ജയിച്ചു, എംഎൽഎമാരാകാതെ 133 പേർ; കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്
Mail This Article
മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തിലേറാൻ ആവശ്യമായ ഭൂരിപക്ഷം ഒരു മുന്നണിക്കും ലഭിച്ചില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും എംഎൽഎമാരാകാൻ ഭാഗ്യമില്ലാതെ 133 പേർ. ഇതിൽ 32 പേർ അതിനു മുൻപോ പിൻപോ എംഎൽഎ ആകാത്തവരാണ്. കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിലേക്ക്. 712 ദിവസം പിന്നിട്ടപ്പോൾ നാലാം തിരഞ്ഞെടുപ്പിനുള്ള കാഹളമായി. ആ തിരഞ്ഞെടുപ്പിനു പക്ഷേ ഫലമുണ്ടായി. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ.
∙ 4–ാം തിരഞ്ഞെടുപ്പ്: 1967 (ഇടതുമുന്നണി)
1967 ൽ വീണ്ടും തിരഞ്ഞെടുപ്പ്. സിപിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി ഐക്യമുന്നണി വൻഭൂരിപക്ഷം നേടിയപ്പോൾ (133 ൽ 117) മാർച്ച് ആറിന് ഇഎംഎസ് രണ്ടാമതും മുഖ്യമന്ത്രിയായി. 2 തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്‌തി എന്ന ബഹുമതി ഇഎംഎസ് സ്വന്തമാക്കി. നിയമസഭയിൽ കോൺഗ്രസിന് 9 അംഗങ്ങൾ മാത്രം. ഇവരുടെ നേതാവായാണ് കെ.കരുണാകരൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. ലീഡർ എന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു.
971 ദിവസം അധികാരത്തിലിരുന്ന ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭ വീണതു മുന്നണിയിലെ പ്രശ്‌നങ്ങൾ മൂലമാണ്. 1969 ഒക്‌ടോബറിൽ ഇഎംഎസ് രാജിവച്ചു. സിപിഐ നേതാവ് സി.അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1969 നവംബർ ഒന്നിനു സ്‌ഥാനമേറ്റു. 8 മന്ത്രിമാർ മാത്രമേ ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നുള്ളൂ. മുന്നണിയിൽ വീണ്ടും പ്രശ്‌നങ്ങൾ പൊന്തിവന്നപ്പോൾ മുഖ്യമന്ത്രിയുടെ ശുപാർശയെ തുടർന്ന് 1970 ജൂൺ 26 നു നിയമസഭ പിരിച്ചു വിട്ടു.
∙ 5–ാം തിരഞ്ഞെടുപ്പ്: 1970 (യുഡിഎഫ്)
1970 സെപ്‌റ്റംബർ 17 ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം നേടി (133 ൽ 69). ഒക്ടോബർ നാലിന് അച്യുതമേനോൻ വീണ്ടും അധികാരത്തിലെത്തി. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ് പക്ഷേ ആദ്യം മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. 1971 സെപ്റ്റംബർ 25 നാണ് കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നത്. കെ.കരുണാകരൻ ആഭ്യന്തരമന്ത്രിയായി. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നു നിയമസഭയുടെ കാലാവധി ദീർഘിപ്പിച്ചു. അടിയന്തരാവസ്ഥ പിൻവലിച്ച 1977 വരെ ആ നിയമസഭയും അച്യുതമേനോൻ മന്ത്രിസഭയും തുടർന്നു. 1977 മാർച്ച് 25 വരെ ഭരണത്തിലിരുന്ന അച്യുതമേനോൻ 2364 ദിവസം തുടർച്ചയായി അധികാരത്തിലിരുന്നു. തുടർച്ചയായി 1,000 ദിവസത്തിലേറെ കേരള മുഖ്യമന്ത്രി സ്‌ഥാനത്തിരുന്ന ആദ്യ വ്യക്‌തിയായി അച്യുതമേനോൻ.
∙ 5–ാം തിരഞ്ഞെടുപ്പ്: 1977 (യുഡിഎഫ്)
1977 ലെ തിരഞ്ഞെടുപ്പിൽ സിപിഎം ഉയർത്തിയ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു. 57 ൽ ഇഎംഎസ്, 67 ൽ ഇഎംഎസ്, 77 ലും ഇഎംഎസ്. എന്നാൽ തകർപ്പൻ വിജയം നേടിയത് യുഡിഎഫായിരുന്നു എന്നു മാത്രം. 140ൽ 111 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരമേറിയത്. അതോടൊപ്പം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് തൂത്തുവാരി (ഇന്ദിരാഗാന്ധി പരാജയപ്പെട്ട ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു അത്). 1977 മാർച്ച് 25 നു കെ.കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. 15 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. 33 ദിവസം മാത്രമേ കരുണാകരന് അധികാരത്തിലിരിക്കാൻ ഭാഗ്യമുണ്ടായുളളൂ.
അടിയന്തരാവസ്ഥക്കാലത്തു കോഴിക്കോട് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന പി.രാജൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചെന്ന കേസിലുണ്ടായ പ്രതികൂല വിധിയെ തുടർന്ന് അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടി വന്നു. കരുണാകരനുശേഷം 1977 എപ്രിൽ 27 നു കോൺഗ്രസിലെതന്നെ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. ചിക്മംഗ്‌ലൂർ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കു പിന്തുണ നൽകാനുള്ള, ഇന്ദിരയെ എതിർത്തിരുന്ന കോൺഗ്രസ് വിഭാഗത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978 ഒക്‌ടോബർ 27 ന് ആന്റണി രാജിവച്ചു.
തുടർന്നു സിപിഐ നേതാവ് പി.കെ.വാസുദേവൻ നായർ 1978 ഒക്‌ടോബർ 29 നു മുഖ്യമന്ത്രിയായി. 348 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന പികെവി 1979 ഒക്‌ടോബർ ഏഴിനു രാജിവച്ചു. ഒക്‌ടോബർ 12നു മുസ്‌ലിം ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. സിഎച്ചിന് 54 ദിവസം മാത്രമാണു മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ കഴിഞ്ഞത്. 1979 നവംബർ 30 നു നിയമസഭ പിരിച്ചുവിട്ടു. 1979 ഡിസംബർ അഞ്ച് മുതൽ 1980 ജനുവരി 25 വരെ വീണ്ടും കേരളം രാഷ്‌ട്രപതി ഭരണത്തിൻകീഴിലായി (51 ദിവസം).
∙ 6–ാം തിരഞ്ഞെടുപ്പ്: 1980 (ഇടതുമുന്നണി)
1980 ലെ തിരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തി (140 ൽ 93). എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (കോൺ.യു) വിഭാഗവും കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ഗ്രൂപ്പും ഇടതു മുന്നണിക്കൊപ്പമായിരുന്നു. സിപിഎം നേതാവ് ഇ.കെ.നായനാർ മുഖ്യമന്ത്രിയായി. മന്ത്രിസഭയിൽ 17 പേർ. ജനുവരി 25 ന് അധികാരമേറ്റ അദ്ദേഹം മുന്നണിയിലെയും മന്ത്രിസഭയിലെയും ഭിന്നിപ്പുകൾ കൂടിവന്നതോടെ 1981 ഒക്‌ടോബർ 16 നു രാജിവച്ചു. 635 ദിവസം മാത്രമേ അദ്ദേഹം മുഖ്യമന്ത്രിപദത്തിലിരുന്നുളളൂ.
1981 ഒക്ടോബർ 21 മുതൽ 1981 ഡിസംബർ 28 വരെ 68 ദിവസം കേരളം വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായി. 1981 ഡിസംബർ 28 നു കെ.കരുണാകരന്റെ നേതൃത്വത്തിലുളള എട്ടംഗ മന്ത്രിസഭ അധികാരമേറ്റു. നിയമസഭയിൽ ഇരുമുന്നണികൾക്കും തുല്യ വോട്ടാണ് ഉണ്ടായിരുന്നത്. പ്രധാന വോട്ടെടുപ്പുകളിൽ സ്പീക്കർ എ.സി.ജോസിന്റെ കാസ്റ്റിങ് വോട്ടിലാണ് മന്ത്രിസഭ അഭയം തേടിയത്. ഇത്തരം അവസ്ഥ മുൻപോ പിൻപോ കേരളത്തിലുണ്ടായിട്ടില്ല. 79 ദിവസം മാത്രം അധികാരത്തിലിരുന്ന കരുണാകരൻ മന്ത്രിസഭ 1982 മാർച്ച് 17 നു നിലംപതിച്ചു. മാർച്ച് 17 മുതൽ മേയ് 24 വരെ 68 ദിവസം കേരളം വീണ്ടും രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായി.
∙ 7–ാം തിരഞ്ഞെടുപ്പ്: 1982 (യുഡിഎഫ്)
1982 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുളള യുഡിഎഫ് ഭൂരിപക്ഷം (140 ൽ 77) നേടിയതിനെ തുടർന്നു കെ.കരുണാകരൻ 1982 മേയ് 24 നു വീണ്ടും മുഖ്യമന്ത്രിയായി. എ.കെ.ആന്റണിയും കെ.എം.മാണിയും യുഡിഎഫിൽ തിരിച്ചെത്തിയ ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. 82 ൽ തന്നെ ആന്റണി വിഭാഗം കോൺഗ്രസ് ഐയിൽ ലയിക്കുകയും ചെയ്തു. ഭരണസ്ഥിരതയുടെ കാലമായിരുന്നു പിന്നീട്. 1982 നു ശേഷം കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഉണ്ടായിട്ടില്ല. കാലാവധി പൂർത്തിയാക്കിയ കരുണാകരൻ മന്ത്രിസഭ 1987 മാർച്ച് 26 വരെ 1767 ദിവസം അധികാരത്തിലിരുന്നു.
∙ 8–ാം തിരഞ്ഞെടുപ്പ്: 1987 (എൽഡിഎഫ്)
1987 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം തിരികെ പിടിച്ചു (140 ൽ 78). കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി മുഖ്യമന്ത്രി എന്ന മുദ്രാവാക്യം സിപിഎം പ്രവർത്തകർ ആവേശത്തോടെ വിളിച്ച തിരഞ്ഞെടുപ്പിൽ പക്ഷേ മുഖ്യമന്ത്രിയായത് ഇ.കെ.നായനാർ. 1987 മാർച്ച് 26 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. 20 അംഗ മന്ത്രിസഭ. ഗൗരിയമ്മ വ്യവസായ മന്ത്രിയായി. പുതുതായി നിലവിൽ വന്ന ജില്ലാ കൗൺസിലുകളിലേക്ക് (ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത്) നടന്ന തിരഞ്ഞെടുപ്പിൽ 13 ജില്ലകളിലും വൻവിജയം നേടിയ ഇടതുമുന്നണി അമിത ആത്മവിശ്വാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം സ്വപ്നം കണ്ടു. ഒരു വർഷം കാലാവധി ബാക്കി നിൽക്കേ മന്ത്രിസഭയുടെ ശുപാർശയെ തുടർന്ന് 1991 എപ്രിൽ അഞ്ചിനു ഗവർണർ നിയമസഭ പിരിച്ചുവിട്ടു. തുടർന്ന് തിരഞ്ഞെടുപ്പ് നടന്നു. ഇതോടൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പുമുണ്ടായിരുന്നു.
∙ 9–ാം തിരഞ്ഞെടുപ്പ്: 1991 (യുഡിഎഫ്)
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ തമിഴ്പുലികൾ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോടെ രാഷ്ട്രീയസ്ഥിതി ആകെ മാറി. സഹതാപ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫാണ് ഭൂരിപക്ഷം നേടിയത്. (യുഡിഎഫ് 92, എൽഡിഎഫ് 48). 1991 ജൂൺ 24ന് കെ.കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായി.
മാലിയിൽനിന്നെത്തിയ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ വനിതകൾ പെൺകെണിയൊരുക്കി ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചു. ഈ കേസിൽ ഐജി രമൺ ശ്രീവാസ്തവയുടെ പേരും ഉയർന്നു വന്നു. ശ്രീവാസ്തവയെ പ്രതിയാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയെങ്കിലും വിധിന്യായത്തിലെ ചില പരാമർശങ്ങളെ തുടർന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ശ്രീവാസ്തവയെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണം കെ.കരുണാകരനു നേരേ ഉയർന്നു. കോൺഗ്രസ് എ ഗ്രൂപ്പും പ്രതിപക്ഷത്തോടൊപ്പം കരുണാകരനെതിരെ തിരിഞ്ഞു.
കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരം 1995 മാർച്ച് 16നു കരുണാകരൻ രാജിവച്ച്, കേന്ദ്രത്തിൽ നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായമന്ത്രിയായി. തുടർന്ന് എ.കെ.ആന്റണി 1995 മാർച്ച് 22 നു മുഖ്യമന്ത്രിയായി. 1996 മേയ് ഒൻപതുവരെ ഈ മന്ത്രിസഭ തുടർന്നു. (ചാരക്കേസിന് അടിസ്ഥാനമില്ലെന്നു പിന്നീട് തെളിഞ്ഞു. ശ്രീവാസ്തവയെ സർവീസിൽ തിരിച്ചെടുത്തു, അദ്ദേഹം പിന്നീട് കേരളത്തിൽ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപിയായി. വിരമിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേഷ്ടാവുമായി. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനായിരുന്നു കേസിലെ മുഖ്യപ്രതികളിലൊരാൾ. സർക്കാർ അദ്ദേഹത്തിനു വൻതുക നഷ്ടപരിഹാരം നൽകേണ്ടിവന്നു.)
∙ 10–ാം തിരഞ്ഞെടുപ്പ്: 1996 (എൽഡിഎഫ്)
1996 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരം പിടിച്ചു (140 ൽ 80). 1996 മേയ് 20 ന് ഇ.കെ.നായനാർ വീണ്ടും മുഖ്യമന്ത്രിയായി. 20 മന്ത്രിമാരാണുണ്ടായിരുന്നത്. ഇത്തവണ 1823 ദിവസം അദ്ദേഹം മുഖ്യമന്തിസ്‌ഥാനത്തു തുടർന്നു. കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ സിപിഎം മുഖ്യമന്ത്രിയാണു നായനാർ.
∙ 11–ാം തിരഞ്ഞെടുപ്പ്: 2001 (യുഡിഎഫ്)
നിയമസഭയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് 2001 മേയ് 10 നു വീണ്ടും തിരഞ്ഞെടുപ്പ്. എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ് 99 സീറ്റ് നേടി അധികാരത്തിലേറി. ആന്റണി മേയ് 17നു മൂന്നാം തവണ മുഖ്യമന്ത്രിയായി. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കെ.മുരളീധരൻ ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. എന്നാൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ എ.സി.മൊയ്തീനോട് പരാജയപ്പെട്ടതിനെത്തുടർന്നു രാജിവച്ചു.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ വൻപരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആന്റണി 2004 ഓഗസ്‌റ്റ് 29നു രാജിവച്ചു. തുടർന്നു കോൺഗ്രസിലെ ഉമ്മൻ ചാണ്ടി ഓഗസ്‌റ്റ് 31നു മുഖ്യമന്ത്രിയായി. 2006 മേയ് അഞ്ചുവരെ ഉമ്മൻ ചാണ്ടി തുടർന്നു. (പരമ്പര തുടരും)
Content Highlights: Kerala Assembly Election 2021, Kerala Assembly Election History, CPM, CPI, LDF, UDF, Congress, Kerala Congress, IUML