68 വർഷത്തിനുശേഷം യുഎസിൽ വീണ്ടും വനിതയ്ക്ക് വധശിക്ഷ; ലിസയ്ക്ക് മാപ്പില്ല

Lisa-Montgomery
ലിസ മറീ മോണ്ട്ഗോമറി
SHARE

വാഷിങ്ടൻ ∙ പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും യുഎസിൽ ഒരു വനിതയ്ക്കു വധശിക്ഷ. മാനസിക വെല്ലുവിളി നേരിടുന്ന ലിസ മറീ മോണ്ട്ഗോമറിയെയാണ് വധശിക്ഷയ്ക്കു വിധേയയാക്കിയത്. ഓൺലൈൻ ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23), 2004 ഡിസംബർ 16ന് അവരുടെ വീട്ടിൽ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്നശേഷം വയർ കീറി ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു വധശിക്ഷ വിധിച്ചത്.

എട്ടുമാസമുള്ള ഗർഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാൻസസിലെ ഫാംഹൗസിൽ കണ്ടെത്തി. സ്വന്തം കുഞ്ഞാണെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗർഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏൽപിച്ചു. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്കു മാപ്പു നൽകണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു.

കുട്ടിക്കാലത്തു വളർത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്കു ക്ഷതമേറ്റിരുന്നു. അതിന്റെ ഫലമായി, അവൾ വളർന്നപ്പോൾ മാനസിക ദൗർബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്കു മാപ്പു നൽകണമെന്ന ആവശ്യമുയർന്നത്.

68 വർഷത്തിനു ശേഷമാണ് യുഎസിൽ വീണ്ടും ഒരു വനിതയ്ക്കു വധശിക്ഷ നടപ്പാക്കിയത്. 1953 ൽ ബോണി ബ്രൗൺ ഹെഡിയുടെ വധശിക്ഷയാണ് യുഎസിൽ അവസാനമായി നടപ്പാക്കിയത്. കാൻസസ് നഗരത്തിലെ ധനികനായ ബോബി ഗ്രീൻലീസിന്റെ ബന്ധുവെന്ന വ്യാജേന സ്കൂളിലെത്തിയ ബോണി, ബോബിയുടെ ആറു വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി.

തുടർന്ന് ബോണിയും കാമുകൻ കാൾ ഓസ്റ്റിൻ ഹാളും ചേർന്ന് കുട്ടിയെ വിട്ടുനൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു. വലിയ തുക മോചനദ്രവ്യമായി ലഭിച്ചെങ്കിലും ഇതിനോടകം കുട്ടിയെ കാൾ തോക്കിനിരയാക്കിയിരുന്നു. പിന്നീട് അറസ്റ്റിലായ ഇരുവരെയും വിചാരണ ചെയ്ത് വധശിക്ഷ വിധിച്ചു. 81 ദിവസത്തിനുശേഷം വിഷവാതകം ശ്വസിപ്പിച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.

യുഎസിൽ ഇതുവരെ 5 വനിതകളെയാണു ഫെഡറൽ സംവിധാനം വധശിക്ഷയ്ക്കു വിധേയരാക്കിയിട്ടുള്ളത്. പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ കൊലപാതകത്തിൽ ജോൺ വിൽക്സ് ബൂത്തിനൊപ്പം കൂട്ടുപ്രതിയായിരുന്ന മേരി സുററ്റാണ് (1865 ജൂലൈ ഏഴ്) യുഎസിൽ ആദ്യമായി വധശിക്ഷയ്ക്കു വിധേയയായ വനിത. 1890 കളിൽ മേരി ഒ കമ്മോൻ, കേയ്റ്റ് മക്‌ഷേയ്ൻ എന്നിവരുടെ വധശിക്ഷ നടപ്പാക്കി. ചാരക്കുറ്റം ചുമത്തപ്പെട്ട ഏഥൽ റോസൻബർഗിനെ ഭർത്താവ് ജൂലിയസ് റോസൻബർഗിനൊപ്പം 1953 ജൂൺ 19ന് വധശിക്ഷയ്ക്കു വിധേയയാക്കി.

English Summary: Lisa Montgomery becomes first woman executed by feds in 68 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA