ADVERTISEMENT

കൊച്ചി ∙ കൊറോണ വൈറസെത്തി ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്ത് കൂടുതൽ പേർ കോവിഡ് പോസിറ്റീവാകുന്ന ജില്ലകളിൽ ഒന്നാണ് എറണാകുളം. 30 പേരിൽ ഒരാൾ വീതം ജില്ലയിൽ കോവിഡ് പോസിറ്റീവായവരാണ്. ആകെ ജനസംഖ്യയിൽ 3.29% പേർക്ക് ഇതിനകം കോവിഡ് ബാധിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തു. ഇതുവരെ പോസിറ്റീവായത് 1,07,988 പേർ. നിലവിൽ 11,065 പേർ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഓരോ ദിവസവും ശരാശരി 800 പേർ പുതിയതായി പോസിറ്റീവാകുന്നു. കോവിഡിന്റെ തുടക്കത്തിൽ പ്രശസ്തി നേടുകയും മറ്റു ജില്ലകൾ പകർത്താൻ ശ്രമിക്കുകയും ചെയ്ത ‘എറണാകുളം മോഡലിന്’ എന്താണു സംഭവിച്ചത്?

എറണാകുളം മോഡൽ

കോവിഡിന്റെ തുടക്കത്തിൽതന്നെ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രതിരോധ, ചികിത്സാ മാതൃകയ്ക്ക് രൂപം നൽകിയത് എറണാകുളം ജില്ലയായിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രിതല ചികിത്സാ സംവിധാനങ്ങൾ ഉൾപ്പെടുത്തി വിപുലമായ എമർജൻസി റെസ്പോൺസ് പദ്ധതിയാണു തയാറാക്കിയത്. രോഗികളുടെ തിരക്ക് നിയന്ത്രിച്ചു കോവിഡ് ആശുപത്രികളുടെ സമ്മർദം കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ചെറിയ ലക്ഷണങ്ങളുള്ള രോഗികൾക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, കുറച്ചു കൂടി ഗൗരവമുള്ളവർക്ക് സെക്കൻഡറി ട്രീറ്റ്മെന്റ് സെന്റർ, സ്ഥിതി ഗുരുതരമായവർക്കു ടേർഷ്യറി ട്രീറ്റ്മെന്റ് സെന്റർ എന്നിങ്ങനെയായിരുന്നു ത്രിതല ചികിത്സാ സംവിധാനങ്ങൾ.

ആശുപത്രികൾ, ആംബുലൻസുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ടെലിമെഡിസിൻ, മെഡിക്കൽ സ്റ്റോറുകൾ, സാംപിൾ പരിശോധനാ ലാബുകൾ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെയെല്ലാം ബന്ധിപ്പിക്കുന്ന കൺട്രോൾ റൂം സംവിധാനം. ആരോഗ്യ പ്രവർത്തകർക്കു പരിശീലനം നൽകാനുള്ള ഓൺലൈൻ മൊഡ്യൂളും തയാറാക്കി.

 

ആദ്യ ഘട്ടത്തിൽ ഫലപ്രദം

രോഗികളുടെ എണ്ണം കുറവായിരുന്ന ആദ്യ ഘട്ടത്തിൽ ജില്ലയിൽ പ്രതിരോധ സംവിധാനം ഏറെ ഫലപ്രദമായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ കോവിഡ് ആശുപത്രിയായിരുന്നു കളമശേരി മെഡിക്കൽ കോളജ്. കഴിഞ്ഞ വർഷം മാർച്ച് 22ന് കളമശേരി മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കുമ്പോൾ ജില്ലയിൽ ആകെയുണ്ടായിരുന്നത് 11 പോസിറ്റീവ് രോഗികൾ മാത്രം. എന്നാൽ, മാർച്ച് 28ന് 17 പേർ മാത്രം പോസിറ്റീവായിരുന്നപ്പോഴാണു ജില്ലയിൽ (സംസ്ഥാനത്തും) ആദ്യ കോവിഡ് മരണമുണ്ടാകുന്നത്.

Photo credit : anyaivanova / Shutterstock.com
Photo credit : anyaivanova / Shutterstock.com

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണു (69) മരിച്ചത്. എങ്കിലും സെപ്റ്റംബർ പകുതി വരെ കാര്യങ്ങൾ ഏകദേശം നിയന്ത്രണത്തിലായിരുന്നു. സെപ്റ്റംബർ 17നു ജില്ലയിൽ ആകെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 10,000 കടന്നു– 10,317. ആദ്യ ആയിരം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 135 ദിവസം കൊണ്ടായിരുന്നെങ്കിൽ ആയിരത്തിൽനിന്ന് പതിനായിരത്തിലെത്താൻ എടുത്തത് 58 ദിവസം മാത്രം. വരാൻ പോകുന്ന വെല്ലുവിളിയുടെ സൂചനയായിരുന്നു അത്. 

വെല്ലുവിളി ഉയരുന്നു

ഓഗസ്റ്റ് അവസാനത്തിലെ ഓണാഘോഷ സമയത്തെ കൂടിച്ചേരലാണ് ഈ ഘട്ടത്തിൽ സ്ഥിതി വഷളാകുന്നതിനു തുടക്കമിട്ടതെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. ഒക്ടോബർ ആദ്യത്തിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10,000 കടന്നു. ഒക്ടോബർ 28നാണു ജില്ലയിൽ കോവിഡ് പോസിറ്റീവ് തോത് ഏറ്റവും ഉയർന്നത് (ആദ്യത്തെ പീക്ക്); അന്ന് പോസിറ്റീവായത് 1250 പേർ. നവംബർ 5ന് ജില്ലയിൽ ആകെ പോസിറ്റീവായവരുടെ എണ്ണം 50,000 കടന്നു.

നവംബർ പകുതിയോടെ പോസിറ്റീവാകുന്നവരുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടായി. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും പതിനായിരത്തിനു താഴെയെത്തി. ആശ്വാസം അമിത ആത്മവിശ്വാസം നൽകിയെന്നു വേണം കരുതാൻ. നിയന്ത്രണങ്ങൾ നീക്കിയതോടെ ജനങ്ങൾ ഇടപഴകാൻ തുടങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നതു കൂടി. തദ്ദേശ തിരഞ്ഞെടുപ്പും കൂടിയായതോടെ എല്ലാ നിയന്ത്രണങ്ങളും തെറ്റി.

covid-positive

തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷം കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വീണ്ടും ഉയർന്നു. ജനുവരി പകുതിയായപ്പോഴേക്കും ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. ജനുവരി 22ന് ആകെ പോസിറ്റീവ് ലക്ഷം പിന്നിട്ടു– 1,00,600. ഇന്ന് രാജ്യത്തുതന്നെ കോവിഡ് പോസിറ്റീവായി ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള ജില്ലകളിലൊന്നാണ് എറണാകുളം. ദിവസവും ശരാശരി 800 പേർ പോസിറ്റീവാകുന്നു.

കേസുകൾ കൂടാൻ കാരണം?

മറ്റു ജില്ലകളിൽനിന്നു വ്യത്യസ്തമായി എറണാകുളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ അതിനു കാരണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഒട്ടേറെ പേർ വന്നു പോകുന്ന ട്രാവൽ ഹബ്ബാണ് എറണാകുളം. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ പേർ പലവിധ കാര്യങ്ങൾക്കായി കൊച്ചിയിലെത്തുന്നു. ഇത്തരത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നുള്ള വൈറസ് വാഹകർ ഇവിടെ വന്നിട്ടുണ്ടാകാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി മുൻ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു.

പുറത്തുനിന്ന് എത്തുന്നവരിൽ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപു പുറത്തു നിന്നെത്തുന്നവരെ കൃത്യമായി പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. പക്ഷേ, ഇപ്പോൾ ഇവർ കൃത്യമായി ക്വാറന്റീൻ പാലിക്കുന്നുവെന്നോ പരിശോധന നടത്തുന്നുവെന്നോ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.

പോസിറ്റീവ് കൂടുതൽ  20– 40 പ്രായത്തിൽ

BRITAIN-HEALTH-VIRUS

നഗരകേന്ദ്രീകൃതമായ എറണാകുളത്ത് യുവാക്കളുടെ എണ്ണം കൂടുതലാണ്. കോവിഡ് പോസിറ്റീവാകുന്നവരിൽ കൂടുതലും 20–30 പ്രായ പരിധിയിൽ ഉള്ളവരാണ്. 30– 40 പ്രായ പരിധിയിലുള്ളവരാണ് തൊട്ടടുത്ത്. 20– 40 പ്രായ വിഭാഗത്തിലുള്ളവർ മറ്റുള്ളവരുമായി കൂടുതലായി ഇടപഴകുകയും വൈറസ് ബാധിതരാകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഉറവിടമറിയാത്ത വൈറസ് ബാധ ഏറ്റവും കൂടുതലുള്ളതും ഈ വിഭാഗത്തിലാണ്. ഇവരിൽ പലരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇവരിൽനിന്നു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും വൈറസ് ബാധിക്കാനുള്ള സാധ്യതയും ഏറെ.

സമ്പർക്ക പരിശോധന രീതിയിലെ മാറ്റം

കോവിഡിന്റെ ആദ്യ കാലങ്ങളിൽ പോസിറ്റീവാകുന്നവരുടെ സമ്പർക്കത്തിലുള്ള മുഴുവൻ ആളുകളെയും പരിശോധിക്കുന്ന രീതിയാണു ജില്ലയിൽ പിന്തുടർന്നിരുന്നത്. ഇതുവഴി കോവിഡ് പോസിറ്റീവായ മുഴുവൻ ആളുകളെയും കണ്ടെത്താൻ കഴിയുമായിരുന്നു. എന്നാൽ, പിന്നീട് ഈ രീതിയിൽ മാറ്റം വരുത്തി. പോസിറ്റീവായ ആളുമായി സമ്പർക്കമുണ്ടാകുന്നവരിൽ രോഗ ലക്ഷണങ്ങളുള്ളവരിൽ മാത്രമായി പരിശോധന ചുരുക്കി. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ നിശ്ചിത ദിവസം ക്വാറന്റീനിൽ കഴിയണം.

പരിശോധന നടത്താത്തതിനാൽ ഇവർ കോവിഡ് പോസിറ്റിവാണോയെന്ന് കണ്ടെത്താൻ കഴിയാതെ പോയി. ഇവരിലൂടെ മറ്റുള്ളവർക്കു വൈറസ് പകരാനുള്ള സാധ്യതയുമുണ്ടായി. പരമാവധി പേരിൽ പരിശോധന നടത്തി പോസിറ്റീവായവരെ മുഴുവൻ കണ്ടെത്തി ക്വാറന്റീനിലാക്കുകയെന്ന അടിസ്ഥാന തത്വത്തിൽ വന്ന മാറ്റമായിരുന്നു ഇത്. കോവിഡ് പോസിറ്റീവാകുന്നവരിൽ 32.7% ആളുകൾ രോഗ ലക്ഷണങ്ങളില്ലാത്തവരാണ്. 

ആശ്രയിച്ചത് ആന്റിജനെ

1200-covid-kerala

ജില്ലയിൽ നടക്കുന്ന പരിശോധനകളിൽ കൂടുതലും സ്വകാര്യ മേഖലയിലെ ആശുപത്രികളിലും ലാബുകളിലുമായിരുന്നു. മൊത്തം പരിശോധനയിൽ 73.5 ശതമാനവും സ്വകാര്യ മേഖലയിൽ. 26.5% മാത്രമായിരുന്നു സർക്കാർ ലാബുകളിൽ നടത്തിയത്. ഡിസംബർ മാസത്തിൽ 1,34,840 പരിശോധനകൾ സ്വകാര്യ മേഖലയിൽ നടന്നപ്പോൾ സർക്കാർ മേഖലയിൽ നടന്നത് 48,505 പരിശോധനകൾ മാത്രം.

കോവിഡ് പരിശോധനയിൽ ഏറ്റവും വിശ്വാസ്യതയേറിയ ആർടിപിസിആർ പരിശോധനയ്ക്കു പകരം ആന്റിജൻ പരിശോധനയ്ക്കാണു ജില്ല ഊന്നൽ നൽകിയത്. മൊത്തം പരിശോധനയിൽ 63.9 ശതമാനവും ആന്റിജൻ പരിശോധനയായിരുന്നു. ആന്റിജൻ പരിശോധന  പൂർണ വിശ്വാസയോഗ്യമല്ല. 50–70% വരെ മാത്രമാണു ഫലപ്രാപ്തി. ആന്റിജൻ പരിശോധനയിൽ തെറ്റായ നെഗറ്റീവ് ഫലം ലഭിക്കാനുള്ള സാധ്യതയേറെയായിരുന്നു. എന്നാൽ, സ്വകാര്യ ലാബുകളിൽ നിലവാരം കുറഞ്ഞ ആന്റിജൻ കിറ്റുകൾ ഉപയോഗിച്ചതോടെ തെറ്റായ പോസിറ്റീവ് ഫലങ്ങളുമുണ്ടായെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഈ പ്രശ്നം തിരിച്ചറിഞ്ഞ അധികൃതർ ആർടിപിസിആർ പരിശോധനയുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്്. എന്നാൽ, മൊത്തം പരിശോധനയുടെ 75% ആർടിപിസിആർ പരിശോധനയാക്കി ഉയർത്തുക എളുപ്പമല്ല. ചെലവേറിയ ആർടിപിസിആർ പരിശോധന നടത്താൻ എല്ലാവരും തയാറാകണമെന്നുമില്ല. സർക്കാർ മേഖലയിലെ ലാബുകളിൽ ആർടിപിസിആർ പരിശോധന വർധിപ്പിക്കുക മാത്രമാണു പോംവഴി.

കൂടുതൽ പേർ സ്വകാര്യ ആശുപത്രിയിൽ

ജില്ലയിൽ കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവരിൽ കൂടുതൽ പേരും സ്വകാര്യ ആശുപത്രിയിലാണ്. 723 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) ഉൾപ്പെടെ സർക്കാർ കേന്ദ്രങ്ങളിൽ 697 പേരാണു ചികിത്സയിലുള്ളത്. കോവിഡ് പോസിറ്റീവായ 8783 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ കളമശേരി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചായിരുന്നു ചികിത്സ. ഇതിനു വേണ്ടി മെഡിക്കൽ കോളജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. 

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേസുകൾ ഉയർന്നു വരുമ്പോൾ മെഡിക്കൽ കോളജ് ചികിത്സാ രംഗത്തു നിന്നു പിൻമാറുന്ന സ്ഥിതിയിലാണ്. 46 പേർ മാത്രമാണു മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. കോവിഡ് ഇതര രോഗികൾക്കു ചികിത്സ പൂർണമായി നിഷേധിച്ചു മെഡിക്കൽ കോളജ് പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് ഒട്ടേറെ ആരോഗ്യ വിദഗ്ധർ കരുതുന്നുണ്ട്. അതിനു പകരം, താഴേത്തട്ടിൽ സർക്കാർ ആശുപത്രികളെ കോവിഡിനെ നേരിടാൻ സജ്ജമാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഏറെ ഗുണകരമാകുമായിരുന്നു. ആ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകുമായിരുന്നു.

ശക്തമാക്കുന്ന പ്രതിരോധം

covid-dallas

സാഹചര്യത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു ശക്തമായ ഇടപെടൽ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. മെഡിക്കൽ കോളജിനെ കോവിഡ് ചികിത്സയിൽനിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കും. പകരം, താഴേത്തട്ടിൽ ചികിത്സ ശക്തിപ്പെടുത്തും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ 8500 കിടക്കകൾ ക്രമീകരിക്കും. കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർക്കു പരിശോധന നടത്താനായി 5 ആശുപത്രികളിൽ പ്രത്യേക ഒപി സൗകര്യമൊരുക്കും. 8 ആശുപത്രികളിൽ കിടത്തി ചികിത്സാ സൗകര്യം ഏർപ്പെടുത്തും.

നിയന്ത്രണങ്ങളിലെ ഇളവുകൾ ദുരുപയോഗം ചെയ്യുന്നതു തടയാനും അനാവശ്യ ഒത്തുചേരലുകൾ നിരുത്സാഹപ്പെടുത്താനും ജില്ലയിൽ പൊലീസ് വിന്യാസം വിപുലമാക്കും. പൊതു സ്ഥലങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ സെക്ടർ മജിസ്ട്രേട്ടുമാരെയും കൂടുതലായി നിയോഗിക്കും. കണ്ടെയ്ൻമെന്റ് സോണുകൾ അടയാളപ്പെടുത്തുകയും നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്യും.

കോവിഡ് കേസുകൾ വർധിക്കുന്നതിനെ കുറിച്ച് ഐഎംഎ കൊച്ചി ഭാരവാഹികൾ പറയുന്നത് ഇങ്ങനെ: കോവിഡ് ‘എസ്എസ്എൽസി’ പരീക്ഷ പോലെയാണ്. ഇന്ന് പരീക്ഷ എഴുതിയാൽ ഒരു മാസമെങ്കിലും കഴിഞ്ഞ ഫലമറിയൂ. അതായത് ജനങ്ങളുടെ ജാഗ്രതയിൽ ഇന്നു കുറവുണ്ടായാൽ അത് കോവിഡ് കണക്കുകളിൽ പ്രതിഫലിക്കുന്നത് ഒരു മാസത്തിനു ശേഷമായിരിക്കും. പ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങൾ മറക്കാതിരിക്കുകയെന്നതു മാത്രമാണു രക്ഷാമാർഗം– മാസ്ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകി അണുവിമുക്തമാക്കുക.

English Summary: COVID-19 cases spike in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com