ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ ബഹിരാകാശത്തേക്ക് ആദ്യത്തെ ഓൾ സിവിലിയൻ ദൗത്യത്തിനൊരുങ്ങി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്. ഈ വർഷം അവസാനത്തോടെയായിരിക്കും ഇൻസ്പിരേഷൻ 4 എന്നു പേരിട്ടിരിക്കുന്ന ദൗത്യം നടപ്പാക്കുക. ടെക്ക് വ്യവസായി ജാറെദ് ഐസക്മാനിന്റെ മേൽനോട്ടത്തിലായിരിക്കും ദൗത്യം.

ഐസക്മാനൊപ്പം മൂന്നുപേരെക്കൂടി സ്പേസ് എക്സ് തിരഞ്ഞെടുക്കും. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഓരോ 90 മിനിറ്റിലും നിശ്ചിത പാതയിലൂടെ ഭൂമിയെ വലംവയ്ക്കും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയ്ക്കുശേഷം ഡ്രാഗൺ ഭൂമിയിലേക്കു തിരികെയെത്തും. ഫ്ലോറിഡയുടെ തീരത്ത് കടലിലായിരിക്കും ലാൻഡിങ്.

പരിശീലനം സിദ്ധിച്ച വൈമാനികൻ കൂടിയാണ് ഇന്റഗ്രേറ്റഡ് പേയ്മെന്റ് പ്രോസസിങ് കമ്പനി ഷിഫ്റ്റ്4 പേയ്മെന്റ്സ് സിഇഒ ഐസക്മാൻ (37). സെന്റ് ജൂൺസ് ചിൽഡ്രൺ റിസർച് ആശുപത്രിക്ക് പിന്തുണ തേടിയാണ് ഇൻസ്പിരേഷൻ 4ന്റെ പറക്കൽ. തനിക്കൊപ്പം മറ്റു മൂന്നുപേരുടെ ചെലവും ഐസക്മാൻ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാവർക്കും ബഹിരാകാശ സഞ്ചാരികളുടേതിനു സമാനമായ പരിശീലനം സ്പേസ് എക്സ് നൽകും. ഫ്ലോറിഡയിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ദൗത്യം പറന്നുയരുക.

സ്വകാര്യ ബഹിരാകാശ ദൗത്യവുമായി മുന്നോട്ടുപോകുന്ന സ്പേസ് എക്സിന്റെ ഏറ്റവും പുതിയ ദൗത്യങ്ങളിലൊന്നാണിത്. 2021 അവസാനത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന എഎക്സ്–1 ദൗത്യത്തിൽ നാലു സ്വകാര്യ ബഹിരാകാശ യാത്രികരായിരിക്കും ഉണ്ടാകുക. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള എട്ടു ദിവസ യാത്രയ്ക്കായി ഓരോരുത്തരും 55 ദശലക്ഷം യുഎസ് ഡോളറാണ് മുടക്കേണ്ടി വരിക.

English Summary: Elon Musk to send 1st all-civilian mission to space this year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com