ADVERTISEMENT

തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അനുയായികളുടെ മുന്നിൽ ‘തോൽക്കാതിരിക്കാൻ’ അമേരിക്കയുടെ നെഞ്ചിൽ വലിയൊരു കനൽ ഊതിപ്പിടിപ്പിച്ചാണു ട്രംപ് പടിയിറങ്ങുന്നത്. യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു ഡോണൾഡ് ട്രംപ് മടങ്ങുമ്പോഴും ഏറെക്കാലം ലോകത്തിനു മുന്നിൽ ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്ന വലിയൊരു മതിൽ. യുഎസ്–മെക്സിക്കോ അതിരിൽ ഉയരുന്ന മതിൽ എക്കാലത്തേക്കുമുള്ള ട്രംപിന്റെ രാഷ്ട്രീയ നിക്ഷേപവുമാണ്. തന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായ മതിലിന്റെ നിർമാണജോലികൾ നേരിട്ടു വിലയിരുത്താനുള്ള ഒരുക്കത്തിലാണ് ഭരണത്തിന്റെ അവസാന നാളുകളിലൂടെ കടന്നുപോകുന്ന ട്രംപ്.

ചൊവ്വാഴ്ച ട്രംപ് യുഎസ്–മെക്സിക്കോ അതിർത്തി സന്ദർശിച്ചേക്കുമെന്നാണു വൈറ്റ് ഹൗസിന്റെ അറിയിപ്പ്. മതിൽ നിർമാണവും അതിന്റെ ഭരണപരമായ നടപടികളും വിലയിരുത്തുകയാണ് ഉദ്ദേശ്യം. ടെക്സസിലെ അലാമോ നഗരത്തിലാണു ട്രംപ് എത്തുക. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ പുരോഗമിക്കുന്ന മതിൽപണിയുടെ പൂർത്തിയായ 400–450 മൈൽ ഭാഗത്തിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിലാണു മതിൽ പ്രധാന ആയുധമായത്. നിർമാണച്ചെലവ് മെക്സിക്കോയും പങ്കിടുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും നിലവിൽ അമേരിക്കക്കാരുടെ നികുതിപ്പണത്തിലാണു നിർമാണം.

ജോ ബൈഡന്റെ വിജയം തടയാനുള്ള അറ്റകൈ പ്രയോഗമായി ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോളിൽ കലാപം നടത്തിയ ശേഷമുള്ള പ്രസിഡന്റിന്റെ ആദ്യ പൊതുചടങ്ങ് കൂടിയാകും സന്ദർശനം. സർക്കാരിന്റെ കാലാവധി തീരാനിരിക്കെ, രാവുംപകലുമായി അതിവേഗത്തിലാണു മതിൽനിര്‍മാണം. ഏതൊക്കെ ഭാഗത്താണ് അടിയന്തരമായി പണികൾ നടക്കേണ്ടതെന്നു നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, കാപ്പിറ്റോൾ കലാപത്തെ പിന്തുണച്ചെന്നാരോപിച്ചു ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയവും വരുന്നുണ്ട്. അധികാര ദുർവിനിയോഗത്തിന്റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. ഒരു യുഎസ് പ്രസിഡന്റും രണ്ടു വട്ടം ഇംപീച്ച്മെന്റിനു വിധേയനായിട്ടില്ല.

എന്തായി മതിലുപണി?

യുഎസ്–മെക്സിക്കോ അതിർത്തിയിൽ 2020 അവസാനത്തോടെ 450 മൈൽ നീളത്തിൽ മതിൽ നിർമിക്കും എന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിനായുള്ള കഠിനാധ്വാനത്തിലാണു തൊഴിലാളികളും ഉദ്യോഗസ്ഥരും. ലക്ഷ്യം നേടിയെന്നാണു യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌‍‌ഷൻ കമ്മിഷണർ മാർക്ക് മോർഗൻ പറയുന്നത്. സ്റ്റീലും കോൺക്രീറ്റും ഉൾപ്പെടെ ഉപയോഗിച്ചു നിർമിക്കുന്ന മതിലിന്റെ പ്രഖ്യാപിത നീളം ഡിസംബർ 31ന് പൂർത്തിയായിട്ടുണ്ട്. വെല്ലുവിളികൾ നേരിട്ടായിരുന്നു നിർമാണം മുന്നോട്ടു പോയത്. ഇതു സാധ്യമാകില്ലെന്നു ധാരാളം പേർ ചിന്തിച്ചിരുന്നു. വലിയ നേട്ടമാണിതെന്നും മാർക്ക് മോർഗൻ അഭിപ്രായപ്പെട്ടു.

Us Mexico border wall
യുഎസ്– മെക്സിക്കോ അതിർത്തി മതിൽ.

ട്രംപിന്റെ വാഗ്ദാനത്തിന്റെ ഭാഗിക പൂർത്തീകരണമാണു നടന്നിരിക്കുന്നത്. 2000 മൈൽ നീളമുള്ള മെക്സിക്കോ അതിർത്തിയിലെ 1000 മൈൽ പ്രദേശത്തു മതിൽ ഉയർത്തുമെന്നായിരുന്നു പ്രചാരണ സമയത്തു ട്രംപിന്റെ വാക്ക്. കലിഫോർണിയയിലെ പസിഫിക് കോസ്റ്റ് മുതൽ ടെക്സസിലെ ഗൾഫ് ഓഫ് മെക്സിക്കോ വരെയുള്ള മതിലിനായി 4 ബില്യൻ ഡോളർ ചെലവ് വരുമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ, നിർമാണം നടക്കുന്ന 738 മൈൽ ദൂരത്തിന് ഇതുവരെ 15 ബില്യൻ ഡോളർ ചെലവായി; പൂർത്തിയായിക്കൊണ്ടിരിക്കുന്നത് 450 മൈൽ മാത്രവും. ഇതിൽ 340 മൈലിലേറെ മാറ്റിപ്പണിതതും 40 മൈലോളം പുതിയതും 50 ലേറെ മൈൽ നീളത്തിൽ പഴയതിനു പിന്നിലായി പണിത രണ്ടാം മതിലുമാണ്.

1200-jo-biden-d-trump
ഡോണൾഡ് ട്രംപ്, ജോ ബൈഡൻ

സർക്കാരിന്റെ ആദ്യ മൂന്നു വർഷം സാവധാനത്തിലാണു ജോലികൾ നീങ്ങിയത്. കഴിഞ്ഞ 12 മാസത്തിനിടെ ദ്രുതവേഗമായി. ജനുവരിയിൽ മാത്രം 100 മൈൽ നീളത്തിൽ നിർമാണം നടക്കുന്നുണ്ട്. തെക്കൻ അതിർത്തി മതിൽകെട്ടി സംരക്ഷിക്കുമെന്ന പ്രസിഡന്റിന്റെ ഉറപ്പ് യാഥാർഥ്യമായെന്നു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ചാഡ് വോൾഫ് പറഞ്ഞു. ഓപ്പറേറ്റർമാരോടു വിശദമായി സംസാരിച്ച പ്രസിഡന്റ്, ജോലികൾ വേഗത്തിലാക്കാനായി പണവും റോഡ്, വെളിച്ചം, ക്യാമറ, സെൻസറുകൾ തുടങ്ങിയ സംവിധാനങ്ങളുമടങ്ങുന്ന ഫുൾ പാക്കേജാണ് അനുവദിച്ചതെന്നും വോൾഫ് ചൂണ്ടിക്കാട്ടി. പ്രതിരോധ വകുപ്പിന്റെ ഭാഗമായ ആർമി കോർ ഓഫ് എൻജിനീയേഴ്സിനാണു മേൽനോട്ട ചുമതല.

18 മുതൽ 30 വരെ അടി ഉയരത്തിലാണു മതിൽ പൂർത്തിയാവുന്നത്. ചില ദിവസം ഒരു മൈൽ, രണ്ടു മൈൽ എന്നിങ്ങനെയായിരുന്നു ആദ്യ വർഷങ്ങളിലെ നിർമാണം. 2020 നവംബറിൽ 450 മൈൽ പൂർത്തിയാകുമെന്ന് അന്നത്തെ ആർമി കോർ കമാൻഡിങ് ജനറൽ ടോഡ് സെമനൈറ്റ് 2019 ഏപ്രിലിൽ പറഞ്ഞെങ്കിലും യാഥാർഥ്യമായില്ല. മതിലിനുള്ള ചെലവ് മെക്സിക്കോയും വഹിക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടപ്പോൾ അവരതു നിരസിച്ചു. യുഎസ് ഖജനാവിൽനിന്നാണു ഇപ്പോൾ പണം കണ്ടെത്തുന്നത്. തൊണ്ണൂറുകളിൽ ക്ലിന്റൻ ഭരണകൂടമാണു മതിൽ നിർമാണത്തിനു തുടക്കമിട്ടത്. 2001ലെ ഭീകരാക്രമണത്തിനു പിന്നാലെ ജോർജ് ഡബ്ല്യു ബുഷ് മതിലിന്റെ ദൂരം കൂട്ടി. ട്രംപ് വന്നതോടെ മതിലായി മുഖ്യ ഇനം.

Us Mexico border wall
യുഎസ്– മെക്സിക്കോ അതിർത്തി മതിൽ.

മതിൽ പൊളിക്കുമോ ബൈഡൻ?

തെക്കുകിഴക്കന്‍ അരിസോണയിലെ ആളൊഴിഞ്ഞ സ്ഥലത്ത്, സാന്‍ പെഡ്രോ നദി മെക്‌സിക്കോയില്‍നിന്നു വടക്കോട്ട് ഒഴുകി അമേരിക്കന്‍ അതിര്‍ത്തി കടക്കുന്നുണ്ട്. തന്ത്രപ്രധാനമായ ഈ ഭാഗം നൂറുകണക്കിനു മൃഗങ്ങളുടെ ആവാസ കേന്ദ്രമായ മൈഗ്രേഷന്‍ ഗേറ്റ്‌വേയാണ്. നാഷനല്‍ ഡൂബന്‍ സൊസൈറ്റി ഫോര്‍ അരിസോണ പറയുന്നത്, വടക്കേ അമേരിക്കയിലെ 40% പക്ഷിമൃഗാദികള്‍ ജീവിതത്തിന്റെ ഒരു ഭാഗം സാന്‍ പെഡ്രോ നദിയില്‍ ചെലവിടുന്നുവെന്നാണ്. എന്നാല്‍ യുഎസ് അതിര്‍ത്തി പട്രോളിങ് സംഘം നദിയെ ലഹരിമരുന്നു കള്ളക്കടത്തിന്റെയും അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെയും കവാടമായാണു കാണുന്നത്.

നദീതീരത്തിനു കുറുകെ 30 അടി ഉയരമുള്ള സ്റ്റീല്‍ വേലിയാണ് ഉയരുന്നത്. ഇതു നദിയെ ആശ്രയിക്കുന്ന ജീവികളുടെ ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ജീവികളുടെ ഭക്ഷണം, ഇണചേരൽ എന്നിവയെയെല്ലാം മതിൽ തടസ്സപ്പെടുത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. പ്രദേശത്തെ പാരിസ്ഥിതികാഘാതം വിശകലനം ചെയ്യുന്നതിനും കുറയ്ക്കുന്നതിനുമായി മതില്‍ പദ്ധതി പലവട്ടം വിശകലനം ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്‌ഷന്റെ മറുപടി. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ വന്യജീവി കുടിയേറ്റത്തെ സഹായിക്കാനുള്ള മാർഗങ്ങൾ പദ്ധതിയിലുണ്ടെന്നും വിശദീകരണമുണ്ട്.

ജോലികൾ അതിവേഗം പുരോഗമിക്കുന്ന മെക്സിക്കൻ അതിർത്തിയിലെ മതിൽ.
യുഎസ്– മെക്സിക്കോ അതിർത്തി മതിൽ.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നതു തന്റെ ഭരണത്തില്‍ മറ്റൊരു മതില്‍ പണിയുകയില്ല എന്നാണ്. ബൈഡന്‍ മതില്‍ നിര്‍മാണം നിര്‍ത്തുക മാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിലുൾപ്പെടെ പൊളിച്ചുമാറ്റിയേക്കുമെന്നും അഭ്യൂഹമുണ്ട്. ട്രംപ് തുടങ്ങിവച്ച കാര്യങ്ങള്‍ ബൈഡന്‍ പൂര്‍ത്തിയാക്കുമെന്നാണു പ്രതീക്ഷയെന്ന് അതിര്‍ത്തി പട്രോളിങ് ഏജന്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ നാഷനല്‍ ബോര്‍ഡര്‍ പട്രോളിങ് കൗണ്‍സില്‍ പ്രസിഡന്റ് ബ്രാന്‍ഡന്‍ ജഡിൻ അഭിപ്രായപ്പെടുന്നു. അമേരിക്കക്കാരുടെ വിശ്വാസവും പ്രീതിയും ലഭിക്കാന്‍ അതിര്‍ത്തി സുരക്ഷിതമാക്കണമെന്നും മതിലിനെക്കുറിച്ചുള്ള പാരിസ്ഥിതിക ആശങ്കകള്‍ അതിരു കടന്നതാണെന്നും ജഡ് പറഞ്ഞു.

അഭയം തേടുന്ന മനുഷ്യർ

അഭയാർഥികളുടെ സ്വപ്നദേശമാണ് അമേരിക്ക. അനധികൃതമായി അവിടെയെത്തുന്നതാകട്ടെ ദുഷ്കരവും. വർഷം തോറും ലക്ഷക്കണക്കിനാളുകൾക്കു യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം നൽകുന്നു. എന്നാൽ ആയിരങ്ങൾക്കു മാത്രമാണു നിയമാനുസൃതം അമേരിക്കയിൽ അഭയം ലഭിക്കുന്നത്. യുഎസ് – മെക്സിക്കോ അതിർത്തിയിലെ പല പട്ടണങ്ങളും അഭയാർഥികളുടെ എണ്ണക്കൂടുതൽ കൊണ്ടു വീർപ്പുമുട്ടുകയാണ്. മധ്യ അമേരിക്കൻ രാഷ്ട്രങ്ങളിൽനിന്നും ആഫ്രിക്ക, ഇറാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുമുള്ള പതിനായിരക്കണക്കിനു മനുഷ്യർ, ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചാണ് അതിർത്തിയിൽ ഊഴം കാത്തിരിക്കുന്നത്.

വിരലിലെണ്ണാവുന്നവരുടെ രേഖകൾ മാത്രമാണു യുഎസ് അധികൃതർ ദിവസവും പരിശോധിക്കുക. മാസങ്ങളോളം ഇത്രയും അഭയാർഥികൾക്കാവശ്യമായ ഭക്ഷണവും താമസസൗകര്യവും ഏർപ്പെടുത്തേണ്ട ഭാരിച്ച ബാധ്യത മെക്സിക്കോ സർക്കാരിന്റെ തലയിലും. ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാർ നിലവിൽ അമേരിക്കയിലുണ്ടെന്നാണു ഭരണകൂടത്തിന്റെ അവകാശവാദം. ഇനിയും അഭയാർഥികളെ സ്വീകരിക്കാനാവില്ലെന്ന നിലപാടാണു ട്രംപിന്റേത്. അമേരിക്കയ്ക്കുള്ളിലും പുറത്തും വലിയ പ്രതിഷേധങ്ങൾ നടന്നിട്ടും മതിൽ നിർമാണത്തിൽനിന്നു പിന്മാറാൻ ട്രംപ് തയാറായില്ല. 3218 കിലോമീറ്റർ നീളമുള്ള മഹാമതിലിനു ജനപ്രതിനിധിസഭ പണം അനുവദിക്കാതിരുന്നതു വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

US-Mexico Border Wall
യുഎസ്– മെക്സിക്കോ അതിർത്തി മതിലിനെതിരെ നൃത്തം ചെയ്തു പ്രതിഷേധിക്കുന്നവർ. ചിത്രം: Guillermo Arias / AFP

പണം കണ്ടെത്താന്‍ വഴികളില്ലാതായതോടെ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മതിലിനു പണം അനുവദിച്ചില്ലെങ്കില്‍ മറ്റു ബില്ലുകളിലൊന്നും ഒപ്പിടില്ലെന്നും ട്രംപ് നിലപാടെടുത്തതോടെ അമേരിക്ക കുറച്ചുനാൾ ഭരണസ്തംഭനത്തിലുമായി. തീവ്ര വംശീയതയും അമേരിക്കൻ പക്ഷപാതിത്വവും കൈമുതലായ ട്രംപിന്റെ ‘ജീവിച്ചിരിക്കുന്ന സ്മാരകം’ ആകും മതിൽ. പണി തുടർന്നാലും പൊളിച്ചു കളഞ്ഞാലും വെറുപ്പിൽ പുകഞ്ഞുകത്താനുള്ള ശേഷിയുണ്ട് ഈ മതിലിന്. തദ്ദേശീയർ മാത്രം മതിയെന്ന ചിന്താഗതിക്കാരുടെ എണ്ണം കൂടുന്ന രാജ്യത്ത്, വിഭജനത്തിന്റെ വിത്തിട്ടാണു ട്രംപിന്റെ മടക്കം. നാലു വർഷത്തിനുശേഷം വീണ്ടും അങ്കത്തട്ടിൽ തിരിച്ചെത്തുമെന്നു സൂചിപ്പിച്ച ട്രംപിന് അന്നേയ്ക്കുള്ള ഇന്ധനം കൂടിയാവും മഹാമതിൽ.

English Summary: Donald Trump to visit US-Mexico border to laud border wall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com