ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി–ഹരിയാന അതിർത്തിയായ സിംഘുവിൽ കര്‍ഷകസമരത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലീസിനെ വാൾ കൊണ്ട് ആക്രമിച്ച യുവാവ് ഉൾപ്പെടെ 44 പേർ അറസ്റ്റിൽ. അക്രമികൾക്കു പുറമേ പൊലീസിനെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഏതാനും കർഷകരെയും പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിനെ ആക്രമിച്ചു എന്ന് ആരോപിച്ച് കർഷകരെ പൊലീസ് ആക്രമിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.  

അക്രമികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി അലിപുർ പൊലീസ് അറിയിച്ചു. അലിപുർ സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രദീപ് പലിവാളിനെ വാൾ ഉപയോഗിച്ച് ആക്രമിച്ചതിനാണ് പഞ്ചാബിലെ കസംപൂർ സ്വദേശിയായ രഞ്ജിത് സിങ്ങി(22) നെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കർഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ സിംഘുവിലേക്ക് ഇരച്ചുകയറിയ ഇരുനൂറോളം പേരുടെ സംഘവും കർഷകരും തമ്മിൽ പൊലീസ് നോക്കിനിൽക്കെ ഏറ്റുമുട്ടുകയായിരുന്നു. പ്രദേശവാസികളെന്ന് അവകാശപ്പെട്ടെത്തിയ സംഘം പ്രക്ഷോഭം നിർത്തണമെന്നാവശ്യപ്പെട്ട് കർഷകർക്കു നേരെ കല്ലെറിഞ്ഞു. ചിലർ മുഖംമൂടി ധരിച്ചിരുന്നു. വടികളുമായി കർഷകർ തിരിച്ചടിച്ചു. പ്രദേശത്തെ ടെന്റുകളും ലംഗറുകളും (സമൂഹ അടുക്കള) തകർക്കാനുള്ള ശ്രമവും തടഞ്ഞു.

ആദ്യം ഇടപെടാതിരുന്ന പൊലീസ്, പിന്നീട് പ്രക്ഷോഭകേന്ദ്രത്തിലേക്കു കടന്ന് ഇരുകൂട്ടരെയും നേരിട്ടു. ഏതാനും കർഷകരെ വളഞ്ഞിട്ടുതല്ലി. കർഷകരിൽ ചിലർ വാളുകളുമായി പാഞ്ഞടുത്തപ്പോൾ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഉച്ചയ്ക്കു മണിക്കൂറുകളോളം പ്രദേശം സംഘർഷഭൂമിയായി. കർഷകരടക്കം ഒട്ടേറെപ്പേർക്കും 10 പൊലീസുകാർക്കും പരുക്കേറ്റു.

സിംഘുവിനോടു ചേർന്നുള്ള ഭക്ത്‌വർപുർ, ഹമീദ്പുർ എന്നിവിടങ്ങളിലെ നൂറോളം നിവാസികൾ കർഷകർക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ചെങ്കോട്ടയിൽ സംഘർഷമുണ്ടായ സാഹചര്യത്തിൽ പ്രക്ഷോഭം അവസാനിപ്പിച്ച് കർഷകർ മടങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സിംഘുവിന് മുമ്പ് ഗാസിപ്പൂർ അതിർത്തിയിൽ പൊലീസ് സമരവേദി ഒഴിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സമരം ചെയ്യുന്ന കർഷകരും കർഷക നേതാക്കളും നീക്കത്തെ പ്രതിരോധിച്ചതോടെ പൊലീസ് പിൻമാറി. റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് തിരച്ചിൽ നോട്ടിസ് നൽകിയവരുടെ പാസ്പോർട്ട് പിടിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. 

നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് ദർശൻ പാൽ, രാകേഷ് ടിക്കായത് തുടങ്ങിയവരടക്കം 20 നേതാക്കൾക്കു പൊലീസ് നോട്ടിസ് അയച്ചിരുന്നു. സംഘർഷമുണ്ടാക്കിയവരുടെ പട്ടിക 3 ദിവസത്തിനകം കൈമാറാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ പഞ്ചാബി നടൻ ദീപ് സിദ്ദുവിനായും തിരച്ചിൽ ഊർജിതമാക്കി. 

English Summary: 44 Including Man Who Attacked Police With Sword Arrested in Singhu Border Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com