ADVERTISEMENT

കണ്ണൂർ∙ ഇപിഎഫ് പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക്  ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധി ശരിവച്ച ഉത്തരവ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പിൻവലിച്ചെങ്കിലും ഇപ്പോൾ ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക്  തൽക്കാലം തിരിച്ചടിയുണ്ടാവില്ല.  ഇവർക്ക് ഉയർന്ന പെൻഷൻ ലഭിച്ചത് സുപ്രീം കോടതിയിൽ ഇപ്പോൾ നിലവിലിരിക്കുന്ന കേസിന്റെ അടിസ്ഥാനത്തിലല്ല എന്നതിനാലാണിത്. 

1952 ലെ പെൻഷൻ ആക്ട് പ്രകാരം തങ്ങൾക്ക് ശമ്പളത്തിന് അനുസൃതമായി ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് വാദിച്ചു 2013ൽ കേരള ഹൈക്കോടതിയെ സമീപിച്ച പൊതുമേഖല ജീവനക്കാർക്ക് അനുകൂല വിധി ലഭിച്ചിരുന്നു. ഇതിനെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. പിന്നീട് അവർ  സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിനു ഇപിഎഫ് വരിക്കാർക്ക് ഉയർന്ന പെൻഷൻ ലഭ്യമായത്.

2014ൽ പെൻഷൻ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിക്കൊണ്ട് ഇപിഎഫ്ഒ പുതിയ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ കേരളത്തിലെ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ചില ജീവനക്കാർ വീണ്ടും ഹൈക്കോടതിയിലെത്തി. 12 മാസത്തെ വേതന ശരാശരിക്കു പകരം 60 മാസത്തെ ശരാശരി കണക്കിലെടുത്തു പെൻഷൻ നിശ്ചയിക്കണമെന്നതുൾപ്പെടയുള്ള ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കുകയും ശമ്പളത്തിന് അനുസൃതമായ കൂടിയ പെൻഷൻ അനുവദിക്കാൻ വിധി പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനെതിരെ കേന്ദ്ര സർക്കാരും ഇപിഎഫ്ഒയും നൽകിയ അപ്പീൽ രണ്ടുവർഷം മുൻപ് സുപ്രീം കോടതിയും തള്ളി. തുടർന്ന് രാജ്യത്ത് ലക്ഷക്കണക്കിനു തൊഴിലാളികൾ ഉയർന്ന പെൻഷനു വേണ്ടി അപേക്ഷ സമർപ്പിക്കുകയും കുടിശിക വിഹിതം അടയ്ക്കുകയും ചെയ്തു. ഈ അപേക്ഷകൾ പരിഗണിക്കുന്നതിൽ ഇപിഎഫ്ഒ മെല്ലെപ്പോക്കിലായിരുന്നെങ്കിലും കുറെ പേർക്ക് ഉയർന്ന നിരക്കിൽ പെൻഷൻ നൽകുകയും ചെയ്തു. 

പിന്നീട് ഇപിഎഫ്ഒയ്ക്കു മനംമാറ്റമുണ്ടായി. പുതിയ അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന്  കാണിച്ച് കേന്ദ്ര ഓഫിസിൽ നിന്നു റീജനൽ ഓഫിസുകളിലേക്ക്  നിർദേശം നൽകി. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും അതിന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്നുമായിരുന്നു കീഴ് ഓഫിസുകൾക്കുള്ള നിർദേശം. 

പുനഃപരിശോധനാ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചതോടെ ഉയർന്ന പെൻഷൻ കാത്തിരുന്ന ലക്ഷക്കണക്കിനുപേർ  വെട്ടിലായി. ഈ മാസം 25 ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും കേസ് നീണ്ടുപോകുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ഇതിൽ പലരും 5–10 ലക്ഷം രൂപ വരെ കുടിശിക അംശാദായം അടച്ചവരാണ്. ഇവർക്ക് നിലവിലുള്ള കുറഞ്ഞ പെൻഷൻ പോലും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല ഉയർന്ന പെൻഷൻ എന്നു ലഭിക്കുമെന്നറിയാത്ത സ്ഥിതിയുമായി.

കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ  സുപ്രീം കോടതി തയാറായില്ല എന്നതു മാത്രമാണ് തൊഴിലാളികളുടെ ആശ്വാസം. എന്നാൽ 15 ലക്ഷം കോടിയുടെ അധിക ബാധ്യത വരുമെന്നതിനാൽ ഉയർന്ന പെൻഷൻ നൽകാൻ  സാധ്യമല്ലെന്ന ഇപിഎഫ്ഒയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചാൽ എല്ലാ  പെൻഷൻകാരുടെയും പ്രതീക്ഷ എന്നേയ്ക്കുമായി അസ്തമിക്കുകയും ചെയ്യും.

English Summary: EPF SC Recalls Its Order Upholding Kerala HC Ruling That Employee's Pension Should Be Proportional To Salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com