ADVERTISEMENT

ചെന്നൈ∙ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി കെ.പളനിസാമിയെ ഐകകണ്ഠ്യേന അംഗീകരിച്ച് അണ്ണാഡിഎംകെ ജനറൽ കൗൺസിൽ യോഗം. തിരഞ്ഞെടുപ്പു സഖ്യം, സീറ്റ് നിർണയം എന്നീ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ പാർട്ടി കോഓർഡിനേറ്റർ ഒ.പനീർസെൽവം, ജോയിന്റ് കോഓർഡിനേറ്റർ എടപ്പാടി പളനിസാമി എന്നിവർക്ക് കൗൺസിൽ അധികാരം നൽകി. 

മുഖ്യമന്ത്രി സ്ഥാനാർഥിയായി പളനിസാമിയെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത് പനീർസെൽവമാണ്. ജനങ്ങൾ അംഗീകരിച്ച സർക്കാരാണ് പളനിസാമിയുടെ നേതൃത്വത്തിലെന്നു പനീർസെൽവം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണെന്നും തുടർച്ചയായ മൂന്നാം തവണയും ഭരണം പിടിക്കുമെന്നും എടപ്പാടി പളനിസാമി പറഞ്ഞു. മറീനയിലെ ജയലളിത സ്മാരകം ഒരു മാസത്തിനുള്ളിൽ തുറക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ശ്രീലങ്കൻ തമിഴർക്ക് നീതി ഉറപ്പാക്കണമെന്നത് ഉൾപ്പെടെ 16 നിർദേശങ്ങൾ അടങ്ങിയ പ്രമേയവും യോഗം പാസാക്കി.

സർക്കാരിന്റെ പ്രവർത്തനത്തിൽ കൗൺസിൽ അംഗങ്ങൾ പൂർണ തൃപ്തി അറിയിച്ചു. പാർട്ടിയെ നയിക്കാൻ പനീർസെൽവത്തിന്റെ നേതൃത്വത്തിൽ 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയെയും നിയമിച്ചു. മന്ത്രിമാരായ ഡിണ്ടിഗൽ ശ്രീനിവാസൻ, പി.തങ്കമണി, എസ്.പി.വേലുമണി, ഡി.ജയകുമാർ, ആർ.കാമരാജ്, എസ്.വി.ഷൺമുഖം, മുൻ എംഎൽഎ ജെ.സി.ടി.പ്രഭാകരൻ, മുൻ എംപി മനോജ് പാണ്ഡ്യൻ, മുൻ മന്ത്രി മോഹൻ ഗോപാലകൃഷ്ണൻ, ചോളവന്താൻ മാണിക്യം എന്നിവരാണ് മറ്റ് അംഗങ്ങൾ. 5 വർഷമാണു കാലാവധി.

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിലാണു മത്സരമെന്നും ദേശീയ കക്ഷികൾക്കു തിരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്നും മുതിർന്ന നേതാവ് കെ.പി. മുനുസാമി പറഞ്ഞു. 

അണ്ണാഡിഎംകെയുടെ നേതൃത്വത്തിലാവും തിരഞ്ഞെടുപ്പു സഖ്യമെന്നാണു പാർട്ടി തീരുമാനമെന്ന് ഇതോടെ ഉറപ്പായി. പാർട്ടി ഒറ്റക്കെട്ടാണെന്നും പുറത്തു നിന്നുള്ള ശക്തികൾക്ക് ഐക്യം തകർക്കാൻ കഴിയില്ലെന്നുമുള്ള സന്ദേശമാണ് ജനറൽ കൗൺസിൽ യോഗത്തിനു ശേഷം അണ്ണാഡിഎംകെ നേതാക്കൾ നൽകിയത്.

പാർട്ടിയിൽ ആഭ്യന്തര കലഹങ്ങളില്ലെന്നും ശശികലയുടെ തിരിച്ചുവരവ് അണ്ണാഡിഎംകെയെ ബാധിക്കില്ലെന്നും പാർട്ടി വക്താവും മുൻ ശശികല പക്ഷക്കാരനുമായ വി.പുകഴേന്തിയുടെ പ്രസ്താവന തന്നെ ഉദാഹരണം. ശശികല പക്ഷത്തുണ്ടായിരുന്ന മറ്റു നേതാക്കൾക്കും പദവികളോ, സീറ്റുകളോ നൽകി അനുനയിപ്പിക്കാനും ശ്രമമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ പൂർണ നിയന്ത്രണം ഒപിഎസ്, ഇപിഎസ് ഇരട്ട നേതൃത്വത്തിനാണെന്ന് ജനറൽ കൗൺസിൽ യോഗത്തോടെ വ്യക്തമായി.

English Summary: AIADMK General Council ratifies Palaniswami as CM candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com