ADVERTISEMENT

കൊച്ചി ∙ ഒരിടവേളയ്ക്കുശേഷം കൊച്ചി കേന്ദ്രീകരിച്ചു വീണ്ടും ഡയറക്ട് മാർക്കറ്റിങ് കമ്പനിയുടെ പേരിൽ മൾട്ടി ലവൽ മാർക്കറ്റിങ് തട്ടിപ്പ് വ്യാപകമാകുന്നു. നേരത്തെ തട്ടിപ്പു കേസുകളിൽ അറസ്റ്റിലായി പുറത്തിറങ്ങിയവർ തന്നെയാണ് പുതിയ കമ്പനി രൂപീകരിച്ചതെന്നാണ് ആരോപണം.

2011-12 കാലഘട്ടത്തിൽ സംസ്ഥാനത്ത് 123 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്നു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ ഒരു മൾട്ടി ലെവൽ മാർക്കറ്റിങ് ഗ്രൂപ്പിന്റെ ഉടമകളാണു തൃശൂർ ആസ്ഥാനമാക്കി പുതിയ കമ്പനി രൂപീകരിച്ചത്. കൊച്ചിയിലും വടക്കൻ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെടെ നിരവധിപ്പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തി.

എറണാകുളം കലൂർ സ്വദേശി ജോജോ ജോസഫ് ഡിസിപിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകിയതിനെത്തുടർന്നു കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാജ റജിസ്ട്രേഷനുമായി പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തുന്നതായി ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി ലഭിച്ചിട്ടുണ്ട്.

തുടക്കം മോട്ടിവേഷൻ ക്ലാസിലൂടെ

മോട്ടിവേഷൻ ക്ലാസുകൾ എന്ന പേരിൽ ആഡംബര ഹോട്ടലുകളിലും മാളുകളിലും നടത്തുന്ന വമ്പൻ ക്ലാസുകളിലൂടെയാണു സംഘം ആളുകളെ വലയിലാക്കുന്നത്. യുവാക്കളും വിദ്യാർഥികളുമാണ് വലയിലാകുന്നവരിൽ ഏറെയും. വിലകൂടിയ ആഡംബര കാറുകളിൽ എത്തുന്ന ഇവർ മൾട്ടി ലവൽ മാർക്കറ്റിങ്ങിലൂടെ സമ്പാദിച്ചതാണ് ഇതെല്ലാമെന്നു വരുത്തിത്തീർത്ത് പരിപാടിയിൽ പങ്കെടുക്കുന്നവരെ മോഹവലയത്തിലാക്കുന്നതാണ് ആദ്യപടി.

money-fraud

പരമാവധി ഉയർന്ന തുക നിക്ഷേപിക്കാൻ തുടക്കത്തിൽ പ്രേരിപ്പിക്കുമെങ്കിലും ചെറിയ തുകകളാണെങ്കിലും അവസരം ഒരുക്കും. ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിക്കുന്നവരെ ഇവർ പറ്റിക്കുന്നതായാണ് പരാതിക്കാരൻ ആരോപിക്കുന്നത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായ നിരവധി യുവാക്കൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

കഴിഞ്ഞ 10ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു കമ്പനിയുടെ ഗ്ലോബൽ മീറ്റിങ് സംഘടിപ്പിച്ചിരുന്നു. നേരത്തെ തട്ടിപ്പു നടത്തി ജാമ്യത്തിൽ ഇറങ്ങിയവർ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാണ് മീറ്റിങ് നടത്തിയത്. ഇതിനകം ഈ കമ്പനിക്കെതിരെ പരാതിയുമായി ഏഴുപേർ രംഗത്തെത്തി. വലിയ തുകകൾ നഷ്ടമായവരിൽ പലരും മാനക്കേട് ഒാർത്ത് പരാതിയുമായി വരാത്തത് ഇവർക്ക് സൗകര്യമാകുന്നു. വൻതുക നിക്ഷേപിച്ച് കടക്കെണിയിലായവരും നിരവധി.

കഴിഞ്ഞ 15ന് കൊച്ചി കായലിൽ ആഡംബരക്കപ്പലിൽ സംഘടിപ്പിച്ച യോഗത്തിൽ പൊലീസ് റെയ്ഡ് നടന്നിരുന്നു. മുഖ്യ പ്രതികളെ പിടികൂടാനായില്ലെന്നു മാത്രമല്ല, കോവിഡ് കാലത്ത് അനധികൃതമായി സംഘം ചേർന്നതിനു കേസെടുത്ത് തിരികെ പോരേണ്ടിയും വന്നു. നിയമപ്രകാരമാണ് ഇവർ ബിസിനസ് നടത്തുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തുകയായിരുന്നു.

ഇവർക്കെതിരെ ഇതുവരെയും പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ബിസിനസ് നിയമപരമായാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നുമാണ് പൊലീസ് നിലപാടെന്നു പരാതിക്കാരനായ ജോജോ പറയുന്നു.

എങ്ങും കാണാത്ത വമ്പൻ ഓഫറുകൾ

ഉൽപന്നം വാങ്ങുന്നവർ ഇതിൽ കണ്ണികളാകുമെന്നും കൂടുതൽ ആളുകളെക്കൊണ്ട് ഉൽപന്നം വാങ്ങിപ്പിച്ചാൽ ലഭിക്കുന്നത് വൻ തുക ലാഭമാണെന്നുമാണു പ്രലോഭനം. ഹെൽത്ത് കെയർ ഉൽപന്നങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങളും രാജ്യാന്തര ട്രിപ്പുകളും ഉൽപന്നങ്ങളുടെ പട്ടികയിലുണ്ട്.

online-money-fraud

ഇപ്പോൾ അംഗങ്ങൾ ആകുന്നവർക്ക് എത്ര കാലം കഴിഞ്ഞാലും നിലവിലുള്ള നിരക്കിൽ ഹോട്ടലുകളിൽ താമസിക്കാമെന്ന ട്രിപ്പ് സേവർ ഓഫറുകളാണു യാത്രാപ്രിയരെ കുരുക്കിലാക്കുന്നത്. വൻ തുക അടച്ച് അംഗമാകുന്നവരെ വിദേശത്തു കൊണ്ടു പോയി വിശ്വാസം ആർജിക്കും. ഈ പടങ്ങൾ കാണിച്ച് കൂടുതൽ പേരെ വലയിലാക്കും. 

അരലക്ഷം രൂപയുടെ തേൻ, കാൽ ലക്ഷം വിലയുള്ള തേയില, ഒരു ലക്ഷം വില വരുന്ന വാച്ച് തുടങ്ങിയവയും പട്ടികയിലുണ്ട്. പക്ഷെ ഇതു കിട്ടിയവരുണ്ടോ എന്നു ചോദിച്ചാൽ കിട്ടും എന്നായിരിക്കും മറുപടി.  ഇനി ഒരാൾക്കു കിട്ടിയാൽ അയാളിൽനിന്ന് വാങ്ങി മറ്റൊരാൾക്കു കൊടുക്കുന്നതും പതിവാണ്.

പണം വാങ്ങുന്നതിനു മുൻപു മുദ്രപ്പത്രം ഒപ്പിട്ടു നൽകുമെന്നതിനാൽ വിശ്വാസ്യത ഇരട്ടിക്കും. റജിസ്റ്റർ ചെയ്യാത്ത മുദ്രപ്പത്രത്തിലെ നിയമവിരുദ്ധ കരാറിനു നില‍നിൽപ്പില്ലെന്ന് ആരും ഓർക്കാറില്ല. ഉൽപന്നങ്ങൾ കിട്ടാതാകുന്നതോടെ ആളെ ചേർക്കില്ലെന്നു പരാതിപ്പെട്ടാൽ വാട്സാപ്പ് ഗ്രൂപ്പിൽനിന്നു പുറത്താക്കും.

സ്ത്രീകളെ ഉപയോഗിച്ചും വല നെയ്യുന്നു

വഴിയരികിൽ പരിചയപ്പെടുന്നവരെ മുതൽ അടുത്ത ബന്ധുക്കളെ വരെ വലയിലാക്കുന്നതാണ് സംഘത്തിന്റെ രീതി. ഒരു അപ്പോയിന്റ്മെന്റ് ചോദിച്ചു പരിചയപ്പെടും. വൻകിട്ട ഹോട്ടലിൽ നടക്കുന്ന മീറ്റിങ്ങുകളിലേക്കു ക്ഷണിക്കും. സാധിക്കുമെങ്കിൽ പരിചയക്കാരുടെയും അടുപ്പക്കാരുടെയും വലിയൊരു പട്ടിക തയാറാക്കി വരാനാണ് നിർദേശം. അവിടെ എത്തിയാൽ വലിയ ഓഫറുകളാണ് നൽകുക.

പെട്ടെന്നു പണക്കാരനാകാം എന്ന വാഗ്ദാനത്തിൽ ആരും വീണുപോകും. കോവിഡ് പ്രതിസന്ധിയിൽപെട്ടവർക്ക് ഇത് അവസരമാണെന്നു ബോധ്യപ്പെടുത്തും. വലയിലായവരോടുള്ള പ്രധാന നിർദേശങ്ങളിലൊന്ന് വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ച് ആളുകളെ ചേർക്കണമെന്നാണ്. കമ്പനിയുടെ വിശ്വാസ്യതയല്ല, വ്യക്തിത്വം ഉപയോഗിച്ച് ആളുകളെ ബിസിനസിൽ എത്തിക്കണമെന്നാണു നിർദേശം.

കമ്പനിയുടെ പേരിൽ പിന്നീട് ആരോപണങ്ങൾ ഉയരാതിരിക്കാനുള്ള തന്ത്രം. സ്ത്രീകളെ മാർക്കറ്റിങ്ങിന് ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരിചയപ്പെടാനെത്തുന്നവരെ ബിസിനസിലേക്കു ക്ഷണിക്കും. അവിടെയത്തുമ്പോഴാണ് പലരും ബിസിനസ് തിരിച്ചറിയുക.

വിദ്യാർഥികളെയും യുവാക്കളെയും വലയിലാക്കാൻ വമ്പൻ ഡിജെ പാർട്ടി സംഘടിപ്പിക്കാറുണ്ട്. ജീവിതം സമ്പത്തുണ്ടാക്കാനും ആഘോഷിക്കാനുമാണെന്നു യുവ തലമുറയെ ബോധ്യപ്പെടുത്തിയാണ് പണം തട്ടുന്നത്. നേരത്തെ വൈറ്റില കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കമ്പനിക്കെതിരെയും സമാന പരാതി ഉയർന്നിരുന്നു. പ്രതികൾ അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി ഇതേ ബിസിനസുമായി മുന്നോട്ടു പോകുകയാണ്.

സഭയിലെ പ്രഖ്യാപനങ്ങളും പാഴായി

2019ൽ മണിച്ചെയിൻ തട്ടിപ്പു സംഘങ്ങൾ യുവാക്കളെ വലയിലാക്കുന്നതായി വാർത്തകൾ വന്നതോടെ നിയമസഭയിലും ചർച്ചയായി. മോൻസ് ജോസഫ് അടിയന്തര പ്രമേയമായി സഭയിൽ ചോദ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയത്. കുട്ടികളെ ഉപയോഗിച്ചുള്ള മണിചെയിൻ ഇടപാടുകൾ ഗൗരവമായി കാണുന്നെന്നും ഇത് നേരിടുന്നതിന് അടിയന്തരമായി ഇടപെടുമെന്നുമായിരുന്നു പ്രഖ്യാപനം. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പൊലീസ് ജാഗ്രത പാലിക്കുമെന്നും പറഞ്ഞിരുന്നു.

2012ൽ ഇത്തരത്തിലുള്ള കമ്പനികൾ സംസ്ഥാനത്തുനിന്നു കോടികൾ കടത്തിയതായി സർക്കാർതന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രാജ്യത്തു വമ്പൻ തട്ടിപ്പു നടത്തിയ നാനോ എക്സൽ കേരളത്തിൽനിന്നു മാത്രം 358 കോടി സമാഹരിച്ചു. ടൈക്കൂൺ 250 കോടിയും ആർഎംപി 200 കോടിയും ബിസയര്‍ 123 കോടിയുടെയും തട്ടിപ്പു നടത്തിയെന്നായിരുന്നു സത്യവാങ്മൂലം. കേസുകളിൽ കാര്യമായ തുടർ നടപടികളോ നിയമപരമായ ഇടപെടലുകളോ വരാതായതോടെ തട്ടിപ്പുകാർ വീണ്ടും സജീവമായി.

English Summary: MLM firm again active Kochi for money chain fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com