ADVERTISEMENT

തിരുവനന്തപുരം∙ മല്‍സരിക്കുന്നെങ്കില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മാത്രമേ ഇത്തവണ മല്‍സരിക്കുകയുള്ളുവെന്ന് വി.എസ്. ശിവകുമാര്‍. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി നേമത്തോ തിരുവനന്തപുരത്തോ മല്‍സരിക്കാനെത്തുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ശിവകുമാറിന്റെ തുറന്നുപറച്ചില്‍. ഉമ്മന്‍ ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്നും ശിവകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരത്ത് തുടര്‍ച്ചയായി രണ്ടുവട്ടം ജയിച്ചയാളാണ് വി.എസ്. ശിവകുമാര്‍. എന്നാല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ തോല്‍വിക്ക് കാരണം ശിവകുമാറാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്നും പ്രചാരണമുണ്ട്. അതുകൊണ്ടുതന്നെ വട്ടിയൂര്‍ക്കാവിലേക്കോ നേമത്തേക്കോ ശിവകുമാര്‍ മാറുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. 

ശിവകുമാര്‍ തിരുവനന്തപുരത്ത് തന്നെ ഉറച്ചുനിന്നാല്‍ വട്ടിയൂര്‍ക്കാവിലും നേമത്തും ശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരും. മുന്‍ നെതര്‍ലെന്‍ഡ്സ് അംബാസിഡര്‍ വേണു രാജാമണിയുടെ പേരാണ് വട്ടിയൂര്‍ക്കാവില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ബിജെപിയും സിപിഎമ്മും തുല്യശക്തികളായ നേമത്ത് ഉമ്മന്‍ ചാണ്ടി തന്നെ മല്‍സരിക്കണമെന്ന വാദവും കൂടുതല്‍ ശക്തമാകുകയാണ്. 

പ്രചാരണം കനത്തതോടെ അതു നിഷേധിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിരുന്നു. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നുവെന്നും ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും വാർത്താ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്തും അവർക്കു സ്വാധീനമുള്ള വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും കോ‍ൺഗ്രസിന്റെ ശക്തരായ മുതിർന്ന സ്ഥാനാർഥികൾ രംഗത്തു വരണമെന്നു യുഡിഎഫ് നേതൃയോഗത്തിൽ ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രനാണ് ആദ്യം ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ കുത്തക സിപിഎമ്മിനാണ് എന്ന പ്രചാരണത്തെ ചെറുക്കാൻ ആ ‘ചാലഞ്ച്’ ഗുണകരമാകുമെന്ന ആർഎസ്പിയുടെ നിർദേശം കോൺഗ്രസ് അംഗീകരിച്ചു. തുടർന്ന് കോൺഗ്രസിനുള്ളിൽ നടന്ന ചർച്ചകളിലാണ് ‘ഉമ്മൻ ചാണ്ടി തന്നെ ആയാലോ’ എന്ന ആശയം മൊട്ടിട്ടത്.

പുതുപ്പള്ളിയിൽ സുവർണ ജൂബിലി പൂർത്തിയാക്കിയ സാഹചര്യത്തിൽ കോൺഗ്രസിനും യുഡിഎഫിനും ഗുണകരമായ രാഷ്ട്രീയ നീക്കമായി അതിനെ പലരും വിലയിരുത്തി. തലസ്ഥാനത്ത് ഉമ്മൻ ചാണ്ടി വന്നാൽ തെക്കൻ കേരളത്തിലാകെ അതു യുഡിഎഫിന് ഉണർവ് പകരുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടു. 

English Summary: Oommen Chandy will win from anywhere VS Sivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com