ADVERTISEMENT

ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ ‘പുതിയ ഗ്രാമം’ നിർമിച്ച ചൈനീസ് നടപടിയിൽ പ്രതിഷേധിച്ച് ഓൾ അരുണാചൽ പ്രദേശ് സ്റ്റുഡൻസ് യൂണിയൻ (എഎപിഎസ്‌യു) സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. തലസ്ഥാനമായ ഇറ്റാനഗറിൽ വിദ്യാർഥി യൂണിയൻ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അപ്പർ സുബാൻസിരി ജില്ലയുടെ ആസ്ഥാനം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പ്രദേശിക വിദ്യാർഥി യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. 

വിഷയത്തിൽ കേന്ദ്ര സർക്കാർ ശക്തമായി ഇടപെടണമെന്നും ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടു. വിദേശ നുഴഞ്ഞുകയറ്റത്തിൽ നിന്നു രാജ്യത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് എഎപിഎസ്‌യു അധ്യക്ഷൻ ഹവാ ബഗാങ് ആരോപിച്ചു. അതീവ ഗൗരവമേറിയ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ സംസ്ഥാനത്തെ ജനങ്ങൾ നിരാശരാണെന്ന് എഎപിഎസ്‌യു ജനറൽ സെക്രട്ടറി തബോം ദായ് പറഞ്ഞു.

അപ്പർ സുബാൻസിരി ജില്ലയിൽ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയത്. 101 ഓളം വീടുകളടങ്ങിയ ചൈനീസ് നിർമിതിയുടെ ഉപഗ്രഹ ചിത്രങ്ങൾ അടുത്തിടെ ഒരു ദേശീയ മാധ്യമമാണു പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നവംബർ ഒന്നിന് പകര്‍ത്തിയ ചിത്രം വിദഗ്ധർ പഠന വിധേയമാക്കി. ഇന്ത്യൻ അതിർത്തിയിൽ 4.5 കിലോമീറ്റർ ഉള്ളിലായാണ് ചൈനയുടെ നിർമാണം. 

2019 ഓഗസ്റ്റ് 26ന് പകർത്തിയ ഇതേ മേഖലയുടെ ഉപഗ്രഹ ചിത്രത്തിൽ യാതൊരു നിർമാണ പ്രവ​‍ൃത്തികളും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ചിത്രത്തിൽ കെട്ടിടങ്ങളും മറ്റും വ്യക്തമായി കാണാന്‍ സാധിക്കും.

മേഖലയിൽ അധികാരം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി ചൈന നടത്തിയത്. ഇതിന്റെ ഭാഗമായി ഒട്ടേറെ വീടുകൾ നിർമിച്ചു. ഇവിടങ്ങളിൽ താമസക്കാരില്ലാത്തത്, ആയുധങ്ങൾ സൂക്ഷിക്കാനുള്ള മറയായി ഉപയോഗിക്കാനാകുമോ എന്ന സംശയമുണ്ട്.

English Summary: Arunachal Pradesh students hold protests over chinese village in Indian territory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com