ADVERTISEMENT

ചണ്ഡീഗഡ്∙ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കർഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്നു ആരോപിക്കപ്പെടുന്ന പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു. രഹസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കൾ ഒളിക്കാൻ  പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയിൽ പറയുന്നു. 

ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് നേതാക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിലെ അക്രമസംഭവങ്ങളിൽ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേർത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. 

"റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിന് ജനങ്ങൾ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതിൽ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവർ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാൻ എനിക്കു കഴിഞ്ഞുവെങ്കിൽ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും". ദീപ് സിദ്ധു കർഷക നേതാക്കളോട് പറയുന്നു. 

"കർഷക സമരത്തിൽ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങൾ എങ്ങനെയാണ് ലക്ഷങ്ങളെ മുൻനിർത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന്  അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങൾ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കിൽ പ്രതിഷേധത്തിൽ പങ്കെടുത്ത നിങ്ങൾ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.'- ദീപ് സിദ്ധു പറയുന്നു. താൻ ഇപ്പോഴും സിഘു അതിർത്തിയിൽ തന്നെയാണെന്നും ഒളിവിൽ പോയിട്ടില്ലെന്നും വിഡിയോയിൽ താരം അവകാശപ്പെടുന്നു.

റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത നേതാക്കൾ പൊലീസ് നടപടി ആരംഭിച്ചപ്പോൾ കർഷകരെ തനിച്ചാക്കി ഭയന്ന് പിൻവാങ്ങിയെന്നും താരം ആരോപിച്ചു. ഞാനല്ല ആളുകളെ ചെങ്കോട്ടയിലേക്കു നയിച്ചത്. ചെങ്കോട്ടയിലെ പ്രതിഷേധക്കാർക്കൊപ്പം നേതാക്കൾ ഉറച്ചു നിന്നിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദം ചെല്ലുത്താൻ നമുക്ക് സാധിക്കുമായിരുന്നു– ദീപ് സിദ്ധു പറഞ്ഞു. കർഷക സംഘടനാ നേതാക്കൾ തന്നെ പിന്നിൽ നിന്നു കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലായെന്നും ദീപ് സിദ്ധു പറയുന്നു. 

ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിദ്ധു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാൻ നേതൃത്വം നൽകിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. എട്ടു മണിക്കൂറോളം പ്രധാനവേദിയിൽ തങ്ങിയ സിദ്ധു ചെങ്കോട്ടയിലേക്ക് വലിയ തോതിൽ മാർച്ച് നടത്തണമെന്നും വലിയ സംഭവങ്ങൾക്കായി ഡൽഹി കാത്തിരിക്കുന്നു തുടങ്ങിയ പ്രസ്താവനകൾ നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആരോപണം. ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചുവെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുർം സിങ് ചദൂനിയുടെ ആരോപണം. 

English Summary: Actor Deep Sidhu threatens to reveal ‘secrets’ of kisan netas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com