ADVERTISEMENT

‘‘ബിജെപി നേതാവിന്റെ ഭാഷയിലാണു എ.വിജയരാഘവൻ സംസാരിക്കുന്നത്. ഇതു നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി–സിപിഎം കൂട്ടുകെട്ടിന്റെ ഭാഗമാണ്. കോൺഗ്രസ് മുക്ത കേരളമാണ് ഇരുവരുടെയും ലക്ഷ്യം. അതിനുവേണ്ടി ശബരിമല വിഷയം മുതൽ ഇവർ കൈ കോർക്കുകയാണ്.’’ – ഐശ്വര്യയാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളാണിവ. 

കേരളം നിയമസഭാ തിരഞ്ഞെടുപ്പിനു കച്ചമുറുക്കുമ്പോൾ ആവനാഴിയിലെ ആയുധങ്ങൾ രാകിമിനുക്കുന്ന തിരക്കിലാണു മുന്നണികൾ. ആഞ്ഞുപിടിച്ചാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഇടതുമുന്നണിയും ഒത്തുപിടിച്ചാൽ ഭരണം തിരിച്ചുപിടിക്കാമെന്ന് ഐക്യ ജനാധിപത്യ മുന്നണിയും കരുതുന്നു. നില മെച്ചപ്പെടുത്തി മൂന്നാം മുന്നണിയുടെ കരുത്ത് തെളിയിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണു ദേശീയ ജനാധിപത്യ സഖ്യം. സർക്കാരിനെതിരെ വിവാദ ഭൂകമ്പങ്ങൾ ഉണ്ടായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രകമ്പനം കാര്യമായി പ്രതിഫലിക്കാത്തത് യുഡിഎഫിനും എൻഡിഎയ്ക്കും ക്ഷീണമായി. അടിപതറുമോയെന്ന ആശങ്കയെ അസ്ഥാനത്താക്കിയുള്ള വിജയം തദ്ദേശത്തിരഞ്ഞെടുപ്പിൽ ഉണ്ടായത് എൽഡിഎഫിൽ ഭരണത്തുടർച്ചാ മോഹത്തിനു വിത്തിട്ടു.

ഒട്ടും കാത്തുനിൽക്കാതെ അതിനു വെള്ളമൊഴിക്കാനുള്ള നിയോഗം സ്വയം ഏറ്റെടുത്തു, സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ.വിജയരാഘവൻ. മത്സരം തുടങ്ങുംമുൻപേ കളി അനുകൂലമാക്കുകയെന്ന തന്ത്രമാണു വിജയരാഘവൻ പയറ്റുന്നത്. അദ്ദേഹത്തിന്റെ ‘പാണക്കാട് പരാമർശം’ വെറുമൊരു പ്രസ്താവനയല്ലെന്നും സിനിമ റിലീസിനു മുന്നോടിയായുള്ള ടീസർ പോലെയെന്നുമാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് നേതൃത്വം പാണക്കാട് പോയത് മത മൗലികവാദ – മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ട് ശക്തമാക്കാ‍ൻ ആണെന്ന വിജയരാഘവന്റെ വാക്കുകൾ ചർച്ചയായി. വിജയരാഘവൻ എറിഞ്ഞതു കൃത്യമായി പിടിച്ചെടുത്ത കോൺഗ്രസ് മത്സരം മുറുക്കി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടതടക്കം സർക്കാരിനെതിരെ ഇപ്പോഴുള്ളതും ഇനി ഉയരാനിടയുള്ളതുമായ വിവാദങ്ങൾക്കുമേൽ മുസ്‍ലിം ലീഗിനെയും ന്യൂനപക്ഷ–ഭൂരിപക്ഷ രാഷ്ട്രീയത്തെയും പ്രതിഷ്ഠിക്കുകയെന്ന രാഷ്ട്രീയനീക്കമാണു സിപിഎം ആക്ടിങ് സെക്രട്ടറിയുടേത്. ‘‘തിരഞ്ഞെടുപ്പ്‌ ലാഭത്തിനായി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണു കേരളത്തിലെ കോൺഗ്രസിനുള്ളത്‌. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗിച്ചാണ്‌ വിജയം നേടിയത്‌. എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ ലഭിച്ചു. രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ മേധാവിത്വമായി. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ എതിർക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ അവസരവാദനിലപാടാണ് കോൺഗ്രസിന്റേത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വർഗീയ കൂട്ടുകെട്ടിനെ കൂടുതൽ വിപുലീകരിക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ്‌ തയാറായി. ജമാഅത്തെ ഇസ്‍ലാമിയെക്കൂടി മുന്നണിയിൽ ചേർത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക്‌ കനത്ത തിരിച്ചടിയാണ്‌ ജനം നൽകിയത്‌. കോൺഗ്രസിന്റെ ജമാഅത്തെ ബന്ധം തുടരുമോ എന്ന ചോദ്യത്തിന്‌ ഉത്തരം പറയാതെ, സിപിഎം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ്‌ അവരുടേത്.’’– പാർട്ടി പത്രത്തിലെ ലേഖനത്തിൽ വിജയരാഘവൻ വിശദീകരിച്ചു.

pinarayi-vijayan-01
പിണറായി വിജയൻ (ഫയൽ ചിത്രം)

∙ പാർട്ടി സെക്രട്ടറിയെ പിന്തുണച്ച് പിണറായി

ലീഗിന്റെ രാഷ്ട്രീയത്തെ മയമില്ലാതെ വിമർശിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും വിജയരാഘവനും ഒറ്റക്കയ്യാണെന്നു കാണാം. വിജയരാഘവന്റെ പാണക്കാട് വിവാദങ്ങളെയും മുഖ്യമന്ത്രി പിന്തുണച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ വർഗീയമായി വിജയരാഘവൻ ചിത്രീകരിച്ചതായി അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിജയരാഘവൻ പറഞ്ഞതു യുഡിഎഫിന്റെ ഇപ്പോഴത്തെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാ‌ണ് എന്നാണ്. ഇതുപറയാൻ കാരണം ജമാഅത്തിനോടുള്ള യുഡിഎഫ് സമീപനമാണ്. യുഡിഎഫിനു വർഗീയതയുമായി സമരസപ്പെടുന്നതിനു വിഷമമില്ലെന്നുമായിരിക്കും വിജയരാഘവൻ പറഞ്ഞിരിക്കുക എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കോൺഗ്രസിനും മുസ്‍ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി ഡിസംബറിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിനെ എ.വിജയരാഘവനും പിന്തുണച്ചിരുന്നു. ലീഗിനെ കുറിച്ചാണു മുഖ്യമന്ത്രി പറഞ്ഞത്, മുസ്‍ലിംകളെ കുറിച്ചല്ല. മുഖ്യമന്ത്രി പറഞ്ഞതു രാഷ്ട്രീയമാണ്. ലീഗ് മതമൗലികവാദത്തിലേക്കു നീങ്ങുന്നു എന്നുള്ളത് ശരിയാണ്. മതമൗലികവാദം കേരളത്തിൽ അനുവദിക്കില്ല. ലീഗിന്റെ വർഗീയ നിലപാട് തുറന്നു കാണിച്ചപ്പോഴുള്ള വിഷമമാണ് അവർക്ക്. ഒരു ഭാഗത്തു സംഘപരിവാറുമായും മറ്റൊരു വശത്തു ജമാഅത്തിനൊപ്പവും കൂട്ടുകെട്ട് ഉണ്ടാക്കുന്നത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാണ്– അദ്ദേഹം പറഞ്ഞു.

പൊതുവിൽ സിപിഎമ്മിന്റെ മറ്റു നേതാക്കളാരും വിജയരാഘവന്റെ പ്രസ്താവന ഏറ്റുപിടിക്കാനോ പ്രതികരിക്കാനോ മുതിർന്നിട്ടില്ല. മലപ്പുറത്തുനിന്നുള്ള വിജയരാഘവന്റെ കടുത്ത ലീഗ് വിരുദ്ധ സമീപനം പാർട്ടി നേതൃത്വം അംഗീകരിക്കുന്നു. ലീഗ് വിരുദ്ധത ശക്തമാക്കി സിപിഎം ഉന്നമിടുന്ന ഭൂരിപക്ഷ ഏകീകരണ തന്ത്രം വഴിമാറുമോ എന്ന ആശങ്കയുമുണ്ട്. ലീഗിനോട് മല്ലിടുന്ന മന്ത്രി കെ.ടി.ജലീൽ അവർക്കെതിരെ വിമർശനമുന്നയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ‌്‌ലാമിയുടെയും സ്വാധീനത്തില്‍ സമീപകാലത്തായി ലീഗിന് നയംമാറ്റമുണ്ടായി. സമസ്തയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച അഞ്ചു വര്‍ഷമായിരുന്നു എല്‍ഡിഎഫ് ഭരണകാലം. തിരഞ്ഞെടുപ്പില്‍ ലീഗിനെ മാത്രം പിന്തുണയ്ക്കുന്ന നയം ഇകെ വിഭാഗം സുന്നികള്‍ക്കില്ലെന്നും ജലീൽ അഭിപ്രായപ്പെട്ടു.

‘‘മുന്‍പില്ലാത്ത രീതിയിലാണു പല വിഷയങ്ങളിലും ലീഗ് ഇടപെടുന്നത്. മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനത്തിന് എതിരെപ്പോലും ലീഗ് സമരത്തിന് ഒരുങ്ങിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ‌്‌ലാമിയുടെയും സ്വാധീനത്തിലാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തോടെ പൊതുസമൂഹത്തിലുണ്ടായിരുന്ന ലീഗിന്റെ സ്വീകാര്യത കുറഞ്ഞു. സമസ്ത നേതൃത്വത്തിനു രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടനിലയില്ലാതെ ഭരണകേന്ദ്രവുമായി നേരിട്ട് ഇടപെടാന്‍ കഴിഞ്ഞ 5 വര്‍ഷമായി അവസരമുണ്ട്. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊളളുന്ന സംഘടനയാണ് സമസ്ത. യുഡിഎഫിനെ മാത്രമേ എക്കാലത്തും പിന്തുണയ്ക്കുവെന്ന പ്രചാരണം ശരിയല്ല. സമസ്ത.’’ – ലീഗ് തർക്കം മുതലെടുക്കാനാണു സിപിഎം നീക്കമെന്നു ജലീലിന്റെ വാക്കുകളിൽ വ്യക്തം.

ramesh-chennithala-01
രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

∙ വിജയരാഘവനെ ‘ഏറ്റെടുത്ത്’ കോൺഗ്രസ്

ഇരുതല മൂർച്ചയുള്ള മതമൗലികവാദ ആയുധം വിജയരാഘവൻ പ്രയോഗിച്ചപ്പോൾ ഒഴിഞ്ഞുമാറാതെ അതേ നാണയത്തിൽ നേരിടാനുറച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും ഇതിനുള്ള മറുപടികളുണ്ടായി. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിൽപോലും വർഗീയത ആരോപിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ‘‘സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് ഇതിനുപിന്നിൽ. വിജയരാഘവനു പാണക്കാട് പോകാനാവാത്തതിന്റെ നിരാശയാണ്. പാണക്കാട്ടേക്ക് ഇനിയും പോവും. ബാബറി മസ്ജിദ് തകർന്ന കാലത്തു കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്. മറ്റൊന്നും ഇല്ലാത്തതിനാലാണു സിപിഎം ലീഗിനെ പറയുന്നത്.’’ – ഉമ്മൻചാണ്ടി പ്രതികരിച്ചതിങ്ങനെ.

മുഖ്യമന്ത്രിയും ഇടതുമുന്നണി കൺവീനറും ചേർന്ന് കേരളത്തിൽ വർഗീയത ആളിക്കത്തിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ‘‘വിജയരാഘവൻ വായ തുറന്നാൽ വർഗീയത മാത്രമേ പറയൂ. മുസ്‌ലിംലീഗ് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ്. താനും ഉമ്മൻ ചാണ്ടിയും ലീഗ് അധ്യക്ഷൻ ഹൈദരാലി ശിഹാബ് തങ്ങളെ കണ്ടു ചർച്ച നടത്തുന്നതു പുതിയ കാര്യമല്ല. എന്നാൽ അതിനെ വർഗീയവൽക്കരിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും വിജയരാഘവനും നടത്തുന്നത്. ലീഗുമായി ചേർന്നു തമിഴ്‌നാട്ടിൽ ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. എന്തിന്റെ അടിസ്ഥാനത്തിലാണു കേരളത്തിൽ മാത്രം ലീഗിൽ മതമൗലികവാദം ആരോപിക്കുന്നത്. കേരളത്തിൽ ലീഗുമായി ചേർന്നു ഭരിച്ചവരാണു സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പു മുതൽ സംസ്ഥാനത്തു വർഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. രണ്ടു വോട്ടിന് വേണ്ടി ഏതു വർഗീയ പ്രചാരണവും നടത്താൻ സിപിഎമ്മിന് മടിയില്ല. ജനങ്ങളുടെ ഇടയിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കാനുള്ള നീക്കത്തിൽനിന്നു പിന്തിരിയണം.’’ ചെന്നിത്തല ആവശ്യപ്പെട്ടു.

സിപിഎം ഉയർത്തുന്നതു വിഷം ചീറ്റുന്ന വർഗീയതയാണെന്നും ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നയമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാണക്കാട് തറവാട് ചേര്‍ത്തു സിപിഎം വര്‍ഗീയത പറഞ്ഞാല്‍ അതു കേരളത്തില്‍ ചെലവാകില്ലെന്നു ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

A Vijayaraghavan
എ.വിജയരാഘവൻ. (ഫയൽ ചിത്രം)

∙ ജമാഅത്തെ ഇസ്‍ലാമിയുടെ റോളെന്ത്?

ജമാഅത്തെ ഇസ്‍ലാമിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്നും ജമാഅത്തെ ഇസ്‍ലാമി പത്രമായ മാധ്യമത്തിന്റെ എഡിറ്റർ ഒ.അബ്ദുറഹ്മാന്റെ ലേഖനം ഉദ്ധരിച്ച് വിജയരാഘവൻ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുൻപാണു ചർച്ചകൾ നടന്നത്. അതനുസരിച്ചു വെൽഫെയർ പാർട്ടി യുഡിഎഫിനൊപ്പംനിന്നു, മുഴുവൻ സീറ്റിലും അടുത്ത തിരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരുമെന്നും വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസ്‌‌ അവസരവാദ നിലപാടുകൾ സ്വീകരിച്ച്‌ ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്‌‌. ഇതു പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചു. മൃദുഹിന്ദുത്വവും ഹിന്ദുവർഗീയതയ്‌ക്കു വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കിൽ കേരളത്തിലടക്കം എവിടെയും ഇതു സംഭവിക്കാം. ന്യൂനപക്ഷ വർഗീയത തലപൊക്കുന്നതും വളരുന്നതും ബിജെപിയുടെ ആവശ്യമാണെന്നു കോൺഗ്രസ്‌‌ എന്നാണു തിരിച്ചറിയുക? ന്യൂനപക്ഷ വർഗീയത ചൂണ്ടിക്കാട്ടിയാണു ഹിന്ദുവർഗീയത വളർത്തുന്നത്‌. ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണു വളമാവുക.

സാമ്പത്തിക സംവരണ വിഷയത്തിലും ലീഗിനെ പ്രതിക്കൂട്ടിൽ നിർത്താനാണു സിപിഎം ശ്രമം. സംവരണേതര വിഭാഗങ്ങൾക്ക്‌ 10 ശതമാനം സംവരണമെന്നതു സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്‌. തടസ്സമായിരുന്ന ഭരണഘടനാ വ്യവസ്ഥ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌തപ്പോൾ കേരളത്തിൽ നയം നടപ്പാക്കി. ഇതിനെതിരെ വർഗീയ സംഘടനകൾ സമരരംഗത്തിറങ്ങി. മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണു ലീഗ്‌ ശ്രമിച്ചത്‌. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും വിജയരാഘവൻ ആരോപിക്കുന്നു.

a-vjayaraghavan
എ.വിജയരാഘവൻ. (ഫയൽ ചിത്രം)

∙ സ്വർണക്കടത്തും സോളർ കേസും

ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് സോളർ കേസിലെ സിബിഐ അന്വേഷണാനുമതി സർക്കാർ നൽകിയത്. മന്ത്രിസഭയിൽ പോലും ചർച്ചയ്ക്കു വരാതെ മുഖ്യമന്ത്രി ഒറ്റയ്ക്കെടുത്ത തീരുമാനം. പരാതിക്കാരിയെക്കൊണ്ടു സിബിഐ അന്വേഷണാവശ്യം സർക്കാർ എഴുതിവാങ്ങുകയായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രധാന പ്രചാരണായുധമാക്കിയ സോളർ കേസ് പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പൂർണമായി അവഗണിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലോ തദ്ദേശ തിരഞ്ഞെടുപ്പിലോ സോളർ കേസ് വിഷയമായില്ല.

കേസ് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയക്കളി ശക്തമാക്കിയെന്നു സിപിഎം വിലയിരുത്തിയതിനു പിന്നാലെയായിരുന്നു സോളർ കേസിലെ നടപടിയെന്നതും ശ്രദ്ധേയം. കേസ് അന്വേഷിക്കാൻ സിബിഐയ്ക്കുള്ള പൊതുഅനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയതിനു പിന്നാലെയാണ് അവരെ ഒരു കേസ് വിളിച്ചേൽപിച്ചത്. എൽഡിഎഫ് സർക്കാരിനു ഭരണത്തുടർച്ചയുണ്ടാകുമെന്ന ഭയത്തിൽ സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി-ലീഗ് അവിശുദ്ധ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുകയാണെന്നും ഇതിന് അനുഗ്രഹാശിസ്സുകൾ പകർന്ന് കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയും വിവിധ കേന്ദ്ര ഏജൻസികളും അപഹാസ്യമാം വിധം ഇടപെടുകയാണെന്നും മുഖ്യമന്ത്രി നേരത്തെ വിമർശിച്ചിരുന്നു.

∙ ഒറ്റക്കാഴ്ചയുള്ള കണ്ണും നോട്ടവും

ഹിന്ദുവർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നതു ഹിന്ദുത്വ ശക്തികൾക്കു കരുത്തുപകരുന്ന നിലപാടാണ്. അതിനാലാണു തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ഉണ്ടാക്കിയ ബന്ധങ്ങൾ തുടരുമോ എന്ന ചോദ്യം സിപിഎം ഉന്നയിച്ചതെന്നാണ് വിജയരാഘവന്റെ നിലപാട്. എന്നാൽ, കോൺഗ്രസ് നേതാക്കൾ പാണക്കാട് സന്ദർശിച്ചതിനൊപ്പം ഇരു സമസ്തയുടെയും നേതാക്കൾ, ബിഷപ്പുമാർ, വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടുന്ന എസ്എൻഡിപി നേതാക്കൾ എന്നിവരെയെല്ലാം കണ്ടു ചർച്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടി കേരളത്തിൽ ലീഗിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ പല സഭാ നേതാക്കളെയും സന്ദർശിച്ചു. ചിലർ പാണക്കാട്ടുമെത്തി. ഇതൊന്നും മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലപ്പെടുത്താനാണെന്ന വ്യാഖ്യാനം ഉണ്ടായില്ലല്ലോയെന്നാണ് എതിർഭാഗം ചോദിക്കുന്നത്. 

യുഡിഎഫിൽതന്നെ വിവാദമായ വെൽഫെയർ പാർട്ടി പ്രാദേശിക നീക്കുപോക്കിനെ, മുന്നണി മതമൗലിക വാദികളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നു പ്രചരിപ്പിച്ചു മലബാറിലടക്കം ക്രിസ്ത്യൻ വോട്ടിൽ വിള്ളലുണ്ടാക്കാൻ സിപിഎമ്മിനും എൽഡിഎഫിനും കഴിഞ്ഞെന്നാണു വിലയിരുത്തൽ. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം മുന്നണി മാറിയെത്തിയതു തെക്കൻ ജില്ലകളിലും അവർക്കു തുണയായി. ഇതിന്റെ ചുവടുപിടിച്ചു പോയാൽ നിയമസഭയിലും നേട്ടമുണ്ടാക്കാമെന്നാണു ഭരണമുന്നണിയുടെ കണക്കുകൂട്ടൽ. ഒപ്പം, പേരിനുമാത്രം മൂന്നാം മുന്നണിയായിനിന്നാൽ വളരില്ലെന്നും ചുവടുകൾ മാറ്റണമെന്നുമുള്ള ബിജെപിയുടെ തിരിച്ചറിവും ഇടതുകേന്ദ്രങ്ങൾക്കു തുണയാകുന്നു. ലോക്സഭയിലെ തിരിച്ചടിക്ക് അതേനാണയത്തിൽ മറുപടി കൊടുക്കാനുള്ള ഇടതുശ്രമമായും പുതിയ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നു.

Content Highlights: A Vijayaraghavan's statement, CPM, LDF, Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com