ADVERTISEMENT

ന്യൂഡൽഹി∙ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. എന്തായാലും ഒക്ടോബറിനു മുൻപ് സമരം അവസാനിപ്പിക്കില്ല. നടപടി ഉണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി സംഘടിപ്പിക്കും. 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തുമെന്നും ടിക്കായത്ത് പറഞ്ഞു.

പ്രതിപക്ഷത്തിന് കർഷകരെ പിന്തുണയ്ക്കണമെങ്കിൽ അതു ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അതൊരിക്കലും രാഷ്ട്രീയവത്കരിക്കരുത്. രാഷ്ട്രീയ നേതാക്കൾ ഞങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നതിൽ ഒന്നും ചെയ്യാനാകില്ല. കർഷകരുടെ പ്രതിഷേധം ഒരിക്കലും രാഷ്ട്രീയമല്ല. ഒരു രാഷ്ട്രീയക്കാരനും വേദിയിൽ മൈക്കോ സ്ഥലമോ നൽകിയിട്ടില്ല. കർഷകർ ഗതാഗതം തടസ്സപ്പെടുത്തിയിട്ടില്ല. പൊലീസുകാർ ബാരിക്കേഡുകൾ സ്ഥാപിച്ചതോടെയാണ് ഗതാഗതം സ്തംഭിച്ചതെന്നും ടിക്കായത്ത് പറയുന്നു.

അതേസമയം, കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനു തീവ്രത കൂട്ടാൻ ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ഒന്നിലധികം ദിവസങ്ങൾ ബന്ദ് നടത്താനുമാണ് കർഷകരുടെ നീക്കം. ഡൽഹിയുടെ അതിർത്തി മേഖലകളിൽ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന കർഷകർക്കു നേരെ കേന്ദ്ര സർക്കാർ പിടിമുറുക്കിയതോടെയാണ്, ശക്തമായ നടപടികളിലേക്കു നീങ്ങാനുള്ള തീരുമാനമെടുത്തത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലടക്കമുള്ള ഗ്രാമങ്ങൾ സ്തംഭിപ്പിച്ച് കർഫ്യൂ ഏർപ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്ന് അഖിലേന്ത്യാ കർഷക സമര ഏകോപന സമിതി നേതാവ് പി. കൃഷ്ണപ്രസാദ് പറഞ്ഞു.

ഗ്രാമങ്ങളിലേക്ക് ആരെയും കടത്തിവിടാത്ത വിധം കർഷകർ നിലയുറപ്പിക്കും. ദേശീയപാതകൾ രാപകൽ ഉപരോധിക്കും. വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്ന തൊഴിലാളി യൂണിയനുകൾക്കു പിന്തുണയുമായി കർഷകരും പ്രകടനം നടത്തും. കേന്ദ്ര സർക്കാരിനെതിരെ ഇന്നു മുതൽ 10 വരെ ഗ്രാമങ്ങളിൽ കർഷകർ പ്രചാരണം നടത്തുമെന്നും അവര്‍ വ്യക്തമാക്കുന്നു.

English Summary: Farmer agitation will not end before October: Kisan leader Rakesh Tikait signals warning to govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com