പാലാ തങ്കത്തോട് ‘അമ്മ’ നീതി കാണിച്ചില്ല: ടി.പി.മാധവൻ
Mail This Article
കൊല്ലം∙ അന്തരിച്ച സിനിമാ താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാര സംഘടനയായ ‘അമ്മ’ നീതി കാണിച്ചില്ലെന്നു അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി ടി.പി.മാധവൻ. ഇന്നത്തെ സംഘാടകർ കാട്ടുന്ന നീതികേടിനു താൻ മാപ്പു ചോദിക്കുന്നതായും ടി.പി.മാധവൻ പറഞ്ഞു.
ഞായർ രാത്രി 7.30 നാണു പാലാ തങ്കം പത്തനാപുരം ഗാന്ധി ഭവനിൽ മരിച്ചത്. മുതിർന്ന താരങ്ങളോ, അമ്മയുടെ ഭാരവാഹികളോ, എത്തിയില്ല. അമ്മയുടെ വൈസ് പ്രസിഡന്റും സ്ഥലം എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാറും എത്തിയില്ല. ടി.പി മാധവനും വർഷങ്ങളായി ഗാന്ധി ഭവനിലെ അന്തേവാസിയാണ്.
2013 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായിരുന്നു പാലാ തങ്കം. അസുഖം ഗുരുതരമായ വെള്ളിയാഴ്ച തന്നെ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിവരം അറിയിച്ചിരുന്നതായി ഗാന്ധിഭവൻ അധികൃതർ അറിയിച്ചു. മരിച്ച ശേഷം ഇടവേള ബാബുവിന്റെ ഓഫിസിൽ നിന്നും വിളിച്ചു അമ്മയുടെ പേരിൽ നിങ്ങൾ തന്നെ റീത്തു വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തിലായിരുന്നു സംസ്കാരം.
English Summary: TP Madhavan against AMMA