ADVERTISEMENT

കഠ്മണ്ഡു∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയതായി റിപ്പോർട്ട്. പാർലമെന്റ് പിരിച്ചുവിടാനുള്ള ഓലിയുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നാലെയുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ നിലനിൽക്കെയാണ് ഇത്തരത്തിൽ ഒരു തീരുമാനം.

മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹലും മാധവ് കുമാറും ഭരണഘടനാ വിരുദ്ധമായി പാർലമെന്റ് പിരിച്ചുവിടാനുള്ള നടപടിയിൽ ഓലി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം. സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഓലിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

‘ഞങ്ങൾ ഒരുപാട് കാത്തിരുന്നു. എന്നാൽ അദ്ദേഹം മറുപടി ഒന്നും നൽകിയില്ല. പാർട്ടിയുടെ സെൻട്രൽ കമ്മറ്റി നൽകുന്ന ഭരണനിർവഹണാധികാരം ഉപയോഗിച്ചാണ് ഇപ്പോഴത്തെ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.’– പാർട്ടി വക്താവ് അറിയിച്ചു.

ഓലിയുടെ അംഗത്വം റദ്ദാക്കണമെന്നും അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച പാർട്ടിയുടെ മുതിർന്ന നേതാക്കൾ കഠ്മണ്ഡുവിൽ യോഗം ചേർന്ന് ഓലിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ 20നാണ് നേപ്പാളിനെ ഞെട്ടിച്ച് പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്യാനുള്ള തീരുമാനം കെ.പി.ശർമ ഓലി കൈക്കൊണ്ടത്. വിവാദമായൊരു ഓർഡിനൻസിനെച്ചൊല്ലി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ തർക്കം സർക്കാരിന് എതിരായപ്പോഴാണ് പാർലമെന്റ് പിരിച്ചുവിടുകയെന്ന തീരുമാനത്തിലേക്ക് ഓലി എത്തിയത്.

നിർണായക നിയമനങ്ങൾ നടത്താൻ ഓലിക്ക് അധികാരം നൽകിക്കൊണ്ടു പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് പാർട്ടി സമ്മർദം ചെലുത്തിയത്. രണ്ടാം തവണ പ്രധാനമന്ത്രിയായി മൂന്ന് വർഷത്തിനുള്ളിൽ ഓലിയുടെ ഭാഗത്തുനിന്നുണ്ടായ പ്രഹരമേറിയ നീക്കമായാണു പാർലമെന്റ് പിരിച്ചുവിടലിനെ കണക്കാക്കുന്നത്. 2017ൽ തിരഞ്ഞെടുക്കപ്പെട്ട 275 അംഗ ജനപ്രതിനിധിസഭ പിരിച്ചുവിടാനാണു ശുപാർശ. ഓലിയുടെ ശുപാർശ അംഗീകരിച്ച പ്രസിഡന്റ്, ഏപ്രിൽ 30, മേയ് 10 തീയതികളിൽ രണ്ടുഘട്ടങ്ങളായി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

English Summary : Nepal PM Expelled From Ruling Party Amid Political Chaos: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com