ADVERTISEMENT

ടെക്‌സസ്∙ തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം കൂടുതല്‍ അക്രമങ്ങള്‍ക്കു കാരണമാകുമെന്ന മുന്നറിയിപ്പു നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആറു ദിവസത്തെ നിശബ്ദതയ്ക്കു ശേഷമാണ് ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ക്കെതിരെ ട്രംപ് രംഗത്തെത്തിയത്.

രണ്ടു പൊലീസുകാരുടെ ഉള്‍പ്പെടെ മരണത്തിനിടയാക്കിയ കാപ്പിറ്റോള്‍ ആക്രമണത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. അക്രമത്തിനു താന്‍ അനുയായികളെ പ്രേരിപ്പിച്ചുവെന്ന ആരോപണം അടസ്ഥാനരഹിതമാതെന്നും ട്രംപ് പറഞ്ഞു. 

തനിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നും ട്രംപ് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇതു കടുത്ത വിദ്വേഷത്തിനും വിഭജനത്തിനും ഇടയാക്കുന്നുണ്ട്. നിര്‍ണായകമായ ഈ സമയത്ത് ഇത്തരം നീക്കങ്ങള്‍ അമേരിക്കയ്ക്കു കൂടുതല്‍ അപകടകരമാകുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.

25-ാം ഭേദഗതി കൊണ്ടു തനിക്ക് യാതൊരു ഭീഷണിയുമില്ലെന്നും ബൈഡന്‍ ഭരണകൂടത്തെ അതു തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ച് അതീവജാഗ്രത വേണമെന്നും ട്രംപ് വ്യക്തമാക്കി. ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കാന്‍ ഡമോക്രാറ്റുകള്‍ നടത്തുന്ന നീക്കത്തോടുളള ട്രംപിന്റെ ആദ്യ പ്രതികരണമാണിത്. ട്രംപിനെ നീക്കാനുള്ള നടപടികള്‍ക്കു ചില മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കളും പിന്തുണ നല്‍കുമെന്നാണു സൂചന. 

ഇംപീച്ച്‌മെന്റ് അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ജനപ്രതിനിധി സഭയിലെ മുതിര്‍ന്ന നിപ്പബ്ലിക്കന്‍ നേതാവായ ലിസ് ചെനി അറിയിച്ചു. മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ മകളാണ് ലിസ്. അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഇത്രയും വലിയ വഞ്ചന ഉണ്ടായിട്ടില്ലെന്ന് കാപ്പിറ്റോള്‍ അക്രമം പരാമര്‍ശിച്ച് ലിസ് പറഞ്ഞു. റിപ്പബ്ലിക്കന്‍ അംഗങ്ങളായ ജോണ്‍ കാറ്റ്‌കോയും ആഡം കിസിഞ്ജറും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നടപടിയോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ട്രംപിന്റെ ശല്യം ഒഴിവാകുമെന്നാണു പല നേതാക്കളുടെയും അഭിപ്രായം. 

അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസംബറില്‍ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്‌തെങ്കിലും 2020 ഫെബ്രുവരിയില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റില്‍ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ. കുറ്റവിചാരണ വിജയിച്ചാല്‍ മുന്‍ പ്രസിഡന്റുമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും. ജനുവരി 20നാണ് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

English Summary: Trump Warns His Impeachment Could Lead To More Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com