ADVERTISEMENT

കൊച്ചി ∙ വിദേശത്തേക്കു ഡോളർ കടത്തിയെന്ന കേസിൽ നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാമെന്നു കസ്റ്റംസിനു നിയമോപദേശം. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റർ ജനറൽ പി.വിജയകുമാറാണു നിയമോപദേശം നൽകിയത്. സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമതടസ്സങ്ങളില്ല. സഭയോടുള്ള ആദരസൂചകമായി, സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. നിയമോപദേശം ഇമെയിലായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർക്ക് അയച്ചെന്നാണു വിവരം.

കേസിൽ പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനാണു സ്പീക്കറെ ചോദ്യം ചെയ്യുന്നത്. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്നാണു കേസ്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെടുത്തിയാണു ഡോളർ കടത്തിലും കസ്റ്റംസ് കേസെടുത്തത്.

അതേസമയം, ഡോളർ കടത്തുമായി ബന്ധപ്പെട്ടു സ്വപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദുബായിലുള്ള 2 മലയാളികളെ അടുത്തയാഴ്ച ചോദ്യം ചെയ്യും. മലപ്പുറം ജില്ലക്കാരായ ലാഫിർ മുഹമ്മദ്, കിരൺ എന്നിവരെയാണു ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴി പ്രകാരം ഇവിടെനിന്നു യുഎഇ കോൺസുലേറ്റിലെ ഉന്നതൻ വഴി ദുബായിലെത്തിച്ച ഡോളർ ഇവർ രണ്ടുമാണ് ഏറ്റുവാങ്ങിയത്. ദുബായിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും മറ്റു ചില വ്യവസായ നിക്ഷേപങ്ങൾക്കും ഇടനിലക്കാരാണ് ഇരുവരുമെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.

English Summary: Kerala speaker to be quizzed after assembly session by Customs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com