് ചെയിൻ ഡ്രിവൻ സ്പെഷലൈസ്ഡ് വെഹിക്കിൾസ്’ എന്ന ഉപവിഭാഗം എംബിടി എന്ന ആശയം പോലെ തന്നെ കരുത്താർജിച്ചിട്ടുണ്ടെങ്കിലും ഇതിന്റെയും അടിസ്ഥാനം ‘മെയിൻ ബാറ്റിൽ ടാങ്ക്’ തന്നെയാണ്. ചില രാജ്യങ്ങൾ തങ്ങളുടെ വലിയ പീരങ്കികൾ‌ ചെയിൻ ഡ്രിവൺ സാങ്കേതികവിദ്യയിലേക്കു മാറ്റിയിട്ടുണ്ട്. അതിന്റെയും അടിസ്ഥാനം മിക്കയിടങ്ങളിലും എംബിടികളുടെ സാങ്കേതിക വിദ്യ തന്നെ.

1950കളിലാണ് എംബിടി എന്ന ഏകീകൃത ടാങ്ക് വർഗീകരണത്തിലേക്ക് ലോകരാജ്യങ്ങൾ മാറാൻ തുടങ്ങിയത് എന്നു പറഞ്ഞല്ലോ. അന്നു മുതൽ 60കളുടെ മധ്യം വരെയുള്ളവയെ ഒന്നാം തലമുറ ടാങ്കുകളായി യുദ്ധവിദഗ്ധർ കണക്കാക്കുന്നു. അറുപതുകളുടെ മധ്യം മുതൽ 80കളുടെ മധ്യം വരെയുള്ളവയെ രണ്ടാം തലമുറയായും തൊണ്ണൂറുകളുടെ തുടക്കം മുതൽ 2010 വരെയുള്ളവയെ മൂന്നാം തലമുറയായും കണക്കാക്കപ്പെടുന്നു.

2000 മുതൽ 2010 വരെയുള്ള കാലത്തു പല വൻ സൈനികശക്തികളും അവയുടെ മൂന്നാം തലമുറ ടാങ്കുകളെ ആധുനികവൽക്കരിച്ചു. നിലവിൽ ആധുനികവൽക്കരിച്ച മൂന്നാം തലമുറ ടാങ്കുകളാണ് പല വൻകിട ശക്തികളുടെയും യുദ്ധമുഖത്തു വിരാജിക്കുന്നത്. പലരും ആധുനികവൽക്കരണം പൂർത്തീകരിക്കുന്നതേയുള്ളു. സമാന്തരമായി നാലാം തലമുറ ടാങ്കുകൾ വികസിപ്പിക്കുന്ന രാജ്യങ്ങളും ഉണ്ട്.

ടാങ്കുകളിലെ തലമുറമാറ്റം

Main Battle Tank
നാറ്റോയുമൊത്തുള്ള ജർമനിയുടെ സംയുക്ത ടാസ്‌ക് ഫോഴ്സിന്റെ യുദ്ധ ടാങ്ക് പരിശീലനത്തിൽനിന്ന്. ചിത്രം: PATRIK STOLLARZ / AFP

ആദ്യ തലമുറയുടെ രൂപകൽപന നിർവഹിച്ചവർ പ്രധാനമായും എംബിടി എന്ന ആശയത്തോട് കൂറു പുലർത്താനാണു നോക്കിയതെങ്കിൽ രണ്ടാം തലമുറ ടാങ്കുകൾ അവയുടെ രക്ഷാകവചം ആധുനികവൽക്കരിക്കാനും മൂന്നാം തലമുറ പ്രഹരശേഷിയും വേഗവും വർധിപ്പിക്കാനുമാണു ശ്രമിച്ചത്. മൂന്നാം തലമുറയുടെ ആധുനിക പതിപ്പുകൾ അത്യാധുനിക കണക്ടിവിറ്റി ഫീച്ചറുകളും റഡാറുകളും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു. നാലാം തലമുറ വരുമ്പോൾ ഇത്രയും നാളത്തെ ഗവേഷണം കൊണ്ടു നേടിയെടുത്ത മികവുകൾ ഒരേപോലെ ഇണക്കിച്ചേർക്കാനാകും ഡിസൈനർമാർ ശ്രമിക്കുക.

4 ഡിസൈനുകളാണ് 4ാം തലമുറ ടാങ്കുകൾ എന്ന നിലയിൽ പ്രസിദ്ധിയാർജിച്ചിരിക്കുന്നത്. റഷ്യയുടെ ടി 14 അർമാഡ, ദക്ഷിണ കൊറിയയുടെ കെ2 ബ്ലാക്ക് പാന്തർ, തുർക്കിയുടെ അൽതായ്, ജപ്പാന്റെ ടൈപ്പ് 10 എന്നിവയാണവ. ടാങ്ക് നിർമാണത്തിൽ മുൻപു മികവു തെളിയിച്ചിട്ടുള്ള ജർമനി, ഫ്രാൻസ്, ഇസ്രയേൽ, യുകെ എന്നീ രാജ്യങ്ങൾ നാലാം തലമുറ ടാങ്കുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു മനസ്സു തുറന്നിട്ടില്ല.

പക്ഷേ, പുതിയ കാലത്തെ ഭീഷണികൾ‌ അഭിമുഖീകരിക്കുന്നതിനു സ്വന്തം എം1എ2 ഏബ്രാംസ് ടാങ്ക് (നിലവിൽ എം1എ2 എസ്ഇപി എന്ന ആധുനികവൽക്കരിച്ച മോഡൽ) പര്യാപ്തമല്ല എന്ന് ഏതെങ്കിലും ഘട്ടത്തിൽ തോന്നിയാൽ ‘എല്ലാംകൊണ്ടും പുതുപുത്തൻ ആയ ടാങ്ക്’ നിർമിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.

∙ ടി 14 അർമാഡ

RUSSIA-HISTORY-WWII
റഷ്യയുടെ ടി 14 അർമാഡ ടാങ്ക്. ചിത്രം: Kirill KUDRYAVTSEV/ AFP

റഷ്യയുടെ യൂറൽ വാഗൺ സാവോദ് എന്ന കമ്പനി പുറത്തിറക്കുന്ന ടി14 അർമാഡ, ആളുകൾ ഇരുന്നു നിയന്ത്രിക്കേണ്ടാത്ത ടററ്റ് (പീരങ്കിയുടെ കറങ്ങുന്ന ഭാഗം) ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ടാങ്ക് ആയിരിക്കുമെന്നാണ് അവകാശവാദം. 125 എംഎം പീരങ്കി ഉപയോഗിക്കുന്ന അർമാഡയുടെ പ്രഹരശേഷി അധുനിക മൂന്നാം തലമുറ ടാങ്കുകളിൽ ഏറ്റവും പേരും പ്രശസ്തിയും ഉള്ള ജർമനിയുടെ ലെപ്പേർഡ് 2നെ കടത്തിവെട്ടുമെന്നും യൂറൽ കമ്പനി പറയുന്നു.

12 സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് ഉള്ള അർമാഡയുടെ എൻജിൻ കരുത്ത് 1500 ബിഎച്ച്പി ആയിരിക്കും. ടാങ്ക് വേധ മിസൈൽ വരെ ഫയർ ചെയ്യാൻ അർമാഡയ്ക്കു കഴിയുമെന്നാണ് വിലയിരുത്തൽ. രക്ഷാകവചത്തിനായി ഉപയോഗിച്ചിരിക്കുന്ന കോംപസിറ്റ് മെറ്റീരിയലിന്റെ പ്രത്യേകത മൂലം അത്യാധുനിക റഡാർ ഉപയോഗിച്ചാൽ അല്ലാതെ അർമാഡയെ തിരിച്ചറിയാനും കഴിയില്ല. 500 കിലോമീറ്റർ ആയിരിക്കും റേഞ്ച്. തങ്ങളുടെ മുൻ ടാങ്കുകളെ അപേക്ഷിച്ച് ക്രൂ സെക്യൂറിറ്റിയും അർമാഡയ്ക്കു കൂടുതൽ ആയിരിക്കും എന്നും റഷ്യ അവകാശപ്പെട്ടിട്ടുണ്ട്.

എപ്പോഴും സഖ്യരാജ്യങ്ങൾക്ക് ടാങ്ക് വിൽക്കാൻ പദ്ധതിയുള്ള രാജ്യമാണ് റഷ്യ. അവരുടെ ‘ടി 90’ എന്ന ടാങ്ക് ഇന്ത്യയടക്കം ഒട്ടേറെ രാജ്യങ്ങൾ ഇപ്പോഴും ആധുനികവൽക്കരിച്ച് ഉപയോഗിക്കുന്നുണ്ട്. അർമാഡയും വിൽക്കാൻ റഷ്യയ്ക്കു പദ്ധതിയുണ്ടെന്ന് അവരുടെ അവകാശവാദങ്ങളിൽ നിന്നു വായിച്ചെടുക്കാം. 2015ലാണ് രൂപകൽപന ആരംഭിച്ചത്. ഭാവിയിൽ 152 എംഎം പീരങ്കി അർമാഡയിൽ സ്ഥാപിക്കാനും റഷ്യയ്ക്കു നീക്കമുണ്ടെന്നു വിവിധ പ്രതിരോധവാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാലാം തലമുറ ടാങ്കുകളിൽ ഏറ്റവും വിലക്കുറവ് അർമാഡയ്ക്കാണ് – 50 ലക്ഷം ഡോളറിനു തൊട്ടു താഴെയായിരിക്കും ഒരു യൂണിറ്റിന്റെ വില.

∙ കെ 2 ബ്ലാക്ക് പാന്തർ

ദക്ഷിണ കൊറിയയുടെ അടുത്ത തലമുറ യുദ്ധടാങ്ക് ആണ് ബ്ലാക്ക് പാന്തർ. ഹ്യൂണ്ടായി റോട്ടം എന്ന കമ്പനിയാണ് ബ്ലാക്ക് പാന്തറിന്റെ സൃഷ്ടാക്കൾ. കെ2വിന്റെ വില 90 ലക്ഷം ഡോളറിന് അടുത്താണ്. 2014ൽ രൂപകൽപന തുടങ്ങി. ഏറ്റവും കൂടുതൽ നിർമിക്കപ്പെട്ട നാലാം തലമുറ ടാങ്കും ബ്ലാക്ക് പാന്തർ തന്നെ. 300ന് അടുത്ത് ഇപ്പോൾ തന്നെ നിർമിക്കപ്പെട്ടിട്ടുണ്ട്. 120 എംഎം പീരങ്കിയാണ് ഇതിൽ ഉപയോഗിക്കുന്നത്. എല്ലാ എംബിടികളിലും ഉള്ളതുപോലെ തന്നെ പീരങ്കിക്കൊപ്പം ഒരു വിമാനവേധ തോക്കും ഒരു ലൈറ്റ് മെഷീൻ ഗണ്ണും കെ2വിലും ഉണ്ട്.

1500 എച്ച്പി ഡീസൽ എൻജിൻ ഉള്ള ഈ ഭീമന്റെ റേഞ്ച് 450 കിലോമീറ്ററാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഒരാൾക്കു തന്നെ ടാങ്ക് മുഴുവൻ നിയന്ത്രിക്കാൻ പാകത്തിന് ഓട്ടമേറ്റഡ് ആണ് ബ്ലാക്ക് പാന്തർ. വിവിധതരം പീരങ്കിയുണ്ടകളും വേണ്ടി വന്നാൽ മിസൈൽ തന്നെയും കെ2വിന്റെ പീരങ്കിയിലൂടെ തൊടുക്കാം. ഒരു യുദ്ധഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ബ്ലാക്ക് പാന്തറുകളുടെ റഡാറുകൾ നൽകുന്ന വിവരങ്ങൾ ഏകീകരിച്ച് ഒരു വലിയ പ്രദേശം മുഴുവൻ പ്രധാന സൈനിക നിരീക്ഷണ കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാവുന്ന സംവിധാനവും ഈ ‘കരിമ്പുലി’യിലുണ്ട്.

∙ അൽതായ്

Altay Turkey
തുർക്കിയുടെ അൽതായ് ടാങ്ക്.

ടാങ്ക് നിർമാണത്തിൽ താരതമ്യേന പുതുമുഖമാണു തുർക്കി. അതിനാൽ തന്നെ ദക്ഷിണ കൊറിയയുടെ ഹ്യൂണ്ടായ് റോട്ടവുമായി സാങ്കേതിക സഹകരണത്തിൽ ഏർപ്പെട്ട് തുർക്കി ഉണ്ടാക്കിയ നാലാം തലമുറ ടാങ്ക് ആണ് അൽതായ്. തുർക്കിഷ് ജനറൽ ‘ഫഹ്രെത്തിൻ അൽതായ്‌’യുടെ പേരാണ് ടാങ്കിനു നൽകിയിരിക്കുന്നത്.

ഒരു കോടി 40 ലക്ഷം ഡോളറാണ് ഇതിന്റെ ഒരു യൂണിറ്റിനു ചെലവാകുക. ഹ്യൂണ്ടായി റോട്ടം ആണ് തുർക്കിയുമായി സഹകരിക്കുന്നത് എന്നതുകൊണ്ടു തന്നെ കെ2 ബ്ലാക്ക് പാന്തറിന്റെ ഘടകങ്ങൾ അൽതായ് പങ്കിടുന്നുണ്ട്. നിലവിൽ 1500 എച്ച്പി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന അൽതായ് അധികം വൈകാതെ തദ്ദേശീയമായി വികസിപ്പിക്കുന്ന 1800 ബിഎച്ച്പി എൻജിനിലേക്ക് മാറുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്,
അൽതായ്‌യുടെ നിർമാതാക്കളായ തുർക്കിഷ് പ്രതിരോധ കരാർ കമ്പനികൾ. 120 എംഎം തന്നെയാണ് ഇതിലെയും പീരങ്കി. ഇത്രയും വില കൂടുതൽ ആണെങ്കിലും സാങ്കേതിക മികവു പരിഗണിച്ചു പല രാജ്യങ്ങളും അൽതായ് ടാങ്ക് വാങ്ങുന്നതിന് തുർക്കിയുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഈ പട്ടികയിൽ ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ പട്ടികയിലെ ഒന്നാമനായ പാക്കിസ്ഥാനും ഉണ്ട്.

∙ ടൈപ്പ് 10

ജാപ്പനീസ് ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സിനായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് നിർമിച്ച നാലാം തലമുറ യുദ്ധടാങ്ക് ആണ് ടൈപ്പ് 10. നാലാം തലമുറ ടാങ്കുകളിലെ ഏറ്റവും ഭാരം കുറഞ്ഞ ടാങ്ക് ആണിത്. ജപ്പാനിലെ 85 ശതമാനം പാലങ്ങളിലൂടെയും ടൈപ്പ് 10 ഒരു കുഴപ്പവും കൂടാതെ കടന്നുപോകും. സൗകര്യങ്ങൾ കൂടുന്നതിനൊപ്പം ഭാരം കുറയുന്നത് ടാങ്കുകളെ സംബന്ധിച്ചു നല്ല ലക്ഷണമാണെന്നതിനാൽ ടൈപ്പ് 10 സാങ്കേതികമായി മുന്നിലാണെന്നു പ്രഥമദൃഷ്ട്യാ തന്നെ ഉറപ്പിക്കാം.

90 ലക്ഷം ഡോളറാണ് ഒരു യൂണിറ്റിന്റെ വില. 120 എംഎം പീരങ്കി ഉപയോഗിക്കുന്നു. 1200 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ടൈപ്പ് 10ന്റെ റേഞ്ച് 500 കിലോമീറ്ററാണ്. സിവിടി ഗീയർബോക്സ് ഉപയോഗിക്കുന്ന ടാങ്ക് ആയതിനാൽ അതിവേഗം മുൻപോട്ടും പുറകോട്ടും 70 കിലോമീറ്റർ സ്പീഡ് കൈവരിക്കും ഈ ഭീമൻ. ടൈപ്പ് 10ന്റെ മറ്റൊരു പ്രത്യേകത ടാങ്കിന്റെ എല്ലാ വശങ്ങളും ഉയർത്താനോ താഴ്ത്താനോ കഴിയുന്ന തരം സസ്പെൻഷൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. വാഹനം നിയന്ത്രിക്കുന്നതിൽ മേൽക്കൈ നേടാൻ ഇതു സഹായിക്കും.

മുൻപ് ടാങ്ക് പീരങ്കികൾ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വാങ്ങിയിരുന്ന ജപ്പാൻ പക്ഷേ, ടൈപ്പ് 10ന്റെ പീരങ്കി തദ്ദേശീയമായി തന്നെ നിർമിക്കുകയാണ്. മികച്ച ഫയർ കൺട്രോൾ, കംപ്യൂട്ടർ സംവിധാനവും ടൈപ്പ് 10ൽ ഒരുക്കിയിട്ടുണ്ട്. പുതിയ ടാങ്ക് നിർമിക്കുമ്പോൾ ജപ്പാൻ പട്ടാളത്തിന്റെ ആവശ്യവും അതു തന്നെയായിരുന്നു.

അധുനികവൽക്കരിച്ച മൂന്നാം തലമുറ ടാങ്കുകൾ, അവ നിർമിക്കുന്ന രാജ്യങ്ങൾ:

∙ ടി90 എം – റഷ്യ
∙ ലപ്പേർഡ് 2 – ജർമനി
∙ എം1എ2സി ഏബ്രാംസ് – യുഎസ്
∙ ചാലഞ്ചർ 2 – യുകെ
∙ ലെക്‌ലേർക് എക്എൽആർ – ഫ്രാൻസ്
∙ മെർകാവ മാർക് 4 – ഇസ്രയേൽ
∙ ടൈപ്പ് 99എ – ചൈന
∙ സി2 അരിയറ്റെ – ഇറ്റലി
∙ ടി 84 ഒപ്‌ലോട്ട് എം – യുക്രെയ്ൻ
∙ അർജുൻ മാർക് 2 – ഇന്ത്യ
∙ അൽ ഖാലിദ് 2 – പാക്കിസ്ഥാൻ
∙ സുൾഫിക്കർ 3 – ഇറാൻ
∙ കെ1 എ1 – ദക്ഷിണ കൊറിയ
∙ സ്ട്രിഡ്സ്‌വാഗൺ 122 – സ്വീഡൻ

English Summary: Battle Tanks, history and generations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com