ADVERTISEMENT

പൂക്കൾക്കു പകരം കൈവിലങ്ങ്! സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചെത്തിയ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ കാത്തിരുന്ന വിധി ഇതായിരുന്നു. മഞ്ഞുപെയ്യുന്ന ജനുവരിയിൽ ഇത്രയും ‘ചൂടുള്ള’ സ്വീകരണം ഇതുവരെയും ഒരു നേതാവിന് റഷ്യ നൽകിയിട്ടില്ല. വിഷബാധയേറ്റതിനെത്തുടർന്നു ജർമനിയിൽ ചികിത്സയിലായിരുന്ന നവൽനിയെ, റഷ്യയിൽ തിരിച്ചെത്തിയതിനു പിന്നാലെ മോസ്കോയിലെ ഷെറമെറ്റീവോ വിമാനത്താവളത്തിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ നവൽനിയെ വളയുകയായിരുന്നു.

‘ബെർലിൻ രോഗി’

അലക്സി നവൽനി റഷ്യയിലേക്ക് തിരിച്ചെത്തുന്നതിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർ മോസ്കോയിലെ പ്രധാന വിമാനത്താവളമായ നുകോവോയിൽ ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. നവാൽനിയുടെ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് പരിപാടി നിയമവിരുദ്ധമാണെന്ന പ്രഖ്യാപനം വന്നു. വിമാനത്താവളത്തിലെ ആഗമന മുറിയിലേക്ക് മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനം നിരോധിച്ചു. നവൽനിയുടെ അനുയായികളെ  പലരേയും പൊലീസ് ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ചു മുന്നറിയിപ്പ് നൽകി. 

‘ബെർലിൻ രോഗി’യുടെ മടങ്ങിവരവ് കഴിയുന്നത്ര ആഘോഷമാകാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു എന്നതാണ് സത്യം. ജർമനിയിൽനിന്നു ചികിത്സ കഴിഞ്ഞെത്തുന്ന നവൽനിയെ ‘ബെർലിൻ രോഗി’ എന്നാണ് റഷ്യൻ സർക്കാർ വിശേഷിപ്പിക്കുന്നത്. നവാൽനി സഞ്ചരിച്ചിരുന്ന വിമാനം നുകോവോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ‘സാങ്കേതിക കാരണങ്ങളാൽ’ ഷെറമെറ്റീവോ വിമാനത്താവളത്തിൽ ഇറങ്ങുമെന്ന അറിയിപ്പ് ലഭിക്കുന്നത്. 

RUSSIA-POLITICS-OPPOSITION-NAVALNY
അലക്സി നവൽനിയും, ഭാര്യ യൂലിയയും വിമാനത്താവളത്തിൽ എത്തിയപ്പോൾ. ചിത്രം: Kirill KUDRYAVTSEV / AFP

ടെർമിനൽ ഡിയിൽ വന്നിറങ്ങിയ നവൽനിയെ റഷ്യൻ പതാകകൾ വരവേറ്റു. തന്നെ ചികിത്സിച്ച ജർമൻ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറയുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പറഞ്ഞു. ‘ഇതെന്റെ വീടാണ്, നിങ്ങൾ എന്നെ കസ്റ്റഡിയിൽ എടുത്താലും എനിക്ക് ഭയമില്ല. അതാണ് അലക്സി നവൽനി എന്ന രാഷ്ട്രീയക്കാരൻ, സർക്കാരിന്റെ ‘വാണ്ടഡ് ലിസ്റ്റിൽ’ ഉൾപ്പെട്ടിട്ടും റഷ്യയിൽ വന്നിറങ്ങാൻ ധൈര്യം കാണിച്ച നേതാവ്. 

നിർഭയ രാഷ്ട്രീയക്കാരൻ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉറക്കംകെടുത്തുന്ന ‘നിർഭയ’ രാഷ്ട്രീയക്കാരനാണ് അലക്സി നവൽനി. 44കാരനായ നവൽനി, ഭീഷണികൾക്കിടയിലും സ്വരാജ്യത്തേയ്ക്ക് മടങ്ങിയെത്തിയത് ധീരമായ നടപടിയാണെന്ന് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനായ കിറിൽ റോഗോവ് പറയുന്നു. അധികകാലം പുടിൻ നവൽനിയെ ജയിലിലടയ്ക്കില്ലെന്നും കിറിൽ വ്യക്തമാക്കുന്നു. കാരണം, അഴിക്കുള്ളിൽ പ്രതിപക്ഷ നേതാക്കൾക്ക് അവരുടെ രാഷ്ട്രീയ സ്വാധീനം പലമടങ്ങ് വർധിപ്പിക്കാൻ കഴിയുമെന്ന് പുടിന് വ്യക്തമായ ബോധ്യമുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റിലാണ്, സൈബീരിയയിൽനിന്ന് മോസ്കോയിലേക്കുള്ള യാത്രയ്ക്കിടെ നവൽനിക്ക് വിഷബാധയേൽക്കുന്നത്. അവശനിലയിലായതിനെത്തുടർന്ന് വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. സൈബീരിയയിലെ ടോംസ്ക് നഗരത്തിലെ വിമാനത്താവളത്തിൽ നവൽനി കുടിച്ച ചായയിൽനിന്നാണ് വിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ നവൽനിയെ ചികിത്സയ്ക്കായി ജർമനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതു യഥാർഥത്തിൽ പുടിന്റെ മൗനസമ്മതത്തോടെയായിരുന്നു. 

alexei-navalny
അലക്സി നവൽനി

മരണത്തോട് മല്ലടിച്ചശേഷം ഉയർത്തെഴുന്നേറ്റ നവൽനിയെ റഷ്യയിൽ കാൽകുത്തിയെ ഉടനെ അറസ്റ്റ് ചെയ്തത് പുടിൽ എത്രത്തോളം നവൽനിയെ ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണെന്ന് കിറിൽ റോഗോവ് പറയുന്നു. റഷ്യയ്ക്ക് പുറത്തും നവൽനി ഇപ്പോൾ അനുയായികളെ സൃഷ്ടിച്ചു കഴിഞ്ഞു. രാജ്യത്തെ 80 ശതമാനത്തോളം ജനതയെയും സ്വാധീനിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയക്കാരനെ സർക്കാർ ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ജയിലിലിനുള്ളിൽ നവൽനിയെ ‘നിയന്ത്രിക്കുന്നത്’ എളുപ്പമാകുമെന്ന്  അവർ കരുതുന്നു. 

നവൽനിയുടെ അറസ്റ്റിൽ പുടിന്റെ കണക്കുകൂട്ടലുകൾ പിഴച്ചതായി പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ദിമിത്രി ഗുഡ്കോവ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ നേതാവ് നെൽ‌സൺ മണ്ടേലയുമായാണ് ഗുഡ്കോവ് നവൽനിയെ താരതമ്യപ്പെടുത്തിയത്. ജയിലിൽനിന്ന് നേരേ അധികാരത്തിലേക്കായിരുന്നു മണ്ടേലയുടെ യാത്ര. നവൽനിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുകയെന്ന് ഗുഡ്കോവ് പറയുന്നു. ഇപ്പോൾ പുടിൻ ലോകത്തിന് നൽകുന്ന സന്ദേശം ഒന്നുമാത്രമാണ്: ‘നോക്കൂ, ആദ്യം ഞങ്ങൾ അവനെ കൊല്ലാൻ നോക്കി, സാധിക്കാതിരുന്നപ്പോൾ ജയിലിലടച്ചു.’

നവൽനിയുടെ ‘കുറ്റവും ശിക്ഷയും’

നവൽനി എത്രനാൾ അഴിക്കുള്ളിൽ കഴിയുമെന്ന് വ്യക്തമല്ല. 2014ലെ തട്ടിപ്പ് കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട ശിക്ഷയുടെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ യുഎസും യൂറോപ്യൻ യൂണിയനും അടക്കമുള്ള രാജ്യാന്തര സമൂഹം രംഗത്തെത്തി. വിമർശകരെ നിശബ്ദരാക്കാനാണ് റഷ്യൻ സർക്കാർ ശ്രമിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. നവൽനിയെ ഉടൻ മോചിപ്പിക്കണമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിളും ആവശ്യപ്പെട്ടു. 

ജർമനിയിൽ കഴിയുന്നതിന് നവൽനി നിയമപ്രകാരം റജിസ്റ്റർ ചെയ്തില്ലെന്നാണ് റഷ്യൻ പൊലീസിന്റെ ആരോപണം. ഇളവു ചെയ്ത ശിക്ഷ ജയിലിൽ  അനുഭവിക്കണോ എന്നത് ഇനി കോടതിയാണ് തീരുമാനിക്കേണ്ടത്. ഒന്നര മുതൽ മൂന്നു വർഷം തടവു ലഭിക്കാവുന്ന വകുപ്പുകവാണ് നവൽനിയുടെ മേൽ ചുമത്തിയിരിക്കുന്നത്.

ഈ മാസം അവസാനം നവൽനിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ഡിസംബറിൽ, പുതിയ ചില കുറ്റങ്ങളും നവൽനിക്കെതിരെ ചുമത്തിയിട്ടുണ്ട്. തന്റെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിലേക്ക് ലഭിച്ച ഫണ്ടുകൾ തട്ടിയെടുത്തെന്നാണ് പുതിയ ആരോപണം. നേതാക്കളെ ‘നിശബ്ദമാക്കാൻ’ പുടിന്റെ തന്ത്രങ്ങളായിട്ടു മാത്രമെ പ്രതിപക്ഷം ഇതിനെ കാണുന്നുള്ളൂ.

English Summary: Alexei Navalny arrest: Return to Russia seen as 'brave step'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com