തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിയുമായി സിപിഎമ്മിന് രഹസ്യധാരണ: എൻ.വേണു
Mail This Article
കോഴിക്കോട് ∙ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുകയാണെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു. സിപിഎം നേതാക്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവിരുദ്ധ പ്രചരണം ബിജെപിയുമായുള്ള ധാരണയ്ക്ക് കളമൊരുക്കാൻ വേണ്ടിയാണെന്നു വ്യക്തമാണ്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയം ഉറപ്പാക്കാൻ വൻതോതിൽ ബിജെപി വോട്ടുകൾ മറിച്ചതു യാദൃച്ഛികമല്ല. കേരളത്തിൽ എക്കാലത്തും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായിനിന്ന പാണക്കാട്ട് കോൺഗ്രസ് നേതാക്കൾ പോയതുപോലും വർഗീയമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്.
മുസ്‌ലിം വർഗീയത ഉയർത്തിപ്പിടിക്കുന്ന അബ്ദുൽ നാസർ മഅദനിയെ സ്വീകരിച്ചതും എസ്ഡിപിഐയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയതും ജനങ്ങൾ മറന്നിട്ടില്ല. പത്തു വോട്ടിനു വേണ്ടി കേരളത്തെ വർഗീയമായി പിളർത്തുന്ന സിപിഎം നടപടിക്കെതിരെ ജാഗ്രത പാലിക്കണമെന്നും വേണു പറഞ്ഞു.
English Summary : RMP leader N Venu against CPM