‘മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നു, ചില നിയമ തടസ്സങ്ങളുണ്ട്’
Mail This Article
ന്യൂഡൽഹി ∙ 9,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചില നിയമപരമായ പ്രശ്നങ്ങൾ കാരണമാണു നടപടികൾ വൈകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
മല്യയെ തിരിച്ചെത്തിക്കുന്നതിന്റെ സ്ഥിതിവിവര റിപ്പോർട്ട് നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമയം ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ യു.യു.ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് കേസ് മാർച്ച് 15ലേക്ക് മാറ്റി. യുകെയിൽനിന്ന് മല്യയെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് തുടക്കത്തിൽതന്നെ തുഷാർ മേത്ത പങ്കുവച്ചിരുന്നു.
യുകെ സർക്കാരിനോടു വിദേശകാര്യ മന്ത്രാലയം വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും മല്യയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്രം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. രാഷ്ട്രീയ തലത്തിലും ഭരണതലത്തിലും സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഇതേപ്പറ്റി പരിശോധിക്കുകയാണെന്നും മേത്ത പറഞ്ഞു.
തുഷാർ മേത്ത ഹാജരാക്കിയ കത്ത് കോടതി രേഖകളിലുൾപ്പെടുത്തി. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട ബാങ്ക് വായ്പ തിരിച്ചടവ് കേസിലെ പ്രതിയായ മല്യ ഇന്ത്യയിൽനിന്നു മുങ്ങുകയായിരുന്നു. 2016 മാർച്ച് മുതൽ യുകെയിലാണ്. 2017 ഏപ്രിൽ 18ന് സ്‌കോട്ട്‌ലൻഡ് യാർഡ് കൈമാറ്റ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇതിന്മേൽ മല്യ ഇപ്പോൾ ജാമ്യത്തിലാണ്.
English Summary: Taking all efforts to extradite fugitive businessman Vijay Mallya: Centre to Supreme Court