നിപുൻ ചെറിയാൻ കൊച്ചിയിൽ വിഫോർ സ്ഥാനാർഥി: പ്രഖ്യാപനവുമായി പാർട്ടി
Mail This Article
കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിള്‍ പാര്‍ട്ടി. വിഫോർ കേരള ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൻ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥി. ഉദ്ഘാടനത്തിനു മുൻപേ വൈറ്റില പാലം തുറന്ന് കൊടുത്ത സംഭവത്തില്‍ അറസ്റ്റിലായി വിവാദ നായകനായ വ്യക്തിയാണ് നിപുൻ ചെറിയാന്‍.
വിഫോർ കൊച്ചി എന്ന പേരില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ കാഴ്ച വച്ച മികച്ച പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് വിഫോർ വളരെ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയിരിക്കുന്നത്. കൊച്ചി കോര്‍പറേഷനില്‍ ഇരുപതോളം ഡിവിഷനുകളില്‍ ജയപരാജയങ്ങള്‍ നിശ്ചയിച്ചത് പത്ത് ശതമാനത്തിലധികം വോട്ട് നേടിയ വിഫോർ കൊച്ചി ആയിരുന്നു.
കൊച്ചി മണ്ഡലത്തിന്‍റെ ഭാഗമായ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ പതിമൂന്ന് ശതമാനത്തിലധികം വോട്ടാണ് സംഘടന നേടിയത്. ഈ സാഹചര്യത്തിലാണ് കൊച്ചി മണ്ഡലത്തില്‍ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് വിഫോർ പ്രഖ്യാപിച്ചിട്ടുണ്ട്. സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് കേരളമൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന വിഫോർ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Newly-formed V4Kochi field Nipun Cheriyan in assembly polls