ADVERTISEMENT

ബെയ്ജിങ് ∙ ഹോങ്കോങ്ങിൽ പിടിമുറുക്കി, ബ്രിട്ടനെ വെല്ലുവിളിക്കുന്ന നയവുമായി ചൈന. ബ്രിട്ടിഷ് നാഷനൽ ഓവർസീസ് (ബിഎൻഒ) പാസ്പോർട്ട് യാത്രരേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്നാണു ചൈനയുടെ നിലപാട്. പുതിയ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണു തീരുമാനമെന്നു വെള്ളിയാഴ്ച ബെയ്ജിങ് അറിയിച്ചു. ഹോങ്കോങ് നിവാസികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് യുകെയില്‍ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ബിഎന്‍ഒ പാസ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

ഞായറാഴ്ച മുതൽ ബിഎൻഒ പാസ്പോർട്ടുള്ളവർക്കും അവരുടെ ആശ്രിതർക്കും യുകെയിൽ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള വീസയ്ക്കായി ഓൺലൈനിൽ അപേക്ഷിക്കാം. ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് ബ്രിട്ടന്‍ പുതിയ ഇമിഗ്രേഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ചൈനയുടെ പുതിയ നിലപാടോടെ ബിഎന്‍ഒ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കു വലിയ തിരിച്ചടിയാകും. വലിയ പ്രക്ഷോഭത്തിനു കാരണമായ ദേശീയ സുരക്ഷാ നിയമം ചൈന ഹോങ്കോങ്ങിൽ നടപ്പാക്കിയതിന്റെ തുടർച്ചയാണു തീരുമാനമെന്നാണു നിഗമനം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

ചൈനീസ് വന്‍കരയുടെ തെക്കുകിഴക്കെ തീരത്തു കിടക്കുന്ന ഹോങ്കോങ് ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളനിയായിരുന്നു. 1997 ജൂലൈ ഒന്നിനു ബ്രിട്ടനില്‍നിന്നു ചൈനയ്ക്കു ഹോങ്കോങ് തിരിച്ചുകിട്ടുമ്പോൾ, ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകള്‍ 50 വര്‍ഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ഇരുരാജ്യങ്ങളുടെയും കരാർ.

ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്ന ആക്ഷേപത്തിനു പിന്നാലെയാണു ബിഎൻഒ പാസ്പോർട്ടിനെതിരായ നടപടി. ദേശീയ സുരക്ഷാനിയമം നടപ്പാക്കിയതിനു പിന്നാലെ ബിഎൻഒ പാസ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ഹോങ്കോങ്ങിന്റെ കാര്യങ്ങളിൽ ബ്രിട്ടനും മറ്റു രാജ്യങ്ങളും ഇടപെടരുതെന്ന ശക്തമായ സന്ദേശമാണു ചൈന നൽകുന്നതെന്നു ഹോങ്കോങ് സെന്റർ ഫോർ ചൈന സ്റ്റഡീസ് വിദഗ്ധൻ വില്ലി ലാം ചൂണ്ടിക്കാട്ടി. 

English Summary: China "No Longer" Recognises British-Issued Hong Kong Passports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com