ADVERTISEMENT

യാങ്കൂൺ ∙ എത്രയും വേഗം ഭരണം രാഷ്ട്രീയ നേതൃത്വത്തെ തിരികെ ഏൽപിക്കണമെന്നും തടവിലാക്കിയ നേതാക്കളെ വിട്ടയ്ക്കണമെന്നുള്ള യുഎസ് മുന്നറിയിപ്പിന് ആയുധബലത്തിലൂടെ മറുപടി നൽകുകയാണ് ബർമീസ് സൈന്യം. രാജ്യതലസ്ഥാനമായ നെയ്പീതോയിലാണു ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി (75) യെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നു റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും സൈന്യം മൗനം പാലിക്കുകയാണ്. രാജ്യം പൂർണമായും പട്ടാള നിയന്ത്രണത്തിലാണെന്നു റിപ്പോർട്ടുകൾ. ഓങ് സാൻ സൂ ചി എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു തരത്തിലുള്ള സൂചനയും ലഭ്യമല്ല.

ഓങ് സാൻ സൂ ചിയുടെ മോചനത്തിനായി ഐക്യരാഷ്ട്ര സംഘടനയും ലോകരാഷ്ട്രങ്ങളും സമ്മർദം ചെലുത്തുമ്പോൾ രാജ്യത്ത് നിയന്ത്രണം കടുപ്പിക്കുകയാണ് സൈന്യം. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് (64) ഭരണം ഏറ്റെടുത്തതായി സൈനിക ടിവി ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. രോഹിൻഗ്യ മുസ്‌ലിംകൾക്കെതിരെ 2017 ൽ സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘന കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന മിൻ ഓങ് ലെയ്ങ്ങിന്റെ ഭരണത്തിൽ രോഹിൻഗ്യ മുസ്‌ലിംകളുടെ സുരക്ഷ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സംഘടനയും ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്.

മ്യാൻമറിൽ ദുരിത ജീവിതം നയിക്കുന്ന, അവശേഷിക്കുന്ന ആറു ലക്ഷത്തോളം വരുന്ന രോഹിൻഗ്യ മുസ്‌ലിംകളെ മിൻ ഓങ് ലെയ്ങ്ങിന്റെ കീഴിലുള്ള പട്ടാളഭരണം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക പങ്കുവച്ച് ഐക്യരാഷ്ട്ര സംഘടന രംഗത്തു വന്നു കഴിഞ്ഞു. 2017 ൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെത്തുടർന്ന് ഏഴു ലക്ഷത്തിലേറെ രോഹിൻഗ്യ മുസ്‌ലിംകളാണു പലായനം ചെയ്യേണ്ടിവന്നത്. ഈ നടപടിക്കു നേതൃത്വം നൽകിയതു ലെയ്ങ്ങായിരുന്നു. മ്യാൻമറിൽ അവശേഷിക്കുന്ന രോഹിൻഗ്യകളെ അഭയാർഥികളാക്കി മാറ്റുന്നതിന് പട്ടാള അട്ടിമറി കാരണമാകുമോയെന്ന് ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഭയപ്പെടുന്നു.

1200-min-aung-hlaing
യാങ്കൂണിലെ പരിപാടിയിൽ സംബന്ധിച്ച ശേഷം മടങ്ങുന്ന സായുധസേനാ മേധാവി മിൻ ഓങ് ലെയ്ങ്∙ ഫയൽ ചിത്രം: (Photo by Sai Aung MAIN / AFP)

മഹാത്മാഗാന്ധിയുടെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരി, ഏഷ്യയിലെ നെല്‍സന്‍ മണ്ടേല. ഇങ്ങനെയെല്ലാം വാഴ്ത്തപ്പെട്ട ഓങ് സാന്‍ സൂചി ഭരിക്കുമ്പോഴും മ്യാന്‍മറില്‍ നടന്നുവരുന്നതു വംശഹത്യയുടെ ഗണത്തില്‍പ്പെടുന്ന കൊടിയ അക്രമങ്ങളായിരുന്നു. 2017 ൽ റാഖൈനിൽ നടന്ന സൈനിക നീക്കത്തിൽ രോഹിൻഗ്യൻ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയും ആരോഗ്യ പരിചരണം നിഷേധിച്ച് വംശഹത്യയിലേക്കും തള്ളിവിട്ടിട്ടും മൗനം പാലിച്ച ഓങ് സാൻ സൂ ചിയുടെ നടപടി രാജ്യാന്തര സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു.

1200-burmese-general-burma
സായുധസേനാ മേധാവി മിൻ ഓങ് ലെയ്ങ് സൈനിക ആശുപത്രി സന്ദർശിച്ചപ്പോൾ∙ ഫയൽ ചിത്രം: (Photo by STR / MYANMAR ARMED FORCES / AFP)

ന്യൂനപക്ഷമായ രോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്കെതിരായ ഈ അക്രമങ്ങള്‍ നിര്‍ത്താന്‍ അടിയന്തര നടപടിയെടുക്കണമെന്നു രാജ്യാന്തര നീതിന്യായ കോടതി മ്യാന്‍മര്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലദേശിൽ ഉൾപ്പെടെ ഒരു ദശലക്ഷത്തോളം രോഹിൻഗ്യ മുസ്‌ലിംകൾ ഉണ്ടെന്നാണ് കണക്ക്. മ്യാൻമറിൽ മാത്രം ആറു ലക്ഷത്തോളം വരും.

1200-aung-san-suu-kyi-min-aung-hlaing
ഓങ് സാൻ സൂ ചി, മിൻ ഓങ് ലെയ്ങ്∙ ഫയൽ ചിത്രം (Photo by Ye Aung THU / POOL / AFP)

റാഖൈനിൽ മാത്രം 1.5 ലക്ഷം പേർ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് കോൺസ്ട്രേഷൻ ക്യാപുകളിൽ കുടുങ്ങി കിടക്കുകയാണെന്നും മിൻ ഓങ് ലെയ്ങ്ങിന്റെ വരവോടെ ഇവരുടെ കാര്യം കൂടുതൽ ദുരിതത്തിലേക്കു പോകുമെന്നും യുഎൻ വക്താവ് സ്റ്റെഫാൻ ദൊജാറിക് ചൂണ്ടിക്കാട്ടുന്നു. 15 അംഗ യുഎൻ രക്ഷാസമിതി വിഷയം ചർച്ച ചെയ്യുമെന്നും നടപടി കൈകൊള്ളുമെന്നും ദൊജാറിക് പറയുന്നു.

1200-myitkyina-kachin-state
മ്യാൻമറിലെ സൈനിക നടപടിക്കു ശേഷം കച്ചിനിൽ നിന്നുള്ള ദൃശ്യം. (Photo by STR / AFP)

അടിയന്തര സന്ദർഭങ്ങളിൽ‌ പ്രസിഡന്റിന്റെ അനുമതിയോടെ അധികാരം ഏറ്റെടുക്കാൻ സൈന്യത്തിനു ഭരണഘടന അനുമതി നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രസിഡന്റിനെ തടവിലാക്കിയാണു സൈന്യം അധികാരം ഏറ്റെടുത്തിരിക്കുന്നത്. അഞ്ചു പതിറ്റാണ്ടോളം പട്ടാളഭരണത്തിലായിരുന്ന മ്യാൻമറിൽ 2011ല്‍ ആണു ജനാധിപത്യ പ്രക്രിയ ആരംഭിച്ചത്.

1200-myitkyina-kachin
മ്യാൻമറിലെ സൈനിക നടപടിക്കു ശേഷം കച്ചിനിൽ നിന്നുള്ള ദൃശ്യം. (Photo by STR / AFP)

മുൻ ഭരണാധികാരി ജനറൽ ഓങ് സാനിന്റെ മകൾ ഓങ് സാൻ സൂ ചി നയിച്ച ജനമുന്നേറ്റത്തിന്റെ ഫലമായാണു ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്. എങ്കിലും ഭരണകാര്യങ്ങളിൽ സൈന്യത്തിനുള്ള കാര്യമായ പങ്ക് തുടർന്നുപോന്നു. 2011 മുതൽ സായുധാ സേനാ കമാൻഡറാണ് കരസേനാ മേധാവി കൂടിയായ മിൻ ഓങ് ലെയ്ങ്. താമസിയാതെ സൈന്യത്തിൽ നിന്നു വിരമിക്കുന്ന ലെയ്ങ്ങിനെ പുതിയ തിരഞ്ഞെടുപ്പു നടത്തി ഭരണതലപ്പത്തു നിലനിർത്താനാണു പട്ടാളത്തിന്റെ പദ്ധതി.

1200-military-yangon
മ്യാൻമറിലെ സൈനിക നടപടിക്കു ശേഷം യാങ്കൂണിലെ ക്ഷേത്രത്തിൽ നിന്നു പുറത്തു വരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥർ∙ (Photo by STR / AFP)

2019ൽ യുഎസ് ലെയ്ങ്ങിന്റെ യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. യുഎസ് സന്ദർശിക്കുന്നതിനും വിലക്കുണ്ട്. 2018ൽ ലെയ്ങ് അടക്കം ഡസനിലേറെ സൈനിക ഉദ്യോഗസ്ഥരെ ഫെയ്സ്ബുക് വിലക്കിയിരുന്നു. ലെയ്ങ്ങിന്റെ ട്വിറ്റർ അക്കൗണ്ടും വിലക്കിയിട്ടുണ്ട്. മ്യാൻമറിൽ പട്ടാളത്തിനുള്ള സ്വാധീനശക്തി തെളിയിക്കുന്നതായി തിങ്കളാഴ്ച പുലർച്ചെ നടന്ന അട്ടിമറി. 10 വർഷം പിന്നിടുന്ന ജനാധിപത്യ പരീക്ഷണങ്ങളെയാണു പട്ടാളം കശാപ്പു ചെയ്തത്.

English Summary: Military Coup In Myanmar: UN fears for Rohingya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com