ADVERTISEMENT

കൊച്ചി ∙ മലയാളികളെ സൈബർ ഹണിട്രാപ്പിലാക്കുന്ന സംഘം വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണിൽ വിഡിയോ കോളിലെത്തി നഗ്നത പ്രദർശിപ്പിച്ചു പുരുഷൻമാരെ കുരുക്കി പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണം എന്നാണ് നിർദേശം. തന്റെ സുഹൃത്തുക്കളിൽ ഒരാളായ മാധ്യമപ്രവർത്തകനെ വലയിലാക്കിയ സംഭവം വിശദീകരിച്ചുകൊണ്ട് തൃശൂർ സിറ്റി സൈബർ സെല്ലിന്റെ ചുമതലയുള്ള എഎസ്ഐ ടി.ഡി. ഫീസ്റ്റോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഒരു ഹായ്‍യിൽ തുടങ്ങുന്ന അപരിചിതയായ യുവതിയുടെ സംഭാഷണം ലൈംഗികച്ചുവയിലേക്കും പിന്നീടു ലൈവ് വിഡിയോ സെക്സിനു ക്ഷണിക്കുന്നതിലേക്കും എത്തുന്നതാണു പതിവ്. തന്റെ നഗ്നതയ്ക്കൊപ്പം പുരുഷന്റെ മുഖം വ്യക്തമാകുന്ന ദൃശ്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും. പിന്നീടു സംസാരിക്കാനെത്തുന്നതു പുരുഷൻമാരായിരിക്കും. വാട്സാപ്പിലും ഫെയ്സ്ബുക് മെസഞ്ചറിലും ഭീഷണിസന്ദേശങ്ങളെത്തുന്നതാണ് അടുത്ത പടി. അതിനു വഴങ്ങുന്നവരാണ് ശരിക്കും പെടുക. ഒരു തവണ പണം കൊടുത്താൽ പിന്നെ അതുകൂടി പറഞ്ഞായിരിക്കും ഭീഷണിപ്പെടുത്തുക. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഭീഷണിയിൽ ഭയന്ന് പണം നൽകാൻ പുരുഷൻമാർ സമ്മതിക്കുന്നതാണ് ഇവർക്കു സൗകര്യമാകുന്നത്.

സമാനമായ പരാതി കഴിഞ്ഞ ദിവസം എറണാകുളം കടവന്ത്ര പൊലീസിനു ലഭിച്ചിരുന്നു. പരാതിക്കാരൻ കൊച്ചിയിലെ അറിയപ്പെടുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരൻ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടാനെത്തിയ ഇതര സംസ്ഥാനക്കാരിയോടു കൂട്ടുകൂടാൻ പോയതാണു പണിയായത്. ഭാര്യയും മക്കളുമിരിക്കുമ്പോഴാണു ഭീഷണിവിളിയെത്തുന്നത്. ഒപ്പം ഒരു സ്ക്രീൻഷോട്ടും. യുവതിയുടെ നഗ്നശരീരം ആസ്വദിക്കുന്ന തന്റെ മുഖം കണ്ട് ഭയന്നെന്നു മാത്രമല്ല, ഇത് എങ്ങനെ സെറ്റിലാക്കുമെന്ന ആശങ്കയുമായി. ഫെയ്സ്ബുക്കിലെ സുഹൃത്തുക്കൾക്കും ഭാര്യയ്ക്കുമെല്ലാം ഇത് അയച്ചു നൽകുമെന്നായിരുന്നു ഭീഷണി. അതു ചെയ്യാതിരിക്കാൻ ചോദിച്ചതു െചറിയൊരു തുകമാത്രം.

ഭയന്ന് പണം കൊടുക്കാമെന്നു സമ്മതിച്ചപ്പോൾ ഫോൺപേയിൽ പണം അയയ്ക്കാൻ ആവശ്യപ്പെട്ടു മറ്റൊരു നമ്പരും വന്നു. തൽക്കാലം പണം അയച്ചു കൊടുത്തു. പക്ഷേ, അതുകൊണ്ടും ഒഴിഞ്ഞു പോയില്ലെന്നു മാത്രമല്ല, ഭീഷണിയും പണം ആവശ്യപ്പെട്ടുള്ള വിളിയും തുടർന്നു. അതോടെ എന്താണു പരിഹാരമെന്ന് ആലോചിച്ചപ്പോഴാണു സമാനമായ സംഭവങ്ങളുടെ വാർത്തകൾ ഓർമയിലെത്തുന്നത്. അങ്ങനെ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. കടവന്ത്ര സ്റ്റേഷനിലെത്തിയപ്പോൾ, ഇതത്ര പുതുമയല്ലെന്ന മട്ടിലായിരുന്നു പൊലീസുകാർ. സിഐ വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞ് പരാതി വാങ്ങി വച്ചു തിരിച്ചയച്ചു.

ഫെയ്സ്ബുക് അക്കൗണ്ട് പെട്ടെന്ന് ഡീആക്ടിവേറ്റ് ചെയ്തെങ്കിലും തട്ടിപ്പുകാർ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടാകുമെന്നത് അലട്ടുന്നുണ്ടായിരുന്നു. വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതോടെ മെസേജുകളും വിളികളും നിന്നു. പിന്നെ കാര്യമായ ഭീഷണി ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഇത്തരം പരാതികളിൽ പ്രതികളെ അന്വേഷിച്ചു ചെല്ലുമ്പോൾ ഒരാളിലേക്കു പോലും എത്താനാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ മറ്റാരുടെയെങ്കിലും പേരിലുള്ള, മരിച്ചുപോയ ആളുകളുടെപോലും പേരിലുള്ള സിംകാർഡുകൾ ഉപയോഗിച്ചാണു തട്ടിപ്പു നടത്തുന്നത്. അന്യ സംസ്ഥാനങ്ങളിൽ രണ്ടായിരമോ മൂവായിരമോ കൊടുത്താൽ ഇത്തരം സിംകാർഡ് വാങ്ങാൻ കിട്ടും. അതുകൊണ്ടു തന്നെ സൈബർ പൊലീസിനും കാര്യമായി എന്തെങ്കിലും ചെയ്യാനായെന്നു വരില്ല. മാത്രമല്ല, ഇര പരാതിപ്പെടുമെന്നു തോന്നിയാൽ തട്ടിപ്പു സംഘം പുതിയ ഇരയെത്തേടി പോകുന്നതാണ് പതിവ്.

കുരുങ്ങരുത്, കുരുങ്ങിയാലും ഭയക്കരുത്

സമൂഹമാധ്യമങ്ങളിൽ അപരിചിതരുമായി കൂട്ടുകൂടാതിരിക്കുക എന്നതാണു തട്ടിപ്പിൽ പെടാതിരിക്കാനുള്ള ആദ്യ വഴിയെന്ന് എഎസ്ഐ ടി.ഡി. ഫീസ്റ്റോ. ഫെയ്സ്ബുക്കിൽ മൊബൈൽ നമ്പർ പബ്ലിക്കാക്കി ഇടാതിരിക്കാൻ ശ്രദ്ധിക്കണം. ഇവിടെ നിന്നായിരിക്കും മിക്കപ്പോഴും തട്ടിപ്പു സംഘങ്ങൾ ഫോൺ നമ്പരുകൾ സംഘടിപ്പിക്കുക. അഥവാ അത്തരം കുരുക്കിൽ പെട്ടാലും സംഘത്തിന്റെ ഭീഷണിക്കു വഴങ്ങാതിരിക്കുക എന്നതാണ് അടുത്ത പാഠം. ഭയപ്പെടുന്നു എന്നു തോന്നിയാൽ തട്ടിപ്പുകാർ കുരുക്കു മുറുക്കും.

കെണിയിൽപെട്ടാൽ, സഹായിക്കുമെന്ന് ഉറപ്പുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളോടു പറയാം. അവരുടെ പിന്തുണ ധൈര്യം പകരും. തൽക്കാലത്തേക്കു ഫെയ്സ്ബുക് അക്കൗണ്ട് പ്രവർത്തനരഹിതമാക്കാം. സൈബർ സെല്ലിലോ സൈബർ പൊലീസിലോ പരാതിപ്പെടുക. ഒരു കാരണവശാലും തട്ടിപ്പുകാരുടെ ഭീഷണിക്കു വഴങ്ങി പണം കൊടുക്കരുത്. മനോധൈര്യം കൈവിടാതിരിക്കുകയാണ് പ്രധാനപ്പെട്ട കാര്യമെന്നും ഫീസ്റ്റോ പറയുന്നു.

English Summary: Beware of Facebook honeytrap, warn cyber police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com