ADVERTISEMENT

ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്രയുടെ ലോഗോ അശ്ലീലമെന്ന് പരാതി. സംഗതി പുലിവാലാകുമെന്നു കണ്ടതോടെ ലോഗോയിൽ മാറ്റം വരുത്തി നിയമനടപടികളുടെ നൂലാമാലകൾ ഒഴിവാക്കാൻ ഒരുങ്ങുകയാണ് മിന്ത്ര. സ്ത്രീകളെ ആക്ഷേപിക്കുന്നതാണു ലോഗോയെന്ന പരാതിയുമായി മുംബൈ സൈബർ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ ഇത്തരത്തിൽ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേൽ പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് പരാതി സ്വീകരിച്ചതിനെത്തുടർന്ന് ഒരുമാസത്തിനകം ലോഗോയിൽ മാറ്റം വരുത്താമെന്നു സമ്മതിച്ചിരിക്കുകയാണ് മിന്ത്ര. ലോഗോയിലെ മാറ്റം പാക്കേജിലും പരസ്യത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാലാണ് ലോഗോമാറ്റത്തിന് കമ്പനി ഒരു മാസത്തെ സമയം ചോദിച്ചത്. വൈകാതെ വെബ്‌സൈറ്റിലടക്കം ലോഗോ മാറ്റം നിലവിൽ വരും.

നേരത്തേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേൽ ഉന്നയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചതിനെത്തുടർന്നാണ് സൈബർ പൊലീസിൽ പരാതിയുമായെത്തിയത്. തുടർന്ന് മുംബൈ പൊലീസിലെ സൈബർ വിഭാഗം കമ്പനി അധികൃതർക്ക് ഇ മെയിൽ അയയ്ക്കുകയും കമ്പനി പ്രതിനിധി നേരിട്ടെത്തി വിശദീകരണം നൽകുകയുമായിരുന്നു. കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ലോഗോയെന്നാണ് എതിരെ ഉയർന്ന വിമർശനം. 

അതേസമയം, പരാതിക്കാരിയായ നാസ് പട്ടേലിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയയിൽ ഒട്ടേറെപ്പേർ എത്തിയിട്ടുണ്ട്. പബ്ലിസിറ്റിക്കു വേണ്ടിയാണ് നാസ് ഈ ആരോപണമുന്നയിക്കുന്നതെന്നും സാധാരണക്കാർക്ക് ലോഗോയിൽ അശ്ലീലം കണ്ടെത്താനാകില്ലെന്നും ചിലർ പറയുന്നു. 

ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഇന്ത്യയിൽ ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തെ മുൻനിര സ്ഥാപനമാണ്. അടുത്തിടെ വാർഷിക വ്യാപാര പദ്ധതിയുടെ ഭാഗമായി 5 ദിവസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ വ്യാപാരം നടത്തി മിന്ത്ര വാർത്ത സൃഷ്ടിച്ചിരുന്നു. 2019നെ അപേക്ഷിച്ച് 2020ൽ വെബ്സൈറ്റ് ട്രാഫിക്കിൽ 51% വർധനയാണ് മിന്ത്രയ്ക്കുണ്ടായത്. 

English Summary: Myntra to change logo after complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com