ADVERTISEMENT

യാങ്കൂൺ ∙ മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ കർശന നടപടികളുമായി യുഎസ് ഭരണകൂടം. സൈന്യം ഉടൻ തന്നെ നടപടി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം മ്യാൻമറിനുമേൽ യുഎസ് വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കാൻ അനുവദിക്കില്ല. മ്യാൻമറിനു മേൽ യുഎസ് നേരത്തെ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചത് ആ രാജ്യം ജനാധിപത്യ വ്യവസ്ഥയിൽ ചരിക്കുന്നുവെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണെന്നും ബൈഡൻ പറഞ്ഞു. നടപടിയുമായി സൈന്യം മുന്നോട്ടു പോയാൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയ്ക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച ബൈഡൻ മ്യാൻമറിലെ സൈനിക നടപടിക്കെതിരെ രാജ്യാന്തര സമൂഹം മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടു. 

മുതിർന്ന ഭരണകക്ഷി നേതാക്കളെ തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസ് വിഷയത്തിൽ നിലപാട് അറിയിച്ചത്. പുതിയ സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപേ, ഇന്നലെ പുലർച്ചെയാണു അട്ടിമറി. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് (64) ഭരണം ഏറ്റെടുത്തതായി പട്ടാള ടിവി അറിയിച്ചു.

83% വോട്ടുകൾ നേടി സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയ കഴിഞ്ഞ നവംബറിലെ എട്ടിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി, ഡവലപ്മെന്റ് പാർട്ടി എന്നിവയ്ക്ക് 476 സീറ്റിൽ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്. ക്രമക്കേട് നടന്നെന്ന പട്ടാളത്തിന്റെ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.

തിരഞ്ഞെടുപ്പു കമ്മിഷൻ പുനഃസംഘടിപ്പിച്ച ശേഷം ഒരു വർഷത്തിനകം വീണ്ടും തിരഞ്ഞെടുപ്പു നടത്തുമെന്നു പട്ടാള ടിവി അറിയിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ അന്വേഷിക്കും. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചതിനു പിന്നാലെ രാജ്യത്ത് ഇന്റർനെറ്റ്, ഫോൺ സേവനം തടഞ്ഞു. പട്ടാളത്തിന്റേത് ഒഴികെ മറ്റെല്ലാ ടിവി ചാനലുകളും സംപ്രേഷണം നിർത്തിവച്ചു. രാജ്യതലസ്ഥാനമായ നെയ്പീതോയിലാണു സൂചിയെയും എൻഎൽഡിയുടെ മറ്റു നേതാക്കളെയും തടവിലാക്കിയത്.

പട്ടാള അട്ടിമറിയെ അപലപിച്ച് യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി. ‌ഭരണം പിടിച്ച കരസേനാ മേധാവി കൂടിയായ മിൻ ഓങ് ലെയ്ങ്ങിനെതിരെ 2019 ഡിസംബർ മുതൽ യുഎസ് ഉപരോധമുണ്ട്. രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ 2017 ൽ സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘന കുറ്റങ്ങളാണു ലെയ്ങ്ങിനെതിരെയുള്ളത്.

English Summary: Biden Demands Myanmar Military Cede Power, Orders Sanctions Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com