ഇംപീച്ച്‌മെന്റ്: സെനറ്റില്‍ ഉറ്റുനോക്കി ട്രംപിന്റെ നീക്കം; ബൈഡനും നഷ്ടം?

1200-joe-biden-us-capitol-donald-trump
ജോ ബൈഡൻ (Photo by ANGELA WEISS / AFP), യുഎസ്‍ കാപിറ്റോൾ (Photo By Stefani Reynolds/Getty Images/AFP), ഡോണൾഡ് ട്രംപ് (Photo by MANDEL NGAN / AFP)
SHARE

വാഷിങ്ടന്‍∙ ദിവസങ്ങള്‍ക്കു മുൻപു ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട അതേ ചേംബറില്‍ ഒത്തുകൂടിയ ജനപ്രതിനിധികള്‍, അക്രമികളെ അനുകൂലിച്ച അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനമെടുക്കുന്നു. അമേരിക്കയുടെ 231 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡന്റ് രണ്ടാം വട്ടവും ഇംപീച്ച്‌മെന്റ് നേരിടേണ്ടിവരുന്ന അസാധാരണ സാഹചര്യം. 

കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിനു പുറത്തു നടത്തിയ റാലിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്തുവെന്നതാണ് ഇംപീച്ച്‌മെന്റിനു കാരണമായി ഡമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജനപ്രതിനിധി സഭയില്‍ 197നെതിരെ 232 വോട്ടുകള്‍ക്കു പാസാക്കിയ പ്രമേയം ഇനി നൂറംഗ സെനറ്റിലേക്ക്. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ അംഗങ്ങള്‍ ജൂറികളായി ട്രംപിനെതിരെ കുറ്റവിചാരണ നടത്തും. ആയിരങ്ങളുടെ ജീവനെടുക്കുന്ന കോവിഡ് മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട സമയത്താണ് ട്രംപിന്റെ ഇംപീച്ച്‌മെന്റിനെ ചൊല്ലി അമേരിക്കന്‍ നേതൃത്വം പരസ്പരം പോരടിക്കുന്നത്. 

ട്രംപിന്റെ ഭാവി

അധികാരദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസംബറില്‍ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്‌തെങ്കിലും 2020 ഫെബ്രുവരിയില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റില്‍ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ. കാപ്പിറ്റോള്‍ അതിക്രമത്തില്‍ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇത്തവണ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍.

ട്രംപിനെ ഇംപീച്ച് ചെയ്യുക എന്നതിനപ്പുറത്തേക്ക് ട്രംപിസത്തെയാകെ പ്രതിക്കൂട്ടില്‍നിര്‍ത്തുകയെന്ന ലക്ഷ്യവും ഡമോക്രാറ്റുകള്‍ക്കുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാസങ്ങളായി ട്രംപ് തുടരുന്ന നടപടികളെക്കുറിച്ചും ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റായിരുന്നപ്പോഴത്തെ ട്രംപിന്റെ പെരുമാറ്റവും ചര്‍ച്ചകള്‍ക്കിടെ രൂക്ഷ വിമര്‍ശനത്തിനു വിധേയമായി. 

Donald-Trump-Capitol-Attack

കഴിഞ്ഞ തവണ ജനപ്രതിനിധി സഭയില്‍ ഒറ്റ റിപ്പബ്ലിക്കന്‍ അംഗം പോലും ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചിരുന്നില്ല. പക്ഷെ ഇക്കുറി സ്വന്തം പാര്‍ട്ടിയിലെ പത്ത് അംഗങ്ങളെങ്കിലും ട്രംപിന് എതിരായി പ്രമേയത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കാപ്പിറ്റോള്‍ അഴിഞ്ഞാട്ടമാണ് ട്രംപിന്റെ പാര്‍ട്ടിയിലെ സ്വാധീനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ മകളും മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗവുമായ ലിസ് ചെനി ഉള്‍പ്പെടെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതു ശ്രദ്ധേയമായി. 

സെനറ്റിലെ റിപ്പബ്ലിക്കന്‍ നിലപാട് നിര്‍ണായകം

സെനറ്റിലും ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിനെതിരെ നീങ്ങുമെന്നു റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തന്നെ അതിശക്തമായ എതിര്‍പ്പ് ട്രംപിനെതിരെ രൂപപ്പെടുന്നുണ്ടെന്ന വാര്‍ത്തകളാണു പുറത്തുവരുന്നത്. ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും അതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ട്രംപില്‍നിന്ന് എന്നെന്നേക്കുമായി അകലം പാലിക്കാന്‍ കഴിയുമെന്നും ചില നേതാക്കള്‍ കണക്കുകൂട്ടുന്നു.

USA-ELECTION/CONGRESS

2024ല്‍ ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സാധ്യത പൂര്‍ണമായി അടയ്ക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കാപ്പിറ്റോള്‍ അക്രമത്തിന്റെ ഉത്തരവാദിത്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എഴുതാനുള്ള ഡമോക്രാറ്റുകളുടെ തന്ത്രം ചെറുക്കാന്‍ ട്രംപിനെ കൈവിടുന്നതാണ് നല്ലതെന്നും ഇത്തരക്കാര്‍ വാദിക്കുന്നു. ട്രംപില്‍നിന്നും ട്രംപിസത്തില്‍നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മോചിപ്പിക്കുന്നതാണ് രാഷ്ട്രീയ ഭാവിക്കു നല്ലതെന്നും ഇവര്‍ കരുതുന്നു. 

അതേസമയം 2016ല്‍ അധികാരത്തിലെത്തിക്കാന്‍ പാകത്തിന് പുതുശ്രേണി വോട്ടര്‍മാരെ സമാഹരിച്ച ട്രംപ് ബ്രാന്‍ഡിനെ അപ്പടി തള്ളിക്കളയുന്നത് ശരിയല്ലെന്ന നിലപാട് ഒരു വിഭാഗത്തിനുണ്ട്. അതുതന്നെയാണു ട്രംപിന്റെ പ്രതീക്ഷയും. സ്വന്തം പാര്‍ട്ടിയിലെ സെനറ്റര്‍മാരെ അനുനയിപ്പിച്ച് 2019 ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ 2024ല്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യത നിലനിര്‍ത്താന്‍ ട്രംപിനു കഴിയും.

സെനറ്റിലേതെങ്കിലും തരത്തില്‍  തിരിച്ചടി ഉണ്ടായാല്‍ അത് അതേപടി പാര്‍ട്ടിയിലും നേരിടേണ്ടിവരും എന്നതാണ് നിലവില്‍ ട്രംപിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഭരണകാലത്ത് ഉയര്‍ന്ന അതിശക്തമായ വിമര്‍ശനങ്ങളെ മറികടന്നെത്തിയ ട്രംപ് ഇംപീച്ച്‌മെന്റ് അതിജീവിക്കുമോ എന്നതാണു കാത്തിരുന്നു കാണേണ്ടത്. 

ബൈഡനും തലവേദന

ജനുവരി 20ന് യുഎസ് പ്രസിഡന്റ് കസേരയില്‍ എത്തുന്ന ജോ ബൈഡനും ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ വിലങ്ങുതടിയാകും. പ്രതിദിനം ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുക്കുന്ന കോവിഡ് മഹാമാരിയെ ചെറുക്കുകയെന്ന ശ്രമകരമായ ദൗത്യത്തിലേക്കു പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബൈഡനു കഴിയാതെ വരും. ഏതൊരു യുഎസ് പ്രസിഡന്റിനെ സംബന്ധിച്ചും ആദ്യത്തെ നൂറു ദിവസം ഏറെ നിര്‍ണായകമാണ്.

Joe Biden (Photo By - Win McNamee/Getty Images/AFP)
ജോ ബൈഡൻ

ഭരണത്തിലും ജനഹൃദയത്തിലും ഇടംപിടിക്കാനുള്ള സുവര്‍ണദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ ട്രംപിനെതിരായ കുറ്റവിചാരണയും ഭരണകാര്യങ്ങളും ഒരേപോലെ മുന്നോട്ടു കൊണ്ടുപോകുകയെന്ന വെല്ലുവിളിയാണ് ബൈഡനുള്ളത്. ഇംപീച്ച്‌മെന്റ് നടപടികള്‍ അമേരിക്കക്കാര്‍ക്കിടയില്‍ കൂടുതല്‍ വിഭാഗീയതയ്ക്ക് ഇടയാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഐക്യപ്പെടുത്തുമെന്നുള്ള വാഗ്ദാനം പാലിക്കുകയെന്നതും ബൈഡന് ഏറെ ദുഷ്‌കരമാകും.

English Summary: What impeachment means for Trump, Biden and America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA