ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള അലവൻസ് പരിഷ്കരണത്തോടു കൂടെയുള്ള ശമ്പളകുടിശിക നൽകാത്തതിൽ, പ്രതിഷേധിച്ചും എൻട്രി കേഡറിലെ ശമ്പള പരിഷ്കരണ അപാകതകൾ ഉൾപ്പടെയുള്ളവ പരിഷ്കരിക്കാത്തതിലും പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ 8 മുതൽ 11 വരെ ഒപിയും ഇലക്റ്റീവ് ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. എന്നാൽ
കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐസിയു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. 

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ.ബിനോയ്‌ എസ്‌. ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്കർ ഉദ്ഘാടനം ചെയ്തു. ഡോ.ആർ.സി..ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പോസ്റ്റിൽ ധനമന്ത്രി, മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണ അരിയർ നൽകുന്നതിനെ കുറിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിൽ ഡോക്ടർമാരുടെ ശമ്പളത്തിന്റെ മുഖ്യഭാഗം ആയ എൻപിഎ, പിസിഎ അലവൻസ് പരിഷ്കരണം ശമ്പളക്കുടിശികയിൽ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇതുമൂലം 60 ശതമാനത്തോളം ശമ്പളക്കുടിശികയാണ് നഷ്ടപ്പെടുന്നത്. ഇതു സംഘടന അംഗീകരിക്കുന്നില്ല. എൻട്രി കേഡറിൽ ഉള്ള ഡോക്ടർമാർക്കും ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ 11,000- 18,000 രൂപ പുതിയ ശമ്പളത്തിൽ കുറവുണ്ട്. ഇതും പരിഹരിക്കണം.

എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ട് പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ്. കുറ്റപ്പെടുത്തി. സംസ്ഥാനതലത്തിലും ആഗോളതലത്തിലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളേജ് ഡോക്ടർമാരൊടുള്ള വഞ്ചനപരമായ സമീപനമാണിത്. സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചു സർക്കാരിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാരെ ഇത്തരത്തിൽ അവഗണിച്ചതിനെതിരെ കെജിഎംസിടിഎ സംസ്ഥാനസമിതി ശക്തമായ പ്രതിഷേധം അറിയിച്ചു.

ഇനിയും തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ്‌ മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും. ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം (12 മണിക്കൂർ വീതം ) നടത്താനും ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്താനും തീരുമാനിച്ചു .

English Summary: Medical College doctors strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com