ADVERTISEMENT

മുംബൈ ∙ രാജ്യത്തു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കേണ്ടതുണ്ടോയെന്നു പരിശോധിക്കുകയാണെന്നും ആവശ്യമെങ്കിൽ അതിനുള്ള വഴികൾ തേടുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സ്വകാര്യ ഡിജിറ്റൽ കറൻസികൾ, വെർച്വൽ കറൻസികൾ, ക്രിപ്‌റ്റോകറൻസികൾ എന്നിവ ജനപ്രീതി നേടുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ പ്രസ്താവന.

ഇന്ത്യയിൽ സർക്കാരുകളുൾപ്പെടെ ഏവരും ഇത്തരം കറൻസികളെ സംശയത്തോടെയാണു കാണുന്നത്. അവയുമായി ബന്ധപ്പെട്ട് അപകട സാധ്യതകളുണ്ടെന്ന ആശങ്കയുമുണ്ട്. എങ്കിലും കറൻസിയുടെ ഡിജിറ്റൽ പതിപ്പ് ആവശ്യമുണ്ടോയെന്നു പരിശോധിക്കുമെന്നു റിസർവ് ബാങ്ക് പറയുന്നു. ഔദ്യോഗിക കറൻസിയുടെ നിയമപ്രകാരമുള്ള ഡിജിറ്റൽ രൂപമാണു സിബിഡിസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്മേൽ അധികാരം കേന്ദ്ര ബാങ്കിനാണ്. ബാലൻസ് ഷീറ്റിലും ഇതു രേഖപ്പെടുത്തും.

ഇലക്ട്രോണിക് കറൻസിയുടെ രൂപത്തിലുള്ള സിബിഡിസി തുല്യമൂല്യമുള്ള പണത്തിനും പരമ്പരാഗത സെൻട്രൽ ബാങ്ക് നിക്ഷേപങ്ങൾക്കുമായി മാറ്റാനോ കൈമാറ്റം ചെയ്യാനോ സാധിക്കും. പണമിടപാടുകളിൽ (പേയ്മെന്റ്) പുതുമകൾ അതിവേഗത്തിലാണ്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ‌ സാങ്കേതികവിദ്യയെ കൂടുതലായി ഉപയോഗിക്കാനും പണം ഡിജിറ്റൽ രൂപത്തിൽ നൽകാനും കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട്– ആർബിഐ അഭിപ്രായപ്പെട്ടു.

‌സ്വകാര്യ ക്രിപ്റ്റോകറൻസികൾക്കെതിരായ നിലപാടാണു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റേത്. രാജ്യത്ത് കറൻസി വിതരണം ചെയ്യുന്ന ഒരേയൊരു പരമാധികാരി കേന്ദ്ര ബാങ്ക് ആകണമെന്ന് അദ്ദേഹം പറയുന്നു. സെൻട്രൽ ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയെക്കുറിച്ചുള്ള ചർച്ച വളരെ നേരത്തെയാണെന്നാണ് 2019 ഡിസംബറിൽ അദ്ദേഹം പറഞ്ഞിരുന്നത്. സാങ്കേതിക പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

Bitcoin | Cryptocurrency
ബിറ്റ് ‍കോയിൻ

റിസർവ് ബാങ്കിനെപ്പോലെ ക്രിപ്റ്റോകറൻസികളെക്കുറിച്ച് കേന്ദ്ര സർക്കാരിനും സംശയങ്ങളുണ്ട്. സ്വകാര്യമായി കൈവശം വച്ചിരിക്കുന്ന ഡിജിറ്റൽ കറൻസികൾ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബിൽ പാർലമെന്റിലുണ്ട്. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കു റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ലോകമെമ്പാടും ക്രിപ്റ്റോകറൻസികൾ വലിയ തോതിൽ വിനിമയം ചെയ്യപ്പെടുന്നുണ്ട്,

English Summary: India May Have a New Central Bank Digital Currency, RBI Explores Possibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com