ADVERTISEMENT

തിരുവനന്തപുരം∙ ആലക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജിഎല്‍പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറായ ശ്രീകുമാറിനെ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍  ഭീഷണിപ്പെടുത്തിയെന്ന് ആരോപണണത്തിൽ എംഎൽഎയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രിസൈഡിങ് ഓഫിസറെ എംഎൽഎ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് നൽകിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കള്ളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചാണെന്നും എംഎല്‍എയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട്ടും കണ്ണൂരും വ്യാപക കള്ളവോട്ടെന്ന് കെ.സി.ജോസഫ് ആരോപിച്ചു.  പ്രിസൈഡിങ് ഓഫിസറെ എംഎല്‍എ ഭീഷണിപ്പെടുത്തിയതില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന്‌ സ്പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.  തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. 

സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാസർകോട് ജില്ല കലക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കലക്ടര്‍ പ്രിസൈഡിങ് ഓഫിസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നല്‍കി. ഈ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രിസൈഡിങ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്നു കെ.കുഞ്ഞിരാമന്‍ എംഎൽഎ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യനാണ്. തര്‍ക്കം തീര്‍ക്കാനായിരുന്നു ശ്രമമെന്നും എംഎൽഎ വിശദീകരിച്ചു. 

English Summary : CM Pinarayi Vijayan reaction on MLA and presiding officer issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com