ADVERTISEMENT

ബെയ്ജിങ്∙ ചൈനയിലെ വ്യവസായ പ്രമുഖൻമാരുടെ പട്ടികയിൽനിന്ന് അപ്രത്യക്ഷനായി ആലിബാബ സ്ഥാപകൻ ജാക്ക് മാ. ചൈനയുടെ ഔദ്യോഗിക മാധ്യമം ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് പുറത്തുവിട്ട പട്ടികയിലാണ് ജാക്ക് മായുടെ പേര് ഉൾപ്പെടുത്താതിരുന്നത്. ടെക്നോളജി മേഖലയിലെ പ്രശസ്ത വ്യക്തികളെ അഭിനന്ദിച്ചുള്ള മുൻപേജ് കമന്ററിയിൽനിന്നാണ് മായെ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തോടുള്ള ചൈനീസ് സർക്കാരിന്റെ അപ്രീതിയാണ് വ്യക്തമാകുന്നത്.

ചൈനീസ് സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്നാണ്, ആലിബാബ എന്ന വമ്പന്‍ ഓണ്‍ലൈന്‍ കമ്പനിയുടെ സ്ഥാപകനായ ജാക് മാ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം. ചൈനയിലെ ബാങ്കിങ് രീതി പഴഞ്ചനാണെന്നും ജാക്ക് പറഞ്ഞു. ഇതു ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു.

ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. ജാക്ക് മായുടെ ആലിബാബ എന്ന ഇ-കൊമേഴ്‌സ് ഭീമനെക്കുറിച്ച് ചൈനയിൽ സൂക്ഷ്മപരിശോധന നടക്കുകയാണ്. ഒക്ടോബർ അവസാനം മുതൽ ജാക്ക് മായുടെ സമ്പത്തിന്റെ 1100 കോടി ഡോളർ (ഏകദേശം 80509.17 കോടി രൂപ) നഷ്ടമായി. ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം മായുടെ ആസ്തി 6170 കോടി ഡോളറിൽ നിന്ന് 5090 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ജാക്ക് മാ ലോകത്തെ 25-ാമത്തെ സമ്പന്ന വ്യക്തിയായി താഴോട്ടിറങ്ങി.

കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായഭിന്നത പുറത്തുവന്നതിനു ശേഷം കഴിഞ്ഞ നവംബർ മുതൽ ജാക്ക് മാ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

English Summary: Jack Ma Not On China State Media List Of Top Entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com