തട്ടിപ്പും വെട്ടിപ്പും സകലതുമുണ്ട്; വൈദ്യുത പദ്ധതികളുടെ കഥ പറഞ്ഞ് ഒരു നോവൽ

tunnel-at-pallivasal
പുസ്തകത്തിന്റെ കവർ, ജേക്കബ് ജോസ്. ചിത്രം∙ ഹാഷിം
SHARE

കോഴിക്കോട്∙ ‘‘ പള്ളിവാസലിലെ മാസപ്പടിയുടെ കണക്കുകൾ ഇങ്ങനെയാണ്: ചീഫ് എൻജിനീയർ: 25,000 ക, എക്സിക്യൂട്ടീവ് എൻജിനീയർ:10,000 ക,അസി.എക്സി. എൻജിനീയർ: 7500 ക, അസി. എൻജിനീയർ: 5000 ക, സബ് എൻജിനീയർ 3000 ക. പണി നടന്നാലുമില്ലെങ്കിലും മേൽപ്പറഞ്ഞ തുക പ്രധാന കരാറുകാരൻ‍ നിർബന്ധമായും നൽകിയിരിക്കണം. അത് ക്യാഷ് ആയി അവർ പറയുന്ന സ്ഥലത്തും സമയത്തും എത്തിച്ചുകൊടുക്കണം’’– ആറാം അധ്യായം, മുപ്പത്തിനാലാം പേജ്.

ഇതൊരു ഡയറിക്കുറിപ്പിലെ വരികളലല്ല; സത്യങ്ങൾ പകർത്തിയെഴുതിയ നോവലാണ് ഇതെന്ന് എഴുത്തുകാരൻ പറയുന്നു. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെയും കുടിവെള്ള പദ്ധതികളുടെയും ഇത്തരം പൊള്ളുന്ന യാഥാർഥ്യങ്ങൾ പുസ്തകത്തിലേക്ക് പകർത്തിയെഴുതുകയാണ് ഒരാൾ. നേരിട്ടുകണ്ടറിഞ്ഞ കാര്യങ്ങൾ നോവലായി എഴുതുന്നത് സാഹിത്യകാരനല്ല, ഒരിക്കൽ ഇതേ സ്ഥലത്ത് ജോലി ചെയ്തിരുന്ന എൻജിനീയറാണ്.

∙ തട്ടിപ്പുകളുടെ നേർകാഴ്ചകൾ

അനന്തമായി നിർമാണം നീളുന്ന പള്ളിവാസലിലെ 60 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ പശ്ചാത്തലത്തിൽ ജേക്കബ്ജോസ് മുതിരേന്തിക്കൽ എന്ന എൻജിനീയർ എഴുതിയ നോവലാണ് ‘ടണൽ @ പള്ളിവാസൽ’. കേരളത്തിലെ പണി നടക്കാത്ത അനേകം ജലവൈദ്യുത പദ്ധതികളിലെ അഴിമതിയും തട്ടിപ്പും വെട്ടിപ്പും നേരിട്ടുകണ്ടെഴുതിയ റിപ്പോർട്ടാണ് ഈ പുസ്തകം.

കഥാപാത്രങ്ങൾക്ക് സാങ്കൽപിക പേരുകൾനൽകി ഒരു നോവലെന്ന പേരിട്ടെഴുതിയെന്നു മാത്രമേയുള്ളൂ. 111 പേജുള്ള പുസ്തകം ഒരാവർത്തി വായിച്ചുകഴിഞ്ഞാൽ തലയിൽ കൈവച്ച് ഇരുന്നുപോവും. നോവൽ എന്നതിനുപകരം സാങ്കേതിക നോവലെന്നാണ് ജേക്കബ് ജോസ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണനാണ് നോവലിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 

ചെങ്ങന്നൂർ–വെഞ്ഞാറമൂട് എംസി റോഡ് നവീകരണം നടത്തി, ചെയ്ത ജോലിയുടെ പണം കിട്ടാതെ 2006 നവംബർ 11 ആത്മഹത്യ ചെയ്യേണ്ടിവന്ന എൻജിനീയറുടെ ഓർമകൾക്കു മുന്നിലാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

∙ നോവലിന്റെ എന്‍ജിനീയറിങ്

ഉത്തരേന്ത്യയിലെ കണ്‍സ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്തിരുന്ന എൻജിനീയർ സോണി ജോസ് ഹൈറേഞ്ചിലെ പള്ളിവാസലിലേക്ക് ജോലി ഏറ്റെടുക്കാനായി വരുന്നിടത്താണ് നോവൽ തുടങ്ങുന്നത്. 3000 കോടി രൂപയോളം വരുന്ന വലിയ കുംഭകോണത്തിന്റെ ചുരുളുകളാണ് ഇവിടെ നിവരുന്നതെന്ന് നോവലിസ്റ്റ് ആദ്യ പാരഗ്രാഫിൽത്തന്നെ സൂചിപ്പിക്കുന്നുണ്ട്.

അഴിമതിക്കാരുടെ നീക്കങ്ങൾക്കൊടുവിൽ ആറു വർഷങ്ങൾക്കുശേഷം മുംൈബയിലെ ഓഫിസിൽ തിരിച്ചെത്തുമ്പോൾ വ്യാജ പരാതികളിലുള്ള നടപടിയായി സോണി ജോസിനു ജോലി നഷ്ടപ്പെടുകയും ചെയ്യുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.

ടണൽ നിർമാണത്തിലെ സാങ്കേതികയും അതിൽ നടക്കുന്ന അഴിമതിയും, യന്ത്രങ്ങളുടെ സ്ഥാപിക്കലിലെ അഴിമതിയുമടക്കം പലതരം തട്ടിപ്പുകൾ എങ്ങനെയാണ് നടക്കുന്നതെന്ന് ഇതിനിടയ്ക്കുള്ള 18 അധ്യായങ്ങളിലായി വിവരിക്കുന്നുണ്ട്.

മണ്ണിനടിയിൽ പാറയില്ലാത്ത ഭാഗത്ത് തുരങ്കം കുഴിച്ച് മണ്ണിടിഞ്ഞപ്പോൾ  മേഘസ്ഫോടനം കാരണം തുരങ്കമിടിഞ്ഞെന്ന് തിരുവനന്തപുരത്തേക്ക്  റിപ്പോർട്ട് കൊടുത്തതിനെ വിവാദചരിത്രവും നോവലിലെ ഒൻപതാം അധ്യായത്തിലുണ്ട്.

എന്തുകൊണ്ടാണ് കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികൾ അനിശ്ചിതമായി പണിതീരാതെ കിടക്കുന്നതെന്നതിന് നായകൻ സോണി ജോസ് കണ്ടെത്തുന്ന ഉത്തരം ഇങ്ങനെയാണ്: ‘‘ തമാശരൂപത്തിൽ പറയുകയാണെങ്കിൽ ക്ലയന്റിന്റെ മാസപ്പടി സിസ്റ്റമാണ് കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികൾ താമസിക്കാൻ ഇടയാക്കുന്നത്.

ഉദാഹരണമായി  നാലുകൊല്ലത്തിൽ തീരേണ്ട പള്ളിവാസൽ പ്രോജക്റ്റ് കൃത്യമായി പണി പൂർത്തിയാക്കിയിരുന്നെങ്കിൽ ഒരു ക്ലയന്റ് എൻജിനീയർക്ക് 48 മാസപ്പടിയേ കിട്ടൂ. ഇപ്പോഴത് 12 കൊല്ലമായിട്ടും തീരാത്തതുകൊണ്ട് അവർക്ക് 140 മാസപ്പടി കിട്ടി. എത്ര സന്തോഷകരമായ കാര്യം, എത് ഊർജസ്വലമായ ആസൂത്രണം!’’

∙ ആരാണീ നോവലിസ്റ്റ്?

കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് ജേക്കബ് ജോസ് മുതിരേന്തിക്കലിന്റെ ‘ടണൽ@പള്ളിവാസൽ’ നോവൽ പ്രസിദ്ധീകരിച്ചത്. തന്റെ നോവൽ വാങ്ങിവായിച്ചവരിൽ ഭൂരിഭാഗം പേരും കെഎസ്ഇബിയുടെ വിവിധ പദ്ധതികളിലെ ചില കരാറുകാരും ചില എൻജിനീയർമാരുമാണെന്ന് ജേക്കബ് ജോസ് പറയുന്നു. തങ്ങളുടെ പേര് നോവലിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുകയാണത്രേ ലക്ഷ്യം.

കണ്ണൂർ ചന്ദനക്കാംപാറയിൽ ജനിച്ച ജേക്കബ് ജോസ് മുതിരേന്തിക്കൽ പാലക്കാട് അകത്തേത്തറ എൻഎസ്എസ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങ് പൂർത്തിയാക്കിയയാളാണ്. തുടർന്ന് രാജസ്ഥാൻ ചമ്പൽ ഫെർടിലൈസേഴ്സ്,  മംഗലാപുരം എംആർപിഎൽ റിഫൈനറി, ജാംനഗർ എസ്സാർ റിഫൈനറി, പളളിവാസൽ 60 മെഗാവാട്ട് ഹൈഡൽ പ്രോജക്റ്റ് എന്നിവയിൽ എൻജിനീയറായി ജോലി നോക്കി. ഇപ്പോൾ കോഴിക്കോട് പാറോപ്പടിയിലാണ് താമസിക്കുന്നത്.

English Summary: Tunnel @ Pallivasal Novel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA